ചരിത്രത്തിന്റെ നാള്‍ വഴിയില്‍ ചന്ദ്രിക പ്രഭ ചൊരിയാന്‍ തുടങ്ങിയിട്ട് 90 വര്‍ഷമാവുന്നു. മലയാള മാധ്യമ ചരിത്രത്തിലെ സുവര്‍ണ അധ്യായമായി ഒരു പാര്‍ട്ടി മുഖപത്രം മാറുമ്പോള്‍ നവചരിതമാണ് രചിക്കപ്പെടുന്നത്. മറ്റൊരു പാര്‍ട്ടി പത്രത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രം. 1934 മാര്‍ച്ച് 26 ലെ ബലി പെരുന്നാള്‍ സുദിനത്തില്‍ തലശ്ശേരിയില്‍ നിന്ന് തുടങ്ങിയ പ്രയാണം. പ്രതിസന്ധികളുടെ ബഹളത്തില്‍ ലക്ഷ്യബോധം ആയുധമാക്കി മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനം ദിശ കാട്ടിയ പത്രം ഒരു നാള്‍ പോലും അച്ചടി മുടങ്ങാതെ നവതിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ പൂര്‍വസൂരികളെ ഓര്‍ത്തെടുത്ത് പുതിയ കാലത്തോട് പറയാനുള്ളത് ഒന്ന് മാത്രം. ചന്ദ്രിക ഇനിയും ജ്വലിക്കണം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കായിക നഭസുകളില്‍ കെടാവിളക്കാണ് നമ്മള്‍. എം.ടി വാസുദേവന്‍ നായരെ പോലുള്ള സാഹിത്യ കുലപതികള്‍ക്ക് പ്രചോദനമേകിയ ചന്ദ്രികയുടെ പ്രഖ്യാപിത ലക്ഷ്യം പിന്നാക്ക ന്യൂനപക്ഷ പുരോഗതിയാണ്. തലശ്ശേരിയിലെ ആലിഹാജി പള്ളിയില്‍ ഒത്തുചേര്‍ന്ന ആദ്യകാല നേതാക്കള്‍ വിഭാവനം ചെയ്തത് സമുദായ ഉന്നമന്നത്തിനായുള്ള സത്യസന്ധമായ വഴിവിളക്കാണ്. ആ ദൗത്യം മനോഹരമായി നിര്‍വഹിക്കുകയാണ് ചന്ദ്രിക. മുല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിന്റെ വഴിയില്‍ തൂലിക പടവാളാക്കിയ അനേകം മാധ്യമ പ്രവര്‍ത്തകരുടെ തട്ടകം. പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകരും അതിശക്തമായി ചന്ദ്രികയെ മുന്നോട്ട് നയിക്കുന്നു. പ്രതിസന്ധികളില്‍ എനിക്ക് പരിചിതം കോവിഡ് കാലമായിരുന്നു. എല്ലാവരും അകന്ന കാലം. സാമൂഹിക അകലത്തിന്റെ പേരില്‍ വീട്ടില്‍ തളക്കപ്പെട്ട കാലത്ത് എല്ലാ ദിവസവും രാവിലെ പൂമുഖത്ത് ചന്ദ്രിക എത്തുമായിരുന്നു. കുട്ടിക്കാലം മുതല്‍ സുപരിചിതവും എന്നെ ഞാനാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചതും ചന്ദ്രിക തന്നെ.
മലയാളിയുടെ സാംസ്‌കാരിക, രാഷ്ട്രീയ, കായിക മേഖലകള്‍ക്ക് അതുല്യമായ ഇടം നല്‍കിയിട്ടുള്ള ചന്ദ്രിക അന്നും ഇന്നും കാത്തുസുക്ഷിച്ചത് മൂല്യബോധമുള്ള പത്രപ്രവര്‍ത്തനമാണ്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ രാജ്യം പ്രക്ഷോഭങ്ങളില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍, പ്രകോപനത്തിന്റെ വഴി സ്വീകരിക്കാതെ സംയമനത്തിന്റെ വാര്‍ത്തകള്‍ വായനാ ലോകത്തിന് നല്‍കിയ ചന്ദ്രിക ഇന്നും അതേ നിലപാട് ആവര്‍ത്തിക്കുന്നു. 1934ല്‍ നിന്നും 2023ലേക്ക് എത്തുമ്പോഴും ചന്ദ്രിക ലക്ഷ്യത്തില്‍ നിന്ന് ഒരു വേളപോലും പിറകോട്ട് പോവുകയോ പ്രതിസന്ധികളുടെ ലോകത്ത് പകച്ച് നില്‍ക്കുകയോ ചെയ്തിട്ടില്ല.
പത്രത്തിന്റെ ഊര്‍ജ്ജമെന്നത് എല്ലാ കാലത്തും അതിന്റെ അസംഖ്യം വരുന്ന വായനക്കാരാണ്, പൊതുസമൂഹമാണ്. ഓരോ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെയും രക്തമാണ് ചന്ദ്രിക. സി.എച്ച് മുഹമ്മദ് കോയയെ പോലെ ഒരാള്‍ ചീഫ് എഡിറ്ററായിരുന്ന സ്ഥാപനം. കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി തന്നെ ഒരേ സമയത്ത് പത്രത്തിന്റെയും അമരത്ത് വന്ന അപൂര്‍വത. വര്‍ത്തമാന കാലത്ത് പത്രങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളി ഭരണകൂട നയങ്ങളാണ്. മാധ്യമ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. എവിടെയും മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നു. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ പിറകോട്ട് പോവുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന നിലയില്‍ മാധ്യമങ്ങളുടെ ഇടപെടലും പ്രവര്‍ത്തനങ്ങളും വലിയ കരുത്താണ്. ഒളിംപിക്‌സ് പോലുള്ള ആഗോള കായിക വേദികളില്‍, കാല്‍പ്പന്ത് ലോകം ഒരുമിക്കുന്ന ലോകകപ്പ് മൈതാനങ്ങളില്‍ ചര്‍ച്ചയാവാറുള്ള ചന്ദ്രിക 90ലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാ വായനക്കാര്‍ക്കും ഞങ്ങള്‍ നല്‍കുന്ന ഉറപ്പ് ഉത്തമ മൂല്യബോധാതിഷ്ഠിത വാര്‍ത്തകളാണ്. സമൂഹത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും ഒരു മാധ്യമം എന്ന നിലയിലുള്ള ധാര്‍മിക ഇടപെടലുകള്‍ ഉറപ്പ് നല്‍കുന്നു. 90ന്റെ നിറവില്‍ ഒരു വര്‍ഷം ദീര്‍ഘിക്കുന്ന ആഘോഷ പരിപാടികളാണ് ചന്ദ്രിക ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുസമൂഹവും വായനാ ലോകവും ശക്തമായി രംഗത്തുണ്ടാവണം. ചന്ദ്രികയെ നെഞ്ചേറ്റി പൂര്‍വികര്‍ തെളിയിച്ച വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയും സാമൂഹിക ഉത്തരവാദിത്തവുമാണെന്ന് മറക്കാതിരിക്കുക.