ന്യൂഡല്‍ഹി: തനിക്കെതിരായ നികുതി വെട്ടിപ്പ് കേസിലെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റാനുള്ള വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മന്ത്രി സത്യേന്ദര്‍ ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടരേറ്റ് അന്വേഷിക്കുന്ന കേസിലെ വിചാരണ മാറ്റാനുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവില്‍ പ്രഥമദൃഷ്ട്യാ അപാതകള്‍ ഒന്നും ഇല്ലെന്നും ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
സ്‌പെഷ്യല്‍ ജഡ്ജ് ഗീതാഞ്ജലി ഗോയലിന്റെ കോടതിയില്‍ നിന്ന് സ്‌പെഷ്യല്‍ ജഡ്ജ് വികാസ് ധുലിന്റെ കോടതിയിലേക്ക് കേസ് മാറ്റിക്കൊണ്ട് സെപ്തംബര്‍ 23നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് വിനയ് കുമാര്‍ ഗുപ്ത ഉത്തരവിട്ടത്. അന്വേഷണ ഏജന്‍സിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. സത്യസന്ധവും നിഷ്പക്ഷവുമായ വിചാരണ നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഏജന്‍സി കോടതി മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നത്.