മുംബൈ: മൂന്ന് മല്‍സരങ്ങള്‍. മൂന്നിലും ആദ്യ പന്തില്‍ തന്നെ പുറത്ത്. അതായത് രാജ്യത്തിന്റെ ജഴ്‌സിയില്‍ മൂന്ന് കളികളിലെ സമ്പാദ്യം വട്ടപ്പൂജ്യം. എന്നിട്ടും സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സുരക്ഷിതനാണ്… ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിന്തുണ, കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്തുണ, മുംബൈക്കാരുടെ പിന്തുണ. ഏകദിന ലോകകപ്പ് നാളുകള്‍ സമാഗതമാകവെ അദ്ദേഹം ദേശീയ ടീമിലുണ്ടാവുമെന്ന ഉറപ്പ് നല്‍കുന്നത് ക്യാപ്റ്റനും കോച്ചും ഉള്‍പ്പെടുന്ന ടീം മാനേജ്‌മെന്റ്് തന്നെ.
ലഭിക്കുന്ന അവസരങ്ങളെ മനോഹരമായി പ്രയോജനപ്പെടുത്തുന്ന സഞ്ജു സാംസണിനെ പോലുളള താരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ദയനീയ പ്രകടനത്തിലും ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സൂര്യകുമാറിന് കഴിയുന്നത്. ടി-20 ക്രിക്കറ്റിലെ മികവില്‍ ഏകദിന ടീമിലും പിറകെ ടെസ്റ്റ് ടീമിലുമെത്തിയ സുര്യകുമാര്‍ ഓസ്‌ട്രേലിയന്‍ ബൗളിംഗിനെതിരെ വലിയ നിരാശയായിരുന്നു. രണ്ട് മല്‍സരങ്ങളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്വിംഗ് ചെയ്ത പന്തുകളാണ് സുര്യകുമാറിന്റെ പാഡില്‍ പതിച്ചതെങ്കില്‍ നിര്‍ണായകമായ ചെന്നൈ ഏകദിനത്തില്‍ സ്പിന്നര്‍ ആഷ്ടണ്‍ ആഗറിന്റെ പന്തും ഇത് പോലെ പാഡില്‍ പതിച്ചു. മല്‍സരത്തില്‍ ഇന്ത്യ 21 റണ്‍സിന് തകര്‍ന്നു.
ഓസ്‌ട്രേലിയയെ പോലെ വലിയ പ്രതിയോഗികള്‍ക്കെതിരെ ഒരു ബാറ്റര്‍ നിരന്തരം പരാജയമായിട്ടും അദ്ദേഹത്തിനെതിരെ സംസാരിക്കാന്‍ ആരുമില്ല. നിശിത വിമര്‍ശകനായ സുനില്‍ ഗവാസ്‌ക്കറോ, രവിശാസ്ത്രിയോ ഒരക്ഷരം പറഞ്ഞിട്ടില്ല. സുര്യകുമാറിന് പകരം സഞ്ജുവിന് അവസരം നല്‍കണമെന്ന് ആകെ പറഞ്ഞത് ഒരാള്‍ മാത്രം-മുംബൈയുടെ പഴയ ഓപ്പണറായ വസീംജാഫര്‍. പാദചലനങ്ങളില്‍ പതറുന്ന സുര്യകുമാറിന് ബ്രേക്ക് നല്‍കണമെന്നും അദ്ദേഹത്തെക്കാള്‍ ബാറ്റിംഗ് ശരാശരിയുളള സഞ്ജുവിന് അവസരം നല്‍കണമെന്നും ജാഫര്‍ പറഞ്ഞപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിലയിരുത്തല്‍ കഠിനമാണ്- ഒരു പരമ്പരയിലെ പതര്‍ച്ച പരിഗണിച്ച് ഒരു താരത്തെ വിലയിരുത്തരുതെന്നാണ് ചെന്നൈ മല്‍സരത്തിന് ശേഷവും അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുമ്പായി ഇന്ത്യക്കിനി കാര്യമായി ഒരു ഏകദിന പരമ്പര മാത്രമാണുള്ളത്.
വിന്‍ഡീസിനെതിരെ ഓഗസ്റ്റില്‍. ആ പരമ്പരയില്‍ ലോകകപ്പ്് സാധ്യതാ സംഘത്തിന് മാത്രമായിരിക്കും അവസരമെന്നിരിക്കെ വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ മാത്രമാണ് സഞ്ജുവിന് പ്രതീക്ഷ. രാജസ്ഥാന്‍ റോയല്‍സ് സംഘത്തെ അദ്ദേഹമാണ് നയിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ പരുക്കിന്റെ കാലമാണിപ്പോള്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ശ്രേയാംസ് അയ്യര്‍, ജസ്പ്രീത് ബുംറ, പ്രസീത് കൃഷ്ണ, റിഷാഭ് പന്ത് തുടങ്ങിയവരെല്ലാം പല വിധ പ്രയാസങ്ങളില്‍ പുറത്താണ്. പക്ഷേ ഓസ്‌ട്രേലിക്കെതിരായ പരമ്പരയില്‍ പകരക്കാരെ ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. അയ്യര്‍ പുറത്തായത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ്. അദ്ദേഹം ഏകദിന സംഘത്തിലുമുണ്ടായിരുന്നു. അവിടെയും കളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സഞ്ജു, ദിപക് ഹുദ, രജത് പടിദാര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും അവസരം ലഭിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ സുര്യകുമാറില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് പകരക്കാരെ ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഉറച്ച സ്ഥാനമുണ്ടായിട്ടും സഞ്ജു അവഗണിക്കപ്പെടുകയാണ്.