ന്യൂഡല്‍ഹി: മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായതോടെ രാജസ്ഥാനില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം.കോണ്‍ഗ്രസ് അധ്യക്ഷ പദവിക്കൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തിലും ഗെഹ്‌ലോട്ട് തുടരുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായേക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പുതിയ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നാണ് വിവരം. സച്ചിന്‍ പൈലറ്റിനൊപ്പം ഗെഹ്‌ലോട്ടിന്റെ തന്നെ വിശ്വസ്തരില്‍ ചിലരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതിനിടെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ വിമുഖത കാട്ടി എണ്‍പതോളം എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ സ്പീക്കര്‍ സി.പി.ജോഷിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗെഹ്‌ലോട്ടിന്റെ വസതിയില്‍ നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനിരിക്കെയാണ് പുതിയ നീക്കം.
ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായിയും എംഎല്‍എയുമായ ശാന്തി ധരവാളിന്റെ വസതിയില്‍ ചില എംഎല്‍എമാര്‍ ഇന്നലെ വൈകിട്ട് യോഗം ചേര്‍ന്നിരുന്നു. 2020ല്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ 18 വിശ്വസ്തരും ചേര്‍ന്ന് വിമതനീക്കം നടത്തിയപ്പോള്‍ സര്‍ക്കാരിനെ പിന്തുണച്ച 102 എംഎല്‍എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെഹ്‌ലോട്ട് പക്ഷത്തെ എണ്‍പതോളം എംഎല്‍എമാര്‍ ഐകകണ്ഠമായി പ്രമേയം പാസാക്കിയതായാണ് റിപ്പോര്‍ട്ട്. എഐസിസി നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമസഭകക്ഷി യോഗവും ചേരുന്നുണ്ട്.