സൈനുദ്ദീന്‍ കണ്ണാടിപ്പറമ്പ
സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ആരംഭിച്ചിരിക്കെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത് 75 വയസ് മാനദണ്ഡം നടപ്പാക്കുമ്പോള്‍ ആരെല്ലാം പുറത്ത് പോകുമെന്നാണ്. കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍ പിള്ള, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍, വൈക്കം വിശ്വം എന്നിവരാണ് 75 വയസ് പിന്നിട്ടത്.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഈ മാനദണ്ഡം ബാധിക്കില്ലെന്ന് ഉറപ്പാണ്. കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന ലഭിക്കുമെന്നുറപ്പാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ആരുമുണ്ടാവില്ല.
ഇപ്പോള്‍ അഭിപ്രയങ്ങള്‍ പ്രകടിപ്പിച്ചു പാവം വിമതരുടെ ഉള്ളിലിരിപ്പ് പുറത്ത് കൊണ്ട് വന്ന് പാര്‍ട്ടിയിലെ ‘വിമത ശക്തി’ എത്രത്തോളമുണ്ടന്നു കണ്ടുപിടിക്കും. എന്നിട്ട് അവരെ ഒഴിവാക്കും. പൊലീസിന്റെ നിഷ്‌ക്രിയത്വവും ആഭ്യന്തര വകുപ്പിന്റെ കഴിവ്‌കേടും കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയുള്ള എല്ലാ ലോക്കല്‍ ബ്രാഞ്ചു സമ്മേളനങ്ങളിലും നിശിതമായി വിമര്‍ശിച്ചു. എന്നിട്ടെന്തായി? ഒരു മാറ്റവും ഉണ്ടായില്ല. ‘ചങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെ’ വിമര്‍ശം ഉന്നയിച്ച വിദ്വാന്മാരെയല്ലാം ഒതുക്കി. ഇപ്പോള്‍ 75 വയസ് എന്ന ഒരു വാള് തൂക്കിയിട്ടിയിരിക്കുകയാണ്. കുറെ എണ്ണത്തിന്റെ കഴുത്തില്‍ അത് പതിക്കും. അല്ല പതിപ്പിക്കും. അതോടെ നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന രീതിയില്‍ നില്‍ക്കുന്ന കുറെ പേര്‍ ഒഴിവാകും. അതോടെ എല്ലാ രീതിയിലും ഒരു ക്ലീനിങ്. അതാണ് സമ്മേളനം.
കണ്ണൂര്‍ ലോബിയില്‍ ഒരു കാലത്ത് തങ്ങളുടെ കൂടെനിന്നവര്‍ കളം മാറിയാലും പിടിച്ചുനില്‍ക്കാന്‍ കൃത്യമായ പദ്ധതി പിണറായും കോടിയേരിയും നടപ്പാക്കും. വി. എസ് അച്യുതാനന്ദനെ പോലുള്ള ദേശീയതലത്തില്‍ സ്വധീനമുള്ള നേതാക്കള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും ചെയ്യാന്‍ ആകാതെ കേരളത്തിലെ സി.പി.എമ്മിനെ കണ്ണൂര്‍ ലോബിയുടെ വരുതിയില്‍ നിര്‍ത്താന്‍ പിണറായി പക്ഷത്തിനു സാധിച്ചത് മുന്‍നിര നേതാക്കളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ പിണറായിക്കും കോടിയേരിക്കും പാര്‍ട്ടിയില്‍ സ്വാധീനമുണ്ടങ്കിലും കണ്ണൂര്‍ ലോബിയിലെ പലരും ഇപ്പോള്‍ ഇവര്‍ക്ക് അനഭിമതരാണ്. കേരളത്തിന് പുറത്ത് സി.പി.എം പൂര്‍ണമായും നിഷ്പ്രഭമായ സാഹചര്യത്തില്‍ പിണറായിയെ അനുകൂലിക്കുക മാത്രമേ യച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സാധിക്കുകയുള്ളു. പിണറായി പക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നതും ഇതേ ഘടകം തന്നെയാണ്.
കൂടെ നില്‍ക്കുന്നവര്‍ക്ക് വാരിക്കോരിയല്ലെങ്കിലും എന്തങ്കിലും കൊടുക്കും. അങ്ങിനെ ഒഴിവാക്കലിലൂടെ, ഭീഷണിയിയിലൂടെ, സമര്‍ദ്ദത്തിലൂടെ എല്ലാവരുടെയും ശക്തി ക്ഷയിപ്പിച്ചു നിര്‍ഗുണരും നിര്‍ദ്ദോഷകരും ആക്കുക. എന്നിട്ട് അനിഷേധ്യ നേതാവായി തുടരുക. അതാണ് നടക്കാന്‍ പോകുന്നത്.