കെ. മൊയ്തീന്‍കോയ
മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണത്തില്‍ അന്‍പതിലേറെ മരണം സംഭവിച്ചപ്പോള്‍, ആശ്വാസവുമായി ഓടിയെത്തി മുസ്‌ലിംകളെ ചേര്‍ത്ത്പിടിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിന്റെ മാതൃക പിന്തുടര്‍ന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ലോക ശ്രദ്ധയില്‍. ജൂണ്‍ 6ന് കാനഡയില്‍ മുസ്‌ലിം കുടുംബത്തിലെ നാല് പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തെതുടര്‍ന്ന് രാജ്യാന്തര തലങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുകയാണിപ്പോള്‍. പിക്കറ്റ് ട്രക്കിടിച്ചാണ് കൂട്ടക്കുരുതി നടത്തിയത്. 20 കാരനായ ഡാനിയല്‍ വെല്‍റ്റ്മാന്‍ അറസ്റ്റില്‍ കഴിയുന്നു. മുസ്‌ലിം വിരോധം മാത്രമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വെല്‍റ്റ്മാന്‍ എന്ന കൊലയാളി പൊലീസിനോട് പറഞ്ഞത്. ജസ്റ്റിന്‍ ട്രൂഡോ സന്ദര്‍ഭോചിതം രംഗത്ത്‌വന്നു. ‘ഇസ്‌ലാം വിദ്വേഷത്തിന് കാനഡയില്‍ സ്ഥാനമില്ല.
ഞങ്ങള്‍ മുസ്‌ലിംകള്‍ക്ക് ഒപ്പമാണ്. ഇതൊരു ഭീകരാക്രമണം തന്നെ’യെന്ന ട്രൂഡോയുടെ പാര്‍ലമെന്റ് പ്രസംഗം വൈറലായി ജനങ്ങള്‍ ഏറ്റെടുത്തു. ആ രാജ്യത്തെങ്ങും പ്രതിഷേധം അലയടിച്ചു. യുവ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ദിവസങ്ങള്‍ക്ക്മുമ്പ് അന്നാട്ടിലെ കത്തോലിക്ക സഭ നടത്തുന്ന മുന്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വളപ്പില്‍ 215 ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവാദത്തിലും കടുത്ത നിലപാടാണ് സ്വീകരിച്ചത്. 1978ല്‍ അടച്ചുപൂട്ടിയ ഇത്തരം സ്‌കൂളുകളില്‍ കടുത്ത പീഡനത്തില്‍ നിരവധി മരണം സംഭവിച്ചിട്ടുണ്ട്. മാര്‍പാപ്പയോട് തന്നെ നിലപാട് തുറന്ന് പറയാന്‍ ട്രൂഡോ മടികാണിച്ചില്ല. വംശീയ വിദ്വേഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച ഈ പ്രധാനമന്ത്രിമാര്‍ ലോകത്തിനാകെ മാതൃകയാവുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മാസം ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് മുസ്‌ലിംകളെ ഒറ്റപ്പെടുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടപടി സ്വീകരിച്ചതിനെ കാനഡ അനുകൂലിക്കാന്‍ തയാറായില്ല. സംഭവത്തെ കാനഡ അപലപിക്കുകയും പ്രവാചകനിന്ദയിലൂടെ മുസ്‌ലിംകളെ വേദനിപ്പിച്ചത് ശരിയായില്ലെന്ന നിലപാട് വ്യക്തമാക്കുകയുമുണ്ടായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തോടൊപ്പം മറ്റുള്ളവരെ ആദരിക്കുകയും വേണമെന്നായിരുന്നു ട്രൂഡോ നിലപാട് സ്വീകരിച്ചത്. കുടിയേറ്റക്കാരെകൊണ്ട് നിര്‍മ്മിക്കപ്പെട്ട രാജ്യമാണ് കാനഡ.
എല്ലാവരേയും സ്വീകരിച്ച പാരമ്പര്യമാണ് കാനഡക്ക്. ഈ നിലപാട് തുടരുമെന്നും ട്രൂഡോ സ്വീകരിച്ച സമീപനം ലോക ശ്രദ്ധ ആകര്‍ഷിച്ചു. ഇസ്‌ലാമോഫോബിയ തന്റെ രാജ്യത്ത് അനുവദിക്കില്ലെന്നും ട്രൂഡോ പ്രഖ്യാപിച്ചു. ഈ നീക്കം ലോകമെമ്പാടുമുള്ള എല്ലാ വംശീയവാദികള്‍ക്കും താക്കീതായി. ഇപ്പോള്‍ ഉണ്ടായ കൂട്ടക്കൊലപാതകം കാനഡയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചുവെങ്കിലും സര്‍ക്കാര്‍ നടപടി അവയെ മറികടക്കാന്‍ പര്യാപ്തമായി. തീവ്ര വലത്പക്ഷ, വംശീയ നിലപാടിന് ലോകത്തെ മുതലാളിത്ത രാജ്യങ്ങളിലും മറ്റ് മുന്നാം ലോക രാജ്യങ്ങളിലും ശക്തമായ വേരോട്ടം ലഭിച്ച്‌വരുന്നതാണ് ഇത്തരം അപകടത്തിലേക്ക് നയിക്കുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിന്‌ശേഷം മാറിവന്ന ലോക സാഹചര്യം തീവ്ര വലത്, അതി ദേശീയ വികാരം ഇളക്കിവിട്ടു.
1979ലെ ഇറാന്‍വിപ്ലവത്തെയും അവഗണിക്കുന്നില്ല. പരിഷ്‌കൃത രാജ്യങ്ങളില്‍ നല്ലൊരു ശതമാനം ഈ വഴിയിലാണ് സഞ്ചരിച്ചത്. ജനാധിപത്യസംവിധാനം ഉപയോഗിച്ച് തീവ്രവലത്പക്ഷം സ്വാധീനം ഉറപ്പിച്ചു. വെള്ള വംശീയതയും തീവ്രദേശീയ വികാരവും ആളിക്കത്തിച്ച് അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് നേടിയ വിജയം ദുഷ്ടശക്തികള്‍ക്ക് വന്‍ പ്രചാരണം നേടി കൊടുത്തു. മാത്രമല്ല. മറ്റ് രാജ്യങ്ങളെ സ്വാധീനിക്കുന്നതിനും സാഹചര്യം സൃഷ്ടിച്ചു.
ഇസ്രാഈലും സയണിസ്റ്റ് ലോബിയും ഇവയൊക്കെ മുസ്‌ലിംകള്‍ക്കെതിരായി തിരിച്ച്‌വിടാന്‍ സമര്‍ത്ഥമായി തന്ത്രം ആസൂത്രണം ചെയ്തു. ഇന്ത്യയില്‍ തീവ്ര വലത് ശക്തികള്‍ അധികാരം കയ്യടക്കുന്നതിന്പിന്നിലും ഈദൃശ കുതന്ത്രത്തിന്റെ ഫലമാണ്. ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, ജര്‍മ്മനി, സ്‌പെയിന്‍ എന്നിവിടങ്ങളിലും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈ ശക്തികള്‍ മുന്നേറി. ബ്രിട്ടനിലെ പുതിയ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ മുന്നേറ്റം ഞെട്ടിപ്പിക്കുന്നതാണ്. കുടിയേറ്റ വിരുദ്ധതയാണ് ഇവരുടെ പ്രധാന അജണ്ട. ആറ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക്‌മേല്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് അതിദേശീയതയേയും വംശീയതയേയും ആളിക്കത്തിക്കാന്‍ സഹായിക്കുന്നതായിരുന്നു. ഇത്തരം ഭ്രാന്തമായ ചിന്തയുടെ പ്രതികരണമാണ് ഒറ്റപ്പെട്ടതാണെങ്കിലും ഭീകരതയായി പുറത്ത്‌വരുന്നത്.