മുജീബ് കെ. താനൂര്‍
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പാട്ടേലിനെഉപയോഗിച്ച് ലക്ഷദ്വീപിനെ കവര്‍ന്നെടുക്കാന്‍ കളിക്കുന്ന നാടകത്തിനുപിന്നില്‍ അന്താരാഷ്ട്ര മാനങ്ങളുള്ളതായി സംശയം ശക്തിപ്പെടുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ സേവന കേന്ദ്രമായ ഇ ഗവേണ്‍സ് സര്‍വീസ് ഇന്ത്യയുടെ എഴുപത് ലക്ഷത്തോളം ഔദ്യോഗിക ഡാറ്റകള്‍ കഴിഞ്ഞ വര്‍ഷം ചോര്‍ന്നുവെന്ന വാര്‍ത്തക്ക് വലിയ പ്രാധാന്യങ്ങളൊന്നും കിട്ടിയിരുന്നില്ല. രാജ്യത്തെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്രാഈല്‍ സ്വകാര്യ സ്ഥാപനമായിരുന്നു. ഇന്ത്യയുടെ ആവാസവ്യവസ്ഥ പ്രധാനമായ സ്ഥലങ്ങളെ കുറിച്ചും ദ്വീപുകളെ കുറിച്ചും ആദിവാസി സങ്കേതങ്ങളെ കുറിച്ചും മറ്റും നിരവധി രഹസ്യങ്ങള്‍ ചോര്‍ന്ന ഡാറ്റയില്‍ ഉള്‍പെട്ടിരുന്നതായി ചില പത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ കമ്പനി ഇസ്രാഈല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമത്രി ബെഞ്ചമിന്‍ നെതെന്ന്യാഹുവിന്റെ പാര്‍ട്ടിക്കുവേണ്ടി വോട്ടര്‍മാരുടെ വിവരം ചോര്‍ത്തിയതായി നെതന്യാഹുവിന്റെ മുഖ്യ എതിരാളിയും പ്രതിപക്ഷ നേതാവുമായ ബെന്നി കാന്റ്‌സ് ആരോപിച്ചിരുന്നു.
ഇന്ത്യയിലെത്തിയ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതെന്യാഹുവിനു 2018 ജനുവരിയില്‍ പ്രധാനമന്ത്രിമോദി നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രമുഖരില്‍ പ്രഫുല്‍ ഖോഡാ പട്ടേലും അദ്ദേഹം അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഡാമണിലെ ടൂറിസ്റ്റ് വ്യവസായി ബിനോയ് ചൗധരിയും പങ്കെടുത്തിരുന്നു. 2017 ല്‍ ഗുജറാത്ത് വൈബ്രന്റ് സമ്മിറ്റിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍ ഇസ്രഈലില്‍ തലസ്ഥാനമായ ടെല്‍അവീവില്‍ പ്രത്യേക പ്രദര്‍ശനം നടത്തുകയുണ്ടായി. ഇതിന്റെ സംഘാടകരിലൊരാളുമാണ് പട്ടേല്‍. പ്രമുഖ കോണ്‍ഗ്രസ് നേതാവ് അന്തരിച്ച അഹമ്മദ് പട്ടേല്‍ ഈ സംഘത്തെ ‘ഇസ്രാഈല്‍ ബി ടീം’ എന്നാണ് പരിഹസിച്ചത്. കേന്ദ്രത്തിന്റെ പിന്തുണയോടെ കേന്ദ്രഭരണ പ്രേദേശങ്ങളും അവിടെയുള്ള നിവാസികളെയുയുമെല്ലാം തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കണമെന്ന ലക്ഷ്യം ഇപ്പോള്‍ പ്രകടമാക്കിവരികയാണ്. വാണിജ്യ, സാമ്പത്തിക താല്‍പര്യം ഇതിനു പിന്നിലുള്ളതായി ദേശീയ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആറു മാസമായി ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന പഴയ ഗുജറാത്ത് ആഭ്യന്തര മന്ത്രിയാണ് അഡ്മിനിസ്‌ട്രേറ്റര്‍. സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയിലിലായ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത്ഷാ തന്റെ പിന്‍ഗാമിയായി ആഭ്യന്തരമന്ത്രിപദം ഏല്‍പ്പിച്ചത് പ്രഫുലിനെയായിരുന്നു. സീനിയര്‍ നേതാക്കളെ മറികടന്നു അമിത്ഷാ പ്രഫുലിലെ ആഭ്യന്തര മന്ത്രിയാക്കിയതില്‍ ബി.ജെ.പി നേതാക്കള്‍ക്കിടയില്‍നിന്ന്തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛന്‍ നരേന്ദ്രമോദിയുടെ യോഗ ഗുരുവാണ് എന്നതൊഴിച്ചാല്‍ ഈ റോഡ് കോണ്‍ട്രാക്ടര്‍ക്ക് മറ്റു രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ല. 2007ല്‍ ഗുജറാത്തിലെ ഹിമ്മത് നഗറില്‍നിന്നും അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2012ല്‍ ഇതേ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. മോദി പ്രധാനമന്ത്രിയായതോടെ പട്ടേലിന് വീണ്ടും ഉന്നത സ്ഥാനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.
വികസനത്തിനു വേണ്ടിയും ലക്ഷദ്വീപിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുമാണോ നിലവിലുണ്ടായിരുന്ന ടഛജ ( ടമേിറമൃറ ീുലൃമശേിഴ ുൃീരലറൗൃല) മാറ്റി അവിടം സീറോ കോവിഡില്‍ നിന്നും ഈ നിലയിലേക്ക് എത്തിച്ചതെന്ന് ദ്വീപ് നിവാസികള്‍ ചോദിക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണോ ഞങ്ങളുടെ ഭക്ഷണം നിങ്ങള്‍ തീരുമാനിക്കുമെന്ന നിയമം നടപ്പിലാക്കാന്‍ നോക്കുന്നത്? ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണോ ഞങ്ങളുടെ വീടുകള്‍ എപ്പോള്‍ വേണമെങ്കിലും ഗവണ്മെന്റ് ഏറ്റെടുക്കാമെന്നും ഞങ്ങളെ ഞങ്ങളുടെ സ്ഥലത്ത് നിന്നും ഇറക്കിവിടാമെന്നും നിയമം കൊണ്ടുവരുന്നത് ? ഭാവി സുരക്ഷിതമാക്കാനാണോ ഞങ്ങളുടെ വീട്ടില്‍നിന്നും ഇറക്കിവിട്ടാലും കോടതിയെ സമീപിക്കാനാവില്ല എന്ന് നിയമത്തില്‍ എഴുതി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് ? അനധികൃത കയ്യേറ്റം എന്ന് പറഞ്ഞ് പാവപ്പെട്ടവരുടെ ബോട്ടിന്റെ ഷെഡ്ഡും മീനുണക്കുന്ന വേലികളും പൊളിച്ചു കളഞ്ഞത് എന്തിനുവേണ്ടിയാണ്? ഞങ്ങളുടെ മണ്ണ് നിങ്ങള്‍ പിടിച്ചെടുത്താല്‍, അതിനെതിരെ സമരം ചെയ്താല്‍ കോടതിയില്‍ ഹാജരാക്കാതെ ഏഴു ദിവസംവരെ അറസ്റ്റ്‌ചെയ്യാന്‍ ഗുണ്ടാആക്ടില്‍ ‘ലാന്റ് ഗ്രാബര്‍’ എന്ന പുതിയ വാക്ക് എഴുതിച്ചേര്‍ത്തത് എന്തിനുവേണ്ടിയാണ്? ‘അണ്‍ലോഫുള്‍ അസംബ്ലി’ ഉണ്ടായാല്‍ ഗൂണ്ടാആക്റ്റ് അനുസരിച്ച് അറസ്റ്റ് ചെയ്യുമെന്ന് നിയമം എഴുതി, ഞങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ നിങ്ങള്‍ നിഷേഷിക്കുന്നത് എന്തിനുവേണ്ടിയാ ണ്? ഇതൊക്കെയാണ് നിഷ്‌കളങ്കരായ ദ്വീപ് വാസികളുടെ ചോദ്യങ്ങള്‍.
പ്രഫുല്‍ ഖോഡാ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ ദാമനിലെ ‘വികസനത്തിനുവേണ്ടിയും ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും’ ചെയ്ത വികസനങ്ങള്‍ കാരണം ദാമനീസ് എന്ന് പേരുള്ള ആദിവാസികളായ മുക്കുവര്‍ അവരുടെ കിടപ്പാടം നഷ്ടപ്പെട്ട് എവിടെയോ താമസിക്കുകയാണ്. അവിടെ ഏഴു തവണ എം.പിയായിരുന്ന മോഹന്‍ഭായ് ദോല്‍ക്കര്‍ ആത്മഹത്യ ചെയ്തപ്പോള്‍ എഴുതിയ കുറിപ്പില്‍ പ്രഫുല്‍ പട്ടേലിന്റെ പേരും ഉണ്ട്. ദോല്‍ക്കറിന്റെ മകന്‍ അഭിനവ് മഹാരാഷ്ട്ര മുഖ്യ മന്ത്രി ഉദ്ധവ് താക്കറെക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും പ്രഫുലിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ദാമനിലെ പ്രഫുലിന്റെ ഭരണ കാലത്തു പൊളിച്ച ആ പാവപ്പെട്ട ആളുകളുടെ വീടുകള്‍ നിന്ന സ്ഥലത്ത് ഇന്ന് ബിനോധ് ചൗധരി എന്ന മുതലാളിയുടെ ‘ഇീൃു ഏഹീയമഹ’ ടൂറിസ്റ്റ് ഹട്ടുകളാണ്. ഇങ്ങനെ മറ്റൊന്ന് കെട്ടിപ്പൊക്കലാണ് ലക്ഷദ്വീപിലേക്കുതന്നെ പറഞ്ഞയച്ച ഏമാന്മാരുടെ ലക്ഷ്യം. ബിനോയ് ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഇഷ്ടഭാജനവും അംബാനി അദാനി ദ്വന്ദങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്.
ലക്ഷദ്വീപിലെ കടല്‍ വെള്ളരി ലോകപ്രസിദ്ധമാണ്. കടലിന്റെ അടിത്തട്ടില്‍ സിലിണ്ടര്‍ രൂപത്തില്‍ കാണപ്പെടുന്ന ജീവിയാണ് കടല്‍ വെള്ളരി. രണ്ടുമുതല്‍ ആറടിവരെ നീളമുണ്ടാകും. കടലില്‍ അടിത്തട്ടിലേക്കു ഊളിയിട്ടുപോയി ഇവയെ പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ദ്വീപില്‍ ഇത് സുലഭമാണ്. ഏറെ ഔഷധ ഗുണമുള്ള ഇവ ചൈന, കൊറിയ, മ്യാന്മര്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുവാണ്. സൂപ്പുണ്ടാക്കാനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. ഒരുകിലോക്ക് അന്താരാഷ്ട്ര വിപണിയിലെ വില രണ്ടുലക്ഷം രൂപയാണ്. കടല്‍ വെള്ളരി കടത്തി കാശുണ്ടാക്കാന്‍ പ്രഫുല്‍ കെ പട്ടേല്‍ ഇസ്രാഈല്‍ വ്യാപാര കമ്പനികളായ റോട്ടം കോര്‍പ്‌സ്, സന്നിഡാന്‍ എന്നിവയുമായി ഉടനെ കരാറിലേര്‍പ്പെടാന്‍ നീക്കമുണ്ടെന്നും ദ്വീപ് വാസികള്‍ സംശയിക്കുന്നു.
ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കാനാണ് പുതിയ നടപടികള്‍ എന്നാണ് ബി.ജെ.പി നേതാക്കള്‍ ഒരേ സ്വരത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞുവരുന്നത്. ഗുജറാത്ത്കുറ്റകൃത്യങ്ങള്‍ കാണാതെ ഈ നേതാക്കള്‍ പറയുന്നതാകുമോ അതോ കണ്ണടച്ചിരുട്ടാക്കുന്നതോ. 2021 മാര്‍ച്ച് നാലാം തീയതി ഗുജറാത്ത് അസംബ്ലിയിലെ ചോദ്യോത്തര വേളയില്‍ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് ഹോം ഡിപ്പാര്‍ട്ട്‌മെന്റ്‌നെ ഉദ്ധരിച്ചു നല്‍കിയ മറുപടി പരിശോധിക്കാം. 1944 കൊലപാതക കേസുകള്‍, 1,853 വധശ്രമം, 3095 ബലാല്‍സംഗ കേസുകള്‍, 4829 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍, വിവിധ കാരണങ്ങള്‍ കൊണ്ടുണ്ടായ പതിനാലായിരത്തോളം ആത്മഹത്യാ കേസുകള്‍, ഇതിനുപുറമേ പതിനഞ്ച് കോടി കുപ്പി മദ്യം പിടിച്ചെടുത്ത കേസുകള്‍ വെറെയുമുണ്ട്. കുറ്റകൃത്യങ്ങളുടെ വെസ്‌റ്റേണ്‍ ഇന്ത്യന്‍ തലസ്ഥാനമായ ഗുജറാത്തില്‍ നിന്ന് നാഷണല്‍ ക്രൈം ബ്യൂറോ നല്‍കുന്ന വേദനാജനകമായ മറ്റൊരു റിപ്പോര്‍ട്ട് വയോധികര്‍ക്ക് നേരെയുള്ള അതിക്രമമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനം എന്ന ഖ്യാതിയും ഗുജറാത്ത് നേടിയിരിക്കുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി മയക്കുമരുന്നിനും ആയുധക്കടത്തിനും കള്ളക്കടത്തിനും പേരുകേട്ട സംസ്ഥാനമാണ് ഗുജറാത്ത്. ദാവൂദ് ഇബ്രാഹിമിന്റെ കച്ചവടക്കളരിയായിരുന്നു ഗുജറാത്ത് തീരം. തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നിലെ ഭീകരാക്രമണത്തിന് വേണ്ടിവന്ന മുഴുവന്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പോര്‍ബന്തറിലെ കൊസബാര തീരത്ത് നിന്നായിരുന്നു മുംബൈയിലേക്ക് ലോഡ് ചെയ്തിരുന്നത്. അതവിടെക്കൊണ്ട് അവസാനിച്ചുമില്ല, കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി പാകിസ്താനില്‍നിന്നും ബോട്ട്‌വഴി വരുന്ന മയക്കുമരുന്ന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും എത്തിച്ചേരുന്നത് ഗുജറാത്ത് കടല്‍ തീരവും ഗുജറാത്ത് അതിര്‍ത്തി വഴിയുമാണ്. അറേബ്യന്‍ സീ റൂട്ടില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിനും കച്ച് ബോര്‍ഡറില്‍ ബി.എസ്.എഫിനും ഗുജറാത്ത് എന്നും തലവേദനയായിരിക്കുന്നത് തുടര്‍ച്ചയായുള്ള മയക്ക്മരുന്ന് കള്ളക്കടത്താണ്.
നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മാര്‍, മിസോറാം, മണിപ്പൂര്‍, നാഗാലാന്റ്, ബംഗ്ലാദേശ് അതിര്‍ത്തിവഴിയുള്ള മയക്ക്മരുന്ന് കടത്തിനേക്കാള്‍ കൂടുതല്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് പാകിസ്താന്‍ വഴി ഗുജറാത്തിലേക്ക് വരുന്നുണ്ട്. ആഫ്രിക്കന്‍ പാകിസ്താന്‍ ഡ്രഗ് മാഫിയകളുടെ വിഹാരകേന്ദ്രമാണ് ഗുജറാത്ത് തീരം. ഹോര്‍മൂസ് കടലിടുക്ക് മുതല്‍ ഗുജറാത്ത് തീരംവരെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കാന്‍ പ്രത്യേകം നേവല്‍ ടാസ്‌ക് ഫോര്‍സ് തന്നെ നിലവിലുണ്ട്. ഏകദേശം ആയിരത്തി അഞ്ഞൂറ് കോടിയുടെ മയക്ക്മരുന്ന് പിടിക്കപ്പെട്ട സംഭവമായിരുന്നു അടുത്ത കാലത്ത് ഗുജറാത്ത് പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതിനു ഒരു കാരണം. പഞ്ചാബ് അതിര്‍ത്തിയിലെ പരിശോധന ഒഴിവാക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗുജറാത്ത് തീരം വഴി ജീരകം കയറ്റി അയക്കുന്നതെന്ന വ്യാജേന മയക്ക് മരുന്ന് കടത്തുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. ആയിരത്തി അറുനൂറ് കിലോമീറ്റര്‍ നീളമുള്ള ഗുജറാത്ത് തീരം ഭീകര വിരുദ്ധ സ്‌ക്വാഡിന്റെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നിരീക്ഷണത്തില്‍ മാത്രമല്ല നിലകൊള്ളുന്നത്, അമേരിക്കന്‍ ഏജന്‍സികളും ഇവിടെ അതീവ ശ്രദ്ധ ചെലുത്തുന്നു.
എന്നാല്‍ ഏറ്റവും ഒടുവില്‍ ഈ വര്‍ഷം മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 2019ല്‍ ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ ലക്ഷദ്വീപ് എന്നൊരു സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ട്. ലക്ഷദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ആയുധക്കടത്ത് കേസുകള്‍ = പൂജ്യം, സ്ത്രീകള്‍ക്ക് എതിരെയുള്ള ബലാത്സംഗ കൊലപാതക കേസുകള്‍ = പൂജ്യം, മദ്യവും മയക്കുമരുന്നും കൈവശം വെച്ചതോ കടത്തിയതോ കച്ചവടം നടത്തിയതോ ആയ കേസുകള്‍ = പൂജ്യം, ബലാല്‍സംഗവും തട്ടിക്കൊണ്ട്‌പോക്കും = പൂജ്യം, അവരുടെ തീരത്ത് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് അത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച കേസുകള്‍ = പൂജ്യം.
ഇന്ത്യ ഭയപ്പെടേണ്ടത് ലക്ഷദ്വീപിനെയല്ല, ഉത്തര്‍പ്രദേശും മറ്റും ബലാല്‍സംഗ വേദികളാവുമ്പോള്‍ ഇന്ത്യ ലോക രാജ്യങ്ങളുടെ മുന്നില്‍ നാണംകെട്ട് നില്‍ക്കുന്ന അവസ്ഥയില്‍നിന്ന് വേണം ലക്ഷദ്വീപിലെ സമാധാന ജീവിതം മനസ്സിലാക്കാന്‍. ദാമന്‍ ആന്റ് ഡ്യുവില്‍ അഡ്മിനിസ്‌ട്രേറ്റായിരിക്കെ ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനുമായും പട്ടേല്‍ ഏറ്റുമുട്ടിയിരുന്നു. പ്രഫുലിന്റെ ഏകാധിപത്യത്തിനെതിരെ കണ്ണന്റെ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസും അയച്ചിരുന്നു.