കോഴിക്കോട്: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിഷേധം ഭയന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കറാച്ചി ഹോട്ടലിന്റെ പേര് മാറ്റി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പാകിസ്ഥാനിലെ പ്രധാന നഗരപ്രദേശമായ കറാച്ചി എന്ന പേര് ഹോട്ടലിനു നിലനിര്‍ത്തിയാല്‍ ഉണ്ടാവുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് റസ്റ്ററന്റിന്റെ പേര് ഉടമ മറച്ചത്.
കോഴിക്കോട് പൊറ്റമ്മലിലുള്ള കാലിക്കറ്റ്-കറാച്ചി ദര്‍ബാര്‍ റസ്റ്ററന്റിലെ കറാച്ചി വിഭവങ്ങളുടെ രുചി വൈവിധ്യമാണ് ഹോട്ടലിന്റെ പ്രത്യേകത. അതിന്റെ അടിസ്ഥാനത്തിലാണ് പേരില്‍ കറാച്ചി എന്ന് ഉള്‍പ്പെടുത്തിയത്.
ദുബായിയിലെ പ്രശസ്തമായ കറാച്ചി ദര്‍ബാര്‍ ഹോട്ടലിന്റെ മാതൃക പിന്‍പറ്റിയാണ് ഉടമ കോഴിക്കോട്ടെ ഹോട്ടല്‍ തുടങ്ങിയത്. രണ്ട് ശാഖകളാണ് നഗരത്തില്‍ കോഴിക്കോട് കറാച്ചി ഹോട്ടലിനുള്ളത്. വൈകുന്നേരം മുതല്‍ രാത്രി വരെ കോഴിക്കോട് ബീച്ചിലും പൊറ്റമ്മലിലുമായാണ് ഇവ രണ്ടും പ്രവര്‍ത്തിക്കുന്നത്.
സ്ഥിരമായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്ന ചിലരാണ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോട്ടലിന്റെ പേരിലെ അനൗചിത്യത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. ഇതോടെ ബോര്‍ഡിലെ കറാച്ചി എന്ന ഭാഗം നീക്കം ചെയ്യുകയായിരുന്നു. ആരുടെയെങ്കിലും ഭാഗത്ത് നിന്നുള്ള ഭീഷണിയുണ്ടായിട്ടില്ലെന്ന് ഉടമ ജംഷി പറഞ്ഞു.
ഇന്ത്യ പാകിസ്ഥാന്‍ പോര് രൂക്ഷമായതിനു പിന്നാലെ ഹൈദരാബാദിലും ബംഗളൂരുവിലുമുള്ള കറാച്ചി ബേക്കറികള്‍ക്കു നേരെ പ്രതിഷേധം ഉണ്ടായിരുന്നു.അതേ തുടര്‍ന്ന് ഇവിടെ ബേക്കറികളുടെ പേരു മാറ്റിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കറാച്ചി എന്ന പേര് മാറ്റിയതെന്ന് ജംഷി പറഞ്ഞു.