ചന്ദ്രിക കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ജിഹ്വയായി പ്രസിദ്ധീകരണം ആരംഭിച്ചിട്ട് ഇന്നേക്ക് 89 വര്‍ഷം. 1934 മാര്‍ച്ച് 26ന് തലശേരിയില്‍ കല്ലച്ചില്‍ ആരംഭിച്ച മാസികയാണ് ഇന്ന് ദിനപത്രവും കടന്ന് ഡിജിറ്റല്‍ രൂപത്തിലെത്തിനില്‍ക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ ഇവിടുത്തെ ന്യൂനപക്ഷ പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് മാത്രമായൊരു പത്രം വേണമെന്ന് തീരുമാനിച്ചത് കെ.എം സീതിസാഹിബിനെയും സത്താര്‍സേട്ടിനെയും കുഞ്ഞിമായിന്‍ഹാജിയെയും പോലുള്ള മഹാന്മാരായിരുന്നു.
ദീപികയും മനോരമയും മാതൃഭൂമിയും അല്‍അമീനും മറ്റും നിറഞ്ഞുനിന്ന കാലത്താണ് ചന്ദ്രിക മലയാളിയുടെ ധിഷണാമുകുരത്തിലേക്ക് കസേരവലിച്ചിട്ട് ഇരുന്നത്. ‘അഭിമാനകരമായ അസ്‌തിത്വം’ എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌്‌ലിം ലീഗ് രാജ്യത്ത് രൂപം കൊള്ളുന്നതിനും ഒന്നരപതിറ്റാണ്ട് മുമ്പേയായിരുന്നു കേരളത്തിലെ മാധ്യമലോകത്തെ ചന്ദ്രോദയം.
തൈലക്കണ്ടി മുഹമ്മദ്, കെ.കെ മുഹമ്മദ് ഷാഫി, സി.പി മമ്മുക്കേയി തുടങ്ങിയവരായിരുന്നു ചന്ദ്രികയുടെ ആദ്യകാല സാരഥികള്‍. മുസ്‌്‌ലിം കൈരളിയുടെ നിറവാര്‍ന്ന പിന്തുണ ലഭിച്ചതോടെ മാസിക ദിനപത്രത്തിലേക്കും 1940കളില്‍ കോഴിക്കോട്ടേക്കും പരിണമിച്ചു. മുഖ്യമന്ത്രിയായിരുന്ന സി.എച്ചിന്റെ പത്രാധിപത്യവും അദ്ദേഹത്തിന്റെ പടവാളായ തൂലികയും രാഷ്ട്രീയരംഗത്ത് കേരളത്തിലെ മുസ്‌്‌ലിംകളാദി സമൂഹത്തിന് സ്വന്തമായൊരു ഇരിപ്പിടം സമ്മാനിച്ചു. കേന്ദ്രമന്ത്രിയായിരുന്ന ഇ.അഹമ്മദും ചന്ദ്രികക്ക് വേണ്ടി തൂലിക ചലിപ്പിച്ചു.
കേരളത്തിന്റെ മഹാസാഹിത്യകാരന്‍ എം.ടിക്ക് ആദ്യമായി പ്രതിഫലം നല്‍കിയത് ചന്ദ്രികയിലെ അദ്ദേഹത്തിന്റെ രചനക്കാണ്. മറ്റ് നിരവധി സാഹിത്യകലാ പ്രതിഭകള്‍ക്ക് വഴിമരുന്നിട്ടും ചന്ദ്രികയുടെ താളുകളാണ്. ഇന്ന് ഓണ്‍ലൈനും വാരികയും നിരവധി എഡിഷനുകളുമായി ലോകമാധ്യമരംഗത്ത് നിസ്സീമമായ സാന്നിധ്യമാണ് ചന്ദ്രിക. റമസാനോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷത്തിനാണ് ചന്ദ്രിക ഇപ്പോള്‍ തുടക്കം കുറിക്കുന്നത്.