X

ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

കെ.എന്‍.എ ഖാദര്‍

 

ഇന്ത്യയിലെ ഇടതുപക്ഷം ഇത്രയേറെ ദുര്‍ബലമായ ഒരുകാലം ഓര്‍മ്മയിലില്ല. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സി.പി.ഐയും നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്ത് ജനപിന്തുണയുള്ള മറ്റുകക്ഷികള്‍ കുറവാണ്. ഈ രണ്ട് പാര്‍ട്ടികളുടെയും തന്നെ സ്ഥിതി ദയനീയമാണ്. ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ഈ പക്ഷത്തിന് സാധിക്കുന്നില്ല. കേരളത്തില്‍ അവശേഷിക്കുന്ന ഒരു സംസ്ഥാന ഭരണം ഏറെനാള്‍ നീണ്ടുനില്‍ക്കണമെന്നില്ല. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ അളക്കേണ്ടത് ഭരണരംഗം മാത്രം നോക്കിയല്ല. ഇന്ന് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആകെ ലക്ഷ്യം പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്നയിടങ്ങളില്‍ വോട്ടും സീറ്റും പദവികളും തന്നെയാണെന്ന് അവര്‍ പോലും ധരിച്ചുവശായിരിക്കയാല്‍ അക്കാര്യം പ്രധാനമാണ്. ബംഗാളിലോ ത്രിപുരയിലോ ഇനിയൊരു തിരിച്ചുവരവ് ഒട്ടും പ്രതീക്ഷിക്കാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. കേരളത്തില്‍ ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം തുടരുമോ എന്നുതന്നെ കണ്ടറിയണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന മുദ്രാവാക്യം പ്രയോഗവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതായാല്‍ 2024 ലെ ലോക്‌സഭാതെരഞ്ഞെടുപ്പിനോടൊപ്പം കേരളം, ബംഗാള്‍ തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നേക്കാം.

 

സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും മിക്കവാറും രാഷ്ട്രീയകക്ഷികളും അനുകൂലിക്കുന്നൊരു വിഷയമാണത്. ലോക്‌സഭയും നിയമസഭയും ഗ്രാമപഞ്ചായത്തുകളും മാത്രമേ പിന്നെ നിലനില്‍ക്കുകയുള്ളു. കേന്ദ്രം മുന്നോട്ടുവെക്കുന്ന ശിപാര്‍ശകളില്‍ മണ്ഡലം, ബ്ലോക്ക് പഞ്ചായത്തുകളോ, ജില്ലാപഞ്ചായത്തുകളോ ഇനിയുണ്ടാവില്ല. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെങ്കിലും തങ്ങളുടെ രാഷ്ട്രീയമായ ചില ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ ഈ നിര്‍ദ്ദേശം ഉതകുമെങ്കില്‍ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രം ഇത് നടപ്പാക്കിയാല്‍ അത്ഭുതപ്പെടാനില്ല. അങ്ങിനെവന്നാല്‍ ആ കുത്തൊഴുക്കില്‍ കേരളവും ഇടതുപക്ഷത്തിന് നഷ്ടപ്പെടും. ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനം ആരംഭിച്ചതേയുള്ളുവെങ്കിലും മന്ത്രിമാരില്‍ പലരും കഴിവുകേട്ടവരും ബലഹീനരുമാണെന്നതിന്റെ സൂചനകള്‍ ധാരാളമുണ്ട്. ഒരു പുനസംഘടന ഇടക്കാലത്ത് എന്തായാലും വേണ്ടിവരും. പാര്‍ട്ടിയേയും ഭരണകൂടത്തേയും ഒരുപോലെ കയ്യടക്കിവെച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായിയാണ്.

അദ്ദേഹത്തിന്റെ അറുപഴഞ്ചന്‍ രാഷ്ട്രീയ ധാരണകളും ഭരണസങ്കല്‍പ്പങ്ങളും പുതിയ കാലത്തിന് ദഹിക്കുന്നതല്ല. മുമ്പൊക്കെ പാര്‍ട്ടി നേതൃത്വം ഭരണത്തില്‍നിന്നും വേര്‍പെട്ട്‌നില്‍ക്കുകയും ഭരണത്തെ നിയന്ത്രിക്കുകയുമാണ് ചെയ്തിരുന്നത്. ഇന്ന് കാര്യങ്ങള്‍ നേരെ തിരിച്ചാണ് നടക്കുന്നത്. സി.പി.എം പോലുള്ള പാര്‍ട്ടിയും അതിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങളും പിണറായിയുടെ നിഴല്‍ മാത്രമാണ്. പ്രകാശ് കാരാട്ടിനെപോലുള്ള നേതാക്കള്‍ ചിത്രത്തിലേ ഇല്ല. എസ്.ആര്‍.പിയും യെച്ചൂരിയും വല്ലതും പറയുന്നത്തന്നെ അപൂര്‍വമാണ്. ദേശവ്യാപകമായി നടക്കുന്ന ജനവിരുദ്ധ വിഷയങ്ങളില്‍ പല കാരണങ്ങാല്‍ ശരിയായി പ്രതികരിക്കാന്‍ പോലും ആ പാര്‍ട്ടിക്ക് കഴിയുന്നില്ല. കേരളത്തിലെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും, ഇപ്പോഴും പുറത്തുവരുന്ന എല്ലാ അഴിമതികളെയും പാര്‍ട്ടി പ്രതിരോധിക്കുന്നതാണ് നാം കണ്ടത്. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ കാരണം ചില കാര്യങ്ങളില്‍ അവര്‍ക്ക് പിറകോട്ട് പോകേണ്ടിവന്നു. ആരോഗ്യരംഗം അതി പ്രധാനമായിതീര്‍ന്ന ഒരു കാലഘട്ടമാണിത്. ഇവിടെ മാത്രമല്ല, ലോകമാകെ സ്ഥിതി അതാണ്. മഹാമാരിയുടെ പിടിയില്‍നിന്നും നാടിനെ രക്ഷിക്കുക എന്നത് പ്രഥമ പരിഗണന അര്‍ഹിക്കുന്നു. കേരളം കൊട്ടിഘോഷിക്കുന്നതുപോലെ ഒരു വന്‍ വിജയം കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും അതൊരു തര്‍ക്ക വിഷയമാക്കാന്‍ മുതിരുന്നില്ല. ദശാബ്ദങ്ങളായി കേരളം കൈവരിച്ച ചില നേട്ടങ്ങള്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നമുക്ക് സ്വന്തമായുണ്ട്. അപ്രകാരം ഒരു നില കൈവരിക്കുന്നതില്‍ കേരളമുണ്ടായ നാള്‍ മുതല്‍ അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ക്ക് പങ്കുണ്ട്. ഇപ്പോള്‍ കേരളം ഭരിക്കുന്നവര്‍ക്ക് അതുകൊണ്ട്തന്നെ വളരെ താഴെ തട്ടില്‍ നിന്ന് തുടങ്ങേണ്ടിവന്നില്ല. മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഭദ്രമായ അടിത്തറ നേരത്തെ ഇവിടെ പണിതിരുന്നു. ആ അവസ്ഥയില്‍നിന്ന് ചിന്തിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് കൂടുതല്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കൃത്യമായ ധാരണകള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഇല്ലാത്തവരാണ് ഇപ്പോള്‍ അത് കൈകാര്യം ചെയ്യുന്നതെന്ന് നാട്ടില്‍ പ്രചാരണമുണ്ട്. മറ്റു വകുപ്പുകളുടെ ഭരണം സംബന്ധിച്ചൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. ന്യായമായ സമയം ഭരിക്കുന്നവര്‍ക്ക് കിട്ടിയില്ലെന്ന് പറയേണ്ടതില്ലല്ലോ. സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം വന്‍ അഴിമതികളുടെ തുടര്‍ പ്രവാഹമായിരുന്നു. കേരളമിന്നുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്തവിധം അഴിഞ്ഞാട്ടം ഭരണ രംഗത്ത് നടന്നുവെന്ന് നമുക്ക് ബോധ്യമായി. തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും വിജയിച്ചുവെന്നത് കഴിഞ്ഞ സര്‍ക്കാറിന്റെ വീഴ്ചകളെ ന്യായികരിക്കുന്നില്ല. ജനം രണ്ടാം തവണയും നരേന്ദ്രമോദിക്കും അമിത്ഷാക്കും അവസരം നല്‍കിയില്ലേ. അതുകൊണ്ട് കേന്ദ്ര നടപടികള്‍ ശരിയായിരുന്നുവെന്ന് സി.പി.എം സമ്മതിക്കുമോ. തെരഞ്ഞെടുപ്പ് വിജയ, പരാജയങ്ങള്‍ക്ക് എണ്ണമറ്റ കാരണങ്ങള്‍ കാണും. ജനം ചിലപ്പോള്‍ പ്രവചനാതീതമായ രീതിയില്‍ പ്രതികരിച്ചേക്കാം. എത്രയോ ഉദാഹരണങ്ങള്‍ ഇക്കാര്യം വ്യക്തമാക്കാന്‍ മുന്നിലുണ്ട്. ഇന്ത്യയിലും പുറത്തും അതിന് തെളിവുകളുണ്ട്.

 

ഇവിടെ സി.പി.എം എന്ന പാര്‍ട്ടി ആശയപരമായും സംഘടനാപരമായും പാപ്പരത്തം അനുഭവിക്കുന്ന കാലമാണ്. കമ്യൂണിസ്റ്റ് സൈദ്ധാന്തിക വീക്ഷണങ്ങളില്‍ മൂന്നുതരം സമരങ്ങള്‍ പാര്‍ട്ടി നടത്തേണ്ടതുണ്ട്. ആശയസമരം, സാമ്പത്തികസമരം, രാഷ്ട്രീയസമരം എന്നിവയാണിവ. ഇവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ ഇന്ന് ആ പാര്‍ട്ടികള്‍ക്ക് സാധ്യമല്ല. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വം പോലും ഉപേക്ഷിച്ച മട്ടാണ്. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം പ്രായോഗികമല്ലെന്ന്‌വരെ പാര്‍ട്ടി നേതാക്കള്‍ വാദിച്ചുതുടങ്ങി. അത് സത്യമായിരുന്നുവെങ്കിലും തുറന്നു പറയാറില്ല. ഇപ്പോള്‍ അതൊക്കെ തുറന്നുപറയാന്‍ അവര്‍ക്ക് മനസ്സായി. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഉപേക്ഷിച്ചാല്‍പിന്നെ കമ്യൂണിസ്റ്റു പാര്‍ട്ടിയില്ല. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ കുഴല്‍ കണ്ണാടിയിലൂടെ കമ്യൂണിസ്റ്റുകാര്‍ ലോകത്തെ ദര്‍ശിക്കേണ്ടതാണ്.
ആ ദര്‍ശനത്തിന്റെ അനന്തര ഫലമായി എത്തിച്ചേരുന്ന നിഗമനങ്ങളാണ് പാര്‍ട്ടിയെ പിന്നീട് നയിക്കേണ്ടത്. ചരിത്രപരമായ ഭൗതിക വാദവും മൂലധനം അഥവാ മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രം എന്നിവയാണ് മറ്റു മുഖ്യദര്‍ശനങ്ങള്‍. ഇവയെല്ലാം യഥാവിധി പ്രയോഗിച്ചും ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ മുറുകെ പിടിച്ചും മുന്നോട്ടുപോയ സോവിയറ്റ് യൂണിയനിലും മാര്‍ക്‌സിസത്തിന്റെ മറ്റൊരു വകഭേദമായ മാവോയിസം നേരിട്ട് പരീക്ഷിച്ച ചൈനയിലും കമ്യൂണിസം വന്നില്ല. ജനിതക മാറ്റം സംഭവിച്ച മുതലാളിത്തമാണ് ചൈനയിലും വിയറ്റ്‌നാമിലും ക്യൂബയിലും ഇപ്പോള്‍ കാണുന്നത്. പ്രസ്തുത ജനിതകമാറ്റം സംഭവിച്ചത് മാര്‍ക്‌സിസത്തിനാണെന്നും പറയുന്നതില്‍ തെറ്റില്ല. തുടര്‍ന്നും നിലനില്‍ക്കാനും അതിജീവനത്തിന് ശേഷി കൂടുതലുള്ളത് മുതലാളിത്തമാണ്. അതുകൊണ്ടാണിവിടെ അങ്ങിനെ പ്രതിപാദിക്കുന്നത്.

കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണ ഒട്ടനേകം രാഷ്ട്രങ്ങള്‍ വേറെയുമുണ്ട്. കിഴക്കന്‍ ജര്‍മ്മനി, പോളണ്ട്, ചെക്കോസ്ലോവാക്കിയ, യുഗോസ്ലാവിയ, റൊമാനിയ, ഹംഗറി, മംഗോളിയ, അല്‍ബേനിയ ഇവയെല്ലാം അവയില്‍ ഉള്‍പ്പെടുന്നു. അര നൂറ്റാണ്ടുകാലവും അതിലധികവും നിലനിന്ന കമ്യൂണിസ്റ്റുകാരുടെ ഭരണകാലത്ത് അവിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദിക്കപ്പെട്ടിരുന്നില്ല. പ്രതിപക്ഷം ഉണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ ഒരു വിധത്തിലും സമ്മതിച്ചില്ല. കൊന്നും തുറങ്കലില്‍ അടച്ചും പീഢിപ്പിച്ചും എല്ലാത്തിനേയും നേരിട്ടു. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ ലക്ഷങ്ങളെ കൊന്ന് ഭരണത്തില്‍ തുടര്‍ന്നിട്ടും ആ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. അക്കാലത്തെ ഭരണാധികാരികളും പാര്‍ട്ടി നേതാക്കളും പ്രഗത്ഭരായിരുന്നു. അവര്‍ക്ക് അറിവുണ്ടായിരുന്നു. തന്റേടമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് തത്വസംഹിത പരിചിതമായിരുന്നു. അവര്‍ ഭാവനാസമ്പന്നരായിരുന്നു. എങ്കിലും ഏകാധിപതികളായിരുന്നു. അതിലേറെ വിവരവും അനുഭവ സമ്പത്തും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കില്ലല്ലോ. മേല്‍ പ്രസ്താവിച്ച രാഷ്ട്രങ്ങളിലെല്ലാം കമ്യൂണിസ്റ്റുകള്‍ക്ക് ഭരണം പിടിച്ചെടുക്കാനായി. തലമുറകളോളം ഭരിക്കാന്‍ സാധിച്ചു. ഒന്നും തെരഞ്ഞെടുപ്പിലൂടെ ആയിരുന്നില്ല. എവിടെയും ജനാധിപത്യം തൊട്ടുതീണ്ടിയില്ല. പൗരസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തതുമില്ല. ആ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പിലൂടെ വന്നതുമില്ല, പോയതുമില്ല. അവരുടെ ഭരണകാലത്തുടനീളം തെരഞ്ഞെടുപ്പ് അവര്‍ നടത്തിയതുമില്ല. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാര്‍ ഒട്ടും പരിഗണന അര്‍ഹിക്കുന്നില്ല.

പിണറായിയിലേക്കും അദ്ദേഹത്തിന്റെ ഭരണ രീതികളില്‍ കാണപ്പെടുന്ന ഏകാധിപത്യ പ്രവണതകളിലേക്കും കടന്നാല്‍ അതെല്ലാം എത്ര നിസാരമെന്ന് തോന്നിയേക്കാം. ജനാധിപത്യ ഇന്ത്യയെ അവര്‍ക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞില്ല. പാര്‍ട്ടിയിലോ ഭരണത്തിലോ തന്നേക്കാള്‍ പ്രാമുഖ്യം നേടാന്‍ ആരെയും അദ്ദേഹം അനുവദിക്കുകയില്ല. സ്റ്റാലിന്‍ കാണിച്ചുതന്ന വഴിയാണിത്. പി.ജെ ആര്‍മി എന്ന കൂട്ടായ്മ പോലും പിരിച്ചുവിട്ടു. കണ്ണൂരിലെ ഒരു പ്രമുഖ നേതാവിനെ ജനങ്ങള്‍ കൂടുതല്‍ അംഗീകരിച്ചേക്കുമോ എന്ന സംശയം പോലും നിവാരണം ചെയ്തു. ആ വ്യക്തിപൂജയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അമ്പാടിമുക്കിലെ ഏതോ സാധാരണ സഖാക്കളെ ബലിയാടാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മന്ത്രിമാരെ തെരഞ്ഞെടുത്തതിലും ഇത്തരം ചിന്തകള്‍ അന്തര്‍ലീനമാണ്. മറ്റുചില അമ്പാടിമുക്ക് പ്രവണതകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതാണ്. ചിലരെ മന്ത്രിമാരാക്കാന്‍ ചാടിയിറങ്ങിയ അമ്പാടിമുക്കുകാരുടെ പേരുകള്‍ സാവധാനം വെട്ടിക്കളയുകതന്നെ ചെയ്യും. ഈ നൂറ്റാണ്ടില്‍ അത്രയൊക്കെ നടക്കൂ.
ഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിഭരണത്തിന്റെ നിഴലില്‍ നിറംമങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

Test User: