ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു.
അതേസമയം, നരണിപ്പുഴയില്‍ ആറു പേരുടെ ജീവന്‍ കവര്‍ന്ന അപകടത്തിന് കാരണമായത് തോണിയിലുണ്ടായ ചെറിയ വിള്ളലാണെന്ന് തോണിക്കാരന്‍ പോലീസിന് മൊഴി നല്‍കി. വിള്ളലില്‍ കൂടി വെള്ളം അകത്തേക്കു കയറുകയായിരുന്നു. ചെറിയ തോണിയില്‍ പരിധിയില്‍ കൂടുതലായി ആളുകള്‍ കയറിയതും ദുരിതം വലുത്താക്കി.
അതേസമയം അപകടത്തിന്റെ നടുക്കത്തില്‍നിന്നും മോചിതനാവാതെ തോണിക്കാരനായ വേലായുധന്‍ മാനസികസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ആസ്പത്രി വൃത്തങ്ങള്‍ അറയിച്ചു.
സാധാരണയായി മത്സ്യ ബന്ധനത്തിനുപയോഗിക്കുന്ന ചെറിയ തോണിയില്‍ ഒമ്പത് പേരാണ് കയറിയിരുന്നത്. വര്‍ഷങ്ങളായി തോണി തുഴയുകയും മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന വേലായുധനെ സംബന്ധിച്ചിടത്തോളം തോണി തുഴയല്‍ ഒരു വെല്ലുവിളിയായിരുന്നില്ല. തോണിയിലുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെ വെള്ളം കയറിയപ്പോള്‍ കുട്ടികള്‍ പരിഭ്രാന്തരാവുകയും തോണി മറിയുകയുമായിരുന്നുവെന്ന് അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ഫാത്തിമ പറഞ്ഞു. കരയില്‍ നിന്നും 150 മീറ്ററോളം അകലെ വെച്ചായിരുന്നു അപകടം.