X

ഫ്രാങ്കോയ്ക്കെതിരെ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കുമെന്ന് പൊലീസ്; സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ നിന്ന് കന്യാസ്ത്രീകള്‍ പിന്മാറി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തില്‍ തയറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചുവെന്നും ചൊവ്വാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കുറ്റപത്രം വൈകുന്നുവെന്നാരോപിച്ച് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ എറണാകുളത്ത് സംഘടിപ്പിക്കാനിരുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഇന്ന് രാവിലെ എറണാകുളത്ത് അടിയന്തിര യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനം. എന്നാല്‍ ഇന്ന് വൈകിട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ വിശദീകരണ യോഗം ചേരുമെന്നും പുതിയ നിലപാടുകള്‍ പ്രഖ്യാപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാമെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തില്‍ കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും. ചൊവ്വാഴ്ച്ചവരെ കാത്ത് നില്‍ക്കുമെന്നും വീണ്ടും വൈകുന്ന സാഹചര്യമുണ്ടായാല്‍ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങുമെന്നും സേവ് അവര്‍ സിസ്റ്റേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ജലന്തര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. 2017 ജൂണ്‍ 27നാണ് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പൊലീസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി. ഇതോടെ പ്രതിക്ക് സര്‍ക്കാരിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തൊട്ടുപിറകെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ പ്രത്യക്ഷ സമരം തുടങ്ങി.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെ ബിഷപ്പ് അനുകൂലികള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്തു വരികയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ നേരിട്ടുകണ്ട് കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

chandrika: