ന്യൂഡല്‍ഹി: പഞ്ചാബ് പൊളിറ്റിക്‌സ് ടിവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റും കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) സംഘടനയുമായി അടുപ്പം പുലര്‍ത്തുന്ന ചാനലിന്റെ വെബ്‌സൈറ്റ്, ആപ്പ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയാണ് പൂട്ടിച്ചത്. പഞ്ചാബിലെ ക്രമസമാധാനനില തകര്‍ക്കാനും മതസൗഹാര്‍ദത്തിന് ഭീഷണിയുയര്‍ത്തുന്നതുമാണ് ചാനലിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്.