X

കരിപ്പൂരില്‍ വിമാനം വൈകിയതിൽ ബഹളം; രണ്ടുയാത്രക്കാർ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അനിശ്ചിതമായി വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ. വിമാനത്താവളത്തിലെ പാസ്‌വേ ഉപരോധിച്ച സ്ത്രീകളെ മാറ്റാനുള്ള ശ്രമത്തിനിടെ ഒരു വ്യവസായ സുരക്ഷാ ഉദ്യോഗസ്ഥയ്ക്കു പരിക്കേറ്റു. ഇതേത്തുടർന്ന് രണ്ടുപേരെ വിമാനത്താവള സുരക്ഷാസേന അറസ്റ്റു ചെയ്ത് പോലീസിന് കൈമാറി. കണ്ണൂർ സ്വദേശി സൗദ (40), ഒഞ്ചിയം സ്വദേശി കദീജ (46) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് വിമാനത്താവളത്തിൽ പ്രശ്നങ്ങളുണ്ടായത്. ഇൻഡിഗോ എയറിന്റെ എട്ടുമണിക്കുള്ള കോഴിക്കോട് ബംഗളൂരു വിമാനത്തിലെ യാത്രക്കാരാണ് ബഹളംവെച്ചത്. വിമാനം ഒരു മണിക്കൂർ വൈകുമെന്നാണ് ഇൻഡിഗോ ആദ്യം അറിയിച്ചത്. എന്നാൽ ഇത് അനിശ്ചിതമായി നീണ്ടു. ഇതേസമയം ഇൻഡിഗോയുടെ തന്നെ 10.30-ന് പുറപ്പെടുന്ന മറ്റൊരുവിമാനത്തിന്റെ ചെക്ക് ഇൻ ആരംഭിച്ചു. വൈകിയ വിമാനത്തിൽ ഹൈദരാബാദിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കേണ്ട അഞ്ചു വിദ്യാർഥികളും അവരുടെ മാതാക്കളും ഉണ്ടായിരുന്നു. ബെംഗളൂരുവിൽനിന്ന് 12 മണിക്കുള്ള ഹൈദരാബാദ് കണക്‌ഷൻ വിമാനത്തിൽ പോകാനിരുന്നവരായിരുന്നു ഇവർ. എട്ടുമണിക്കുള്ള വിമാനം അനിശ്ചിതമായി വൈകുമെന്നറിഞ്ഞതോടെ ഇവർ ബഹളം വെക്കുകയും വിമാനത്താവള പാസ് വേ ഉപരോധിക്കുകയുംചെയ്‌തു.

10.30-നുള്ള വിമാനത്തിൽ സീറ്റ് അനുവദിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു സമരം. ബംഗളൂരുവിൽനിന്ന് വിദേശങ്ങളിലേക്ക് യാത്രചെയ്യാനുള്ളവർക്ക് വിമാനകമ്പനി 10.30-നുള്ള വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റി നൽകുകയുംചെയ്‌തു. അതോടെ പ്രതിഷേധം ശക്തമായി.

ഇതോടെ അധികൃതർ വിമാനത്താവള സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ സഹായം തേടി. പാസ് വേ ഉപരോധിച്ച സ്ത്രീകളെ ബലമായി മാറ്റാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് വീണു പരിക്കേറ്റത്. ബഹളംവെക്കുകയും വിമാനത്താവള പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്‌തു എന്ന കുറ്റം ചുമത്തി രണ്ട് സ്ത്രീകളെ സി. ഐ.എസ്.എഫ്‌. അറസ്റ്റ് ചെയ്‌ത് കരിപ്പൂർ പോലീസിന് കൈമാറി.

വിമാനം അനിശ്ചിതത്വത്തിലായതോടെ പലരും യാത്ര മുടക്കി തിരിച്ചുപോയി. ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനിരുന്ന വിദ്യാർത്ഥികളുടെ യാത്രയും മുടങ്ങി. വൈകീട്ട് മൂന്നു മണിയോടെയാണ് വിമാനം കോഴിക്കോട് വിട്ടത്.

webdesk14: