X

ചന്ദ്രികയുടെ നിലാവ്-കമാല്‍ വരദൂര്‍

നിലാവായിരുന്നു അദ്ദേഹം-ചന്ദ്രികയുടെ പൂനിലാവ്. നിലാവ് പരക്കുമ്പോള്‍ അമിതമായ പ്രകാശ പ്രവാഹമുണ്ടാവില്ല-പതുക്കെ പരന്ന് പിന്നെ അത് പ്രവാഹമാവും. ആ പ്രവാഹ പ്രസരിപ്പില്‍ പിന്നെ എല്ലാവരും പ്രകാശമായി മാറും. ഹൈദരലി ശിഹാബ് തങ്ങള്‍ ഞങ്ങളുടെ നിലാവായിരുന്നു. ആ മന്ദഹാസത്തിന്റെ തൂവെള്ള തണലില്‍ ഞങ്ങള്‍ സംരക്ഷിതരായിരുന്നു. അദ്ദേഹം കേള്‍ക്കാറുളളത് പരാതികളും പരിഭവങ്ങളുമായിരുന്നെങ്കില്‍ ചന്ദ്രികയിലെത്തുമ്പോള്‍ പത്രത്തിന്റെ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രം.

കുഞ്ഞുനാള്‍ മുതല്‍ ബാപ്പ വായിച്ചുകേള്‍പ്പിച്ചു തന്ന പത്രം എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നെങ്കില്‍ ചന്ദ്രികക്കെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമായിരുന്നു തണല്‍. പാണക്കാട്ട് നിന്നും കോഴിക്കോട്ടെ വരുന്ന വേളകളില്‍ ചന്ദ്രികയിലൊന്ന് കയറി എല്ലാവരെയും കണ്ട് പതിഞ്ഞ് സ്വരത്തില്‍ ദുഅ ചെയ്ത് മടങ്ങുമ്പോള്‍ അത് നല്‍കുന്ന പ്രസരിപ്പായിരുന്നു ജീവനക്കാരുടെ ഊര്‍ജ്ജം. മാനേജിംഗ് ഡയരക്ടര്‍ എന്ന് അദ്ദേഹത്തെയാരും വിളിച്ചിരുന്നില്ല. അത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുമില്ല. ആറ്റാക്ക-ആ പേരിലായിരുന്നു എല്ലാവര്‍ക്കുമിടയിലെന്ന പോലെ ഞങ്ങള്‍ക്കിടയിലും അദ്ദേഹം. എം.എം സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം സ്‌ക്കൂള്‍ ടീമിന്റെ ഫുട്‌ബോള്‍ ടീമിലുണ്ടായിരുന്നു. അന്ന് ഗോള്‍ക്കീപ്പറായിരുന്നു ഞാന്‍ എന്ന് പറയുമ്പോള്‍ ആ മുഖത്ത് കണ്ടിരുന്ന കൃസൃതി ചിരിയില്‍ പോലുമുണ്ടായിരുന്നു ലാളിത്യം. ഫുട്‌ബോള്‍ വാര്‍ത്തകളും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. കായിക യാത്രകള്‍ക്കായി എവിടെ പോവുമ്പോഴും അദ്ദേഹത്തെ കണ്ട് അനുമതി തേടുക എന്നത് പ്രധാനമായിരുന്നു. 2010 ല്‍ ചൈനയില്‍ ഏഷ്യന്‍ ഗെയിംസിന് പോയ വേളയില്‍ ഗോഞ്ചുവില്‍ അബു വഖാസ് (റ) ഖബറിടത്തെക്കുറിച്ചും ചൈനയിലെ ജുമുഅ നമസ്‌ക്കാരത്തെക്കുറിച്ചും എഴുതിയിരുന്നു. അവിടെ നിന്നും തിരികെ വന്ന് കുറച്ച് ദിവസം കഴിഞ്ഞ് ചന്ദ്രികയില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹം ആ അനുഭവക്കുറിപ്പിനെക്കുറിച്ച് വിശദമായി ചോദിച്ചു.

ബ്രസീല്‍ ലോകകപ്പിന് പോവുന്നതിന് മുമ്പ് അദ്ദേഹത്തെ കാണാന്‍ പാണക്കാട്ട് പോയപ്പോള്‍ ചിരിയോടെ പറഞ്ഞ കാര്യം മറക്കാനാവുന്നില്ല- വേറെ ലോകമാണ്, ശ്രദ്ധിക്കണം, കളിക്കൊപ്പം അവിടുത്തെ വിശേഷങ്ങളും നന്നായി പറയണം….. പിന്നീട് ബ്രസീല്‍ ലോകകപ്പ് യാത്ര പുസ്തക രൂപമാക്കി ബ്രസീല്‍ ഒബ്രിഗാഥോ എന്ന പേരില്‍ ഡോ.എം.കെ മുനീറിന്റെ ഒലിവ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയപ്പോള്‍ അതിലൊരു കുറിപ്പും തന്നു അദ്ദേഹം. സംസാരമായിരുന്നില്ല ആറ്റാക്ക-സൗഹൃദ ലാളിത്യ സാമീപ്യമായിരുന്നു. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ നിര്‍ബന്ധ സാന്നിദ്ധ്യമുണ്ടാവാറുണ്ട് മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍. 1934 ല്‍ ആരംഭിച്ച പത്രത്തിന്റെ ആദ്യകാല ഷെയര്‍ ഹോള്‍ഡര്‍മാരും അവരുടെ പുതുതലമുറക്കാരും വരുമ്പോള്‍ അവരുടെ ആതിഥേയനായി ആറ്റാക്ക ഇരിക്കും. ഏത് തിരക്കിലും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കും. ചടങ്ങിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ കേട്ട കാര്യങ്ങളില്‍ ഉടന്‍ പരിഹാരത്തിന് നിര്‍ദ്ദേശിക്കും. ഇത്തരം ഒരു യോഗത്തില്‍ ഒരു വനിതയുണ്ടായിരുന്നു. അവരുടെ പിതാവിന്റെ ഷെയറിനെക്കുറിച്ചായിരുന്നു സംസാരം. സാധാരണ ഗതിയില്‍ തങ്ങള്‍ ഇരിക്കുമ്പോള്‍ ആരും കൂടുതല്‍ സമയം സംസാരിക്കില്ല. പക്ഷേ ആ വനിതയെ മുഴുവന്‍ സമയവും കേട്ട തങ്ങള്‍ അവരുടെ പരാതികള്‍ പരിഹരിക്കപ്പെടുമെന്ന ഉറപ്പും നല്‍കിയാണ് മടങ്ങിയത്. വാര്‍ത്തകളുടെ കാര്യത്തില്‍ അദ്ദേഹം ഇടപെടാറില്ല. നല്ല വാര്‍ത്തകള്‍ വായിച്ച് സ്‌നേഹത്തോടെ വിളിക്കും. അനുമോദിക്കും- അത് നന്നായി എന്ന ആ രണ്ട് വാക്ക് അനുമോദനം വലിയ അവാര്‍ഡിന് തുല്യമാണ്.

കോവിഡ് കാലത്ത്, ലോക്ഡൗണില്‍ നാട് നിശ്ചലമായ ഒരു ഞായറാഴ്ച്ച അദ്ദേഹത്തെ കാണാന്‍ സി.പി സൈതലവി, മുഹമ്മദ് നജീബ് ആലിങ്കല്‍ എന്നിവര്‍ക്കൊപ്പം പാണക്കാട് എത്തിയപ്പോള്‍ കൂറെയധികം സാസാരിച്ചു. ലോക്ഡൗണ്‍ കാരണം അന്ന് തങ്ങളെ കാണാന്‍ സന്ദര്‍ശകര്‍ കുറവായതിനാലാണ് ദീര്‍ഘ സംസാരത്തിന് അവസരം കിട്ടിയത്. സി.പി. സൈതലവിയുമായി തങ്ങള്‍ക്ക് വലിയ അടുപ്പമായിരുന്നു. ലോക്ഡൗണായതിനാല്‍ പരസ്യ വരുമാനം കുറഞ്ഞ നാളുകളായിരുന്നു അത്. ന്യൂസ് പ്രിന്റിനും നല്ല ക്ഷാമം. എട്ട് പേജുകളിലായി പത്രം പ്രസിദ്ധീകരിക്കുന്ന സമയം. സംസാരത്തിനിടയിലെല്ലാം അദ്ദേഹം ആവര്‍ത്തിച്ചത് ഒന്ന് മാത്രം-ഏത് പ്രയാസത്തിലും എല്ലാ ദിവസവും പത്രം ആളുകളിലെത്തിക്കണം. അതായിരുന്നു ആറ്റാക്കയുടെ ചന്ദ്രിക. ഒരു നാള്‍ പോലും ചന്ദ്രിക മുടങ്ങരുത്. വസതിയില്‍ എല്ലാ പത്രങ്ങളുമുണ്ട്. പക്ഷേ അദ്ദേഹത്തിന് സുബഹി നമസ്‌ക്കാരത്തിന് ശേഷം ആദ്യം ചന്ദ്രിക ലഭിക്കണം. അത് പൂര്‍ണമായും വായിക്കും.

അവസാനമായി അദ്ദേഹം ചന്ദ്രികയില്‍ വന്നത് കമ്പനിയുടെ ഒരു യോഗത്തിനായിരുന്നു. വളരെ നേരത്തെയെത്തിയ അദ്ദേഹത്തിനൊപ്പം പി.കെ.കെ ബാവക്കയുണ്ടായിരുന്നു. ഇരുവരുടെയും ആത്മബന്ധം വളരെ വലുതാണ്. പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും ബാവക്കയായതിനാല്‍ സംസാരം നീണ്ടു. ഇടക്ക് എന്നെ വിളിച്ചു. പിന്നെ സംസാരം പത്രത്തിന്റെ നിലവാരം ഉയര്‍ത്തുന്ന ചര്‍ച്ചകളിലെത്തി. പേജുകള്‍ വര്‍ധിപ്പിക്കണമെന്നും പത്രത്തിന്റെ പൊതു സ്വാഭാവം ഉയര്‍ത്തണമെന്നും സ്‌പോര്‍ട്‌സ് പോലെ തന്നെ വിദേശ വാര്‍ത്തകളും സംഘടനാ വാര്‍ത്തകളും നന്നായി വരണമെന്നും അദ്ദേഹം പറഞ്ഞു.

അനാരോഗ്യ നാളുകളിലും ആറ്റാക്കയുടെ മനസ്സ് നിറയെ ചന്ദ്രികയായിരുന്നു. ഈയിടെ അന്തരിച്ച ചന്ദ്രികയുടെ ഡയരക്ടര്‍ ഡോ.പി.എ ഇബ്രാഹീം ഹാജി തങ്ങളെ സന്ദര്‍ശിക്കാന്‍ പാണക്കാട് പോയിരുന്നു. ചന്ദ്രികയെ കൈ വിടരുത് എന്നായിരുന്നു ഇബ്രാഹിം ഹാജിയോട് തങ്ങള്‍ പറഞ്ഞത്. ഈ വാക്കുകള്‍ ഇബ്രാഹിം ഹാജിയെ വല്ലാതെ സ്വാധീനിച്ചു. അദ്ദേഹം ഉടന്‍ തന്നെ എന്നെ വിളിച്ച് പറഞ്ഞത് പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കണമെന്നായിരുന്നു. ഇക്കാര്യം ഇബ്രാഹീം ഹാജി പി.കെ കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചു. ഇരുവരും ദുബൈ സന്ദര്‍ശന വേളയില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ നിശ്ചയിച്ച വേളയിലാണ് ഇബ്രാഹീം ഹാജി അസുഖ ബാധിതനായും പിന്നീട് മരിച്ചതും. ഇക്കാര്യം ഇബ്രാഹീം ഹാജി മരിച്ച വേളയില്‍ ചന്ദ്രികയില്‍ എഴുതിയ അനുസ്മരണത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിരുന്നു.

വളരെ പെട്ടെന്നാണ് ഞങ്ങളുടെ ആ പൂനിലാവ് അകന്നിരിക്കുന്നത്…. നിലാവിനുള്ള സവിശേഷത അത് നല്‍കിയ വെളിച്ചം ഒരിക്കലും മായില്ല എന്നതാണ്. ആ വെളിച്ചമാണ് ചന്ദ്രികയെ മുന്നോട്ട് നയിക്കുക

Test User: