പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ മതംമാറ്റമെന്നും അതിന്റെ പേരില്‍ നുണക്കഥകള്‍ പ്രചരിപ്പിച്ച് വിദ്വേഷമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ആയിഷയായി മാറിയ തൃശൂര്‍ ചേറ്റുപുഴ സ്വദേശി ആതിര മോഹന്‍.
ജിദ്ദയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകളാണ് തനിക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു. ഇതില്‍ യാതൊരു വാസ്തവവും ഇല്ല. തന്റെ മുന്‍ഭര്‍ത്താവ് ബെന്നി ആന്റണി പൊലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതിയില്‍ പറയുന്നതെല്ലാം നുണയാണ്.
2013ല്‍ പ്രണയവിവാഹം നടത്തിയെങ്കിലും അതിന് ശേഷം ഇയാള്‍ നിരന്തരമായി എന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ചു വീട്ടില്‍ വന്ന് നിരന്തരം മര്‍ദിക്കുമായിരുന്നു. ഇത് സഹിക്കവയ്യാതെയാണ് താന്‍ സൗദിയില്‍ ജോലി തേടിയെത്തിയത്. ജിദ്ദയിലെത്തിയ ശേഷവും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഇയാള്‍ക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഇയാള്‍ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും ഈ പണം ധൂര്‍ത്തടിക്കുകയായിരുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാന്‍ തയാറായില്ല. അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തില്‍ അല്ല.
രണ്ടുവര്‍ഷത്തില്‍ ഏറെയായി ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാള്‍ വിട്ടു തരാത്തതാണ്. ഞാന്‍ വേണ്ടെന്ന് വെച്ചതല്ല. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചത്. ഞാന്‍ വിവാഹമോചനത്തിന് നോട്ടീസ് അയച്ചിട്ട് കുറേ ആയി. അതിന്റെ നടപടികള്‍ നടന്നുവരികയാണ്.
ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും എന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ മതം മാറാന്‍ തീരുമാനിച്ചത്. ഇതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഞാന്‍ ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക്ക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു പങ്കുമില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. ചില സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അധികൃതര്‍ക്ക് ഏതെങ്കിലും തരത്തില്‍ മനസറിവുപോലുമുള്ള കാര്യമല്ല ഇതെന്നും ആയിഷ പറഞ്ഞു.
ബെന്നി ആന്റണി ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞത് മുഴുവനും കളവാണ്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മറ്റും പ്രചരിപ്പിച്ച് തന്നെ കരിവാരിത്തേക്കാന്‍ ഇയാള്‍ ശ്രമിക്കുകയാണ്. ഞാന്‍ ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. റാബിഖ് എന്ന സ്ഥലത്ത് വെച്ചാണ് മതം മാറിയത്. ഇസ്ലാമിനെ കുറിച്ച് പഠിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ മാറിയതെന്നും ആയിഷ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിനെതിരെ വളരെ മോശമായാണ് ബെന്നി ദുഷ്പ്രചാരണം നടത്തുന്നത്. ജോലി ചെയ്തിരുന്ന ആശുപത്രിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ബെന്നിയും കൂട്ടരും ആശുപത്രിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. പൊലീസില്‍ കൊടുത്ത പരാതിയില്‍ ആശുപത്രി അധികൃതര്‍ തന്റെ ഭാര്യയെ അനാവശ്യമായി ഉപദ്രവിച്ചു, ദുരുപയോഗം ചെയ്തു തുടങ്ങിയ നുണകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം പൂര്‍ണമായും തെറ്റാണെന്നും നിഷേധിക്കുന്നുവെന്നും ആയിഷ പറഞ്ഞു.