X

സച്ചാര്‍-പാലോളി സമിതിക്ക് ചരമഗീതം

മുസ്‌ലിം ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി തയ്യാറാക്കി അംഗീകരിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന സ്‌കോളര്‍ഷിപ്പ് എല്ലാ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാധികമായി വീതംവെക്കാന്‍ കേരള മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നുവെന്നത് തികച്ചും ദൗര്‍ഭാഗ്യകരമായ നടപടിയാണ്. കോടതു ഉത്തരവിനെതിരെ അപ്പീല്‍പോലും പോകാതെയാണ് ജനസംഖ്യാനുപാതത്തില്‍ സംവരണം നടപ്പാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കുമാത്രം അര്‍ഹതപ്പെട്ടതില്‍ ഇതര സമുദായത്തെ ഉള്‍പ്പെടുത്തിയാണ് ആദ്യം നീതി നിഷേധിച്ചെതെങ്കില്‍ മെയ് 28ലെ ഹൈക്കോടതി ഉത്തരവ് അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയതോടെ സച്ചാര്‍ റിപ്പോര്‍ട്ടും അതിന്റെ സത്ത ഉള്‍ക്കൊണ്ട് പദ്ധതി നടപ്പിലാക്കാന്‍ രൂപം നല്‍കിയ പാലോളി കമ്മിറ്റി ശിപാര്‍ശയും കൂടിയാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്.

2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ 59.05 ശതമാനവും ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ 40.87 ശതമാനവുമാണ്. മറ്റു ന്യൂനപക്ഷ സമുദായങ്ങളായ സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങള്‍ 0.03 ശതമാനം മാത്രവും പാര്‍സിയില്ലതാനും. കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ മുസ്‌ലിം വിഭാഗം 26.56 ശതമാനം ക്രിസ്ത്യന്‍ വിഭാഗം 18.38 ശതമാനവുണ്. ബുദ്ധ, ജൈന,സിഖ് വിഭാഗങ്ങള്‍ 0.01 ശതമാനം വീതമാണ്. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ മൊത്തം ന്യൂനപക്ഷ ജനസംഖ്യ 1,50,27796 പേരാണ്. ഇതില്‍ 88,73,472 പേര്‍ മുസ്‌ലിംകളും 61,41,261 പേര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ടവരും സിഖ് വിഭാഗത്തില്‍ 3,814, ബുദ്ധ വിഭാഗത്തില്‍ 4,752, ജൈന വിഭാഗത്തില്‍ 4,489 എന്നിങ്ങനെയാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ. സച്ചാറും പാലോളി സമതിയും എല്ലാം പഠിച്ചതും പരിശോധിച്ചതും പഠനവിധേയമാക്കിയതും മുസ്‌ലിം പിന്നാക്കാവസ്ഥയായിരുന്നു. സ്ഥിതിവിവര കണക്കുകളും തെളിവുകളും നിരത്തി റിപ്പോര്‍ട്ട് വന്നപ്പോള്‍ അവരുടെ സ്ഥാനം എസ്.സി എസ്.ടി വിഭാഗങ്ങളുടെയും പിറകിലാണെന്ന് കണ്ടെത്തി.

കേരളത്തിലെ ദരിദ്രരില്‍ 31 ശതമാനം മുസ്‌ലിംകളാണ്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ 9 ശതമാനം മാത്രമാണെന്നും സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിം സാമൂഹിക പിന്നാക്കാവസ്ഥ സംബന്ധിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അത് പരിഹരിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കടലില്‍ എറിഞ്ഞത്. വാസ്തവത്തില്‍ സച്ചാര്‍ റിപ്പോര്‍ട്ട്പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടത് നൂറു ശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതായിരുന്നു. ലാറ്റിന്‍ പരിവര്‍ത്തിത വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് പഠിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനുമായി ജെ.ബി കോശി ചെയര്‍മാനായുള്ള സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ ഇപ്പോള്‍ 80:20 ആനുപാതിക പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് നഷ്ടമായി.

സ്‌കോളര്‍ഷിപ്പ് 80:20 ആനുപാതം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യം സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണുണ്ടായത്. അതുകൊണ്ടും അവസാനിക്കാതെയാണ് കോടതി ഉത്തരവിന്റെ മറവില്‍ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരണ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. ഇടതുപക്ഷം ആഗ്രഹിച്ച വിധിയായിരുന്നു ഹൈക്കോടതിയില്‍നിന്ന് ഉണ്ടായതെന്നും ഇതോടെ ബോധ്യമായി. മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്നതിന്പകരം കിട്ടികൊണ്ടിരിക്കുന്നത് ഇല്ലാതാക്കാനുള്ള ഗൂഢ രാഷ്ട്രീയ നീക്കമാണിത്. വിഹിതം വെക്കല്‍ ജനസംഖ്യാനുപാതികമായി നിശ്ചയിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ തൊഴില്‍ വിദ്യാഭ്യാസ ഭരണ നിര്‍വഹണ രംഗത്തും ജനസംഖ്യാനുപാതികമായി നയം നടപ്പാക്കേണ്ടതുണ്ട്. അതിന് സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കുമോ? സര്‍ക്കാരും സി.പി.എം നേതൃത്വവും ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ധനസഹായ വിതരണം ഇനിമുതല്‍ പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ വഴിയും മുന്നോക്ക വികസന കോര്‍പറേഷന്‍ വഴിയും വിതരണം ചെയ്യുന്നത് കോടതി വിധിയുടെ നഗ്‌നമായ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന അഭിപ്രായം ഇപ്പോള്‍ത്തന്നെ വിവിധയിടങ്ങളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ മുന്നോക്ക പിന്നാക്ക വേര്‍തിരിവു പാടില്ലെന്നും ന്യൂനപക്ഷ സമുദായങ്ങളെ ഒറ്റ വിഭാഗമായി പരിഗണിച്ച് മാത്രമേ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ന്യൂനപക്ഷ ഫണ്ട് വിനിയോഗം പാടുള്ളൂ എന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ജനസംഖ്യാനുപാതികമായി നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ധനസഹായ വിതരണം മേല്‍സ്ഥാപനങ്ങള്‍ നടത്തുന്നത് കോടതി വിധിയുടെ ലംഘനവും ഭരണഘടനാവിരുദ്ധ വുമായി മാറും. ഒരു വിദ്യാര്‍ത്ഥിക്ക് ഒരേസമയം ഒന്നിലധികം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ലെന്ന മാനദണ്ഡവും വ്യവസ്ഥയുംകൂടി പരിഗണിക്കുമ്പോള്‍ പുതിയ നിയമപ്രശ്‌നങ്ങളും ഉയര്‍ന്ന് വരും.

ജനസംഖ്യാനുപാതികമായിപുന:ക്രമീകരിക്കുമ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അനുകൂല്യം നഷ്ടപ്പെടില്ലെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണ്. സ്‌കോളര്‍ഷിപ്പ് ആനുപാതം 80: 20 എന്നതില്‍നിന്ന് ജനസംഖ്യാനുപാതികമായി 59.05 ലേക്കും 40.87 ലേക്കും മാറുന്നതോടെ ഒന്നും നഷ്ടപ്പെടില്ല എന്ന സര്‍ക്കാരിന്റെ ജല്‍പനം സാമാന്യബോധം ഉള്ളവരെ പരിഹസിക്കുന്നതും യുക്തിക്ക് നിരക്കാത്തതുമാണ്. ഉദാഹരണമായി വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് തുക 1000 രൂപയാണെന്ന് കരുതുക. അതുപ്രകാരം കഴിഞ്ഞവര്‍ഷംവരെ മുസ്‌ലിം വിഭാഗത്തിന് 800 രൂപയും ക്രിസ്ത്യന്‍ വിഭാഗത്തിന് 200 രൂപയുമാണ് കിട്ടിക്കൊണ്ടിരുന്നത്. പുന:ക്രമീകരണം നടത്തിയത് പ്രകാരം മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് 590 രൂപയും ക്രിസ്ത്യന്‍ വിദ്യാര്‍ഥിക്ക് 410 രൂപയുമാണ് ശരാശരി ലഭ്യമാവുക. അതേസമയം ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പ് എണ്ണത്തില്‍ കുറവ് വരുത്തില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതായത് മുസ്‌ലിമിന് 800 നല്‍കുമ്പോള്‍ ക്രിസ്ത്യാനിക്ക് 200ന് പകരം 410 കൊടുക്കും. അപ്പോള്‍ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം 1,210 ആയി ഉയര്‍ത്തേണ്ടിവരും. എണ്ണം കൂട്ടുന്നത് അനുസരിച്ച് തുകയും ആനുപാതവും മാറ്റേണ്ടിവരും. നഷ്ടം ഒരു വിഭാഗത്തിന് മാത്രവും. മാത്രമല്ല മുന്നോക്ക വികസന കോര്‍പറേഷനില്‍ ഹൈന്ദവ സഹോദരങ്ങളോടൊപ്പം ‘വിദ്യാ സമുന്നതി’ സ്‌കോളര്‍ഷിപ്പ് ഉള്‍പെടെയുള്ള ക്ഷേമ പദ്ധതികളില്‍ 50 ശതമാനവും ക്രിസ്ത്യന്‍ വിഭാഗത്തിലെ സീറോമലബാര്‍, സീറോ മലങ്കര, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ സിറിയന്‍ യാക്കോബായ തുടങ്ങിയ മുന്നോക്ക വിഭാഗക്കാര്‍ക്ക്കൂടി അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് മുന്നോക്ക കോര്‍പറേഷനില്‍ നിന്നും ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ല എന്ന കാര്യവും ഇതിനോട് ചേര്‍ത്തുവായിക്കണം.

മതസൗഹാര്‍ദ്ദത്തില്‍ അലിഞ്ഞ്‌ചേര്‍ന്ന് ഐക്യത്തിലും പരസ്പര വിശ്വാസത്തിലും ജീവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചും തമ്മിലടിപ്പിച്ചും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള നീക്കം പ്രബുദ്ധ ജനത തിരിച്ചറിയണം. മുസ്‌ലിം സമൂഹത്തിന് ഭരണഘടനാപരമായ അവകാശം നിഷേധിച്ച് വഞ്ചനാപരമായ നിലപാട് എടുത്തവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല.

Test User: