തിരുവനന്തപുരം: കാന്റീന്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത കേസില്‍ പി.സി.ജോര്‍ജ് എം.എല്‍.എയെ പ്രതിയാക്കി കുറ്റപത്രം. മ്യൂസിയം പൊലീസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം നല്‍കിയത്. എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ ഭക്ഷണം കൊണ്ടുവരാന്‍ വൈകിയെന്നാരോപിച്ച് കൈയ്യേറ്റംം ചെയ്തുവെന്നാണ് എം.എല്‍.എയ്ക്ക് എതിരായ പരാതി. കേസില്‍ പി.സി.ജോര്‍ജ് എം.എല്‍.എയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാന്റീന്‍ ജീവനക്കാരനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും തടഞ്ഞു വെക്കുകയും ചെയ്തുവെന്നാണ് എം.എല്‍.എയ്ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍.
2017 ഫെബ്രുവരി 27നായിരുന്നു സംഭവം. ഉച്ച ഭക്ഷണം മുറിയില്‍ എത്തിക്കാന്‍ വൈകിയെന്നാരോപിച്ചാണ് കാന്റീന്‍ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ പി.സി.ജോര്‍ജ് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. മര്‍ദ്ദനത്തില്‍ മനുവിന്റെ കണ്ണിനും ചുണ്ടിനും പരുക്കേറ്റിരുന്നു. മനു നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. സംഭവം ഏറെ വിവാദമായിരുന്നു.