പുത്തൂര്‍ റഹ്മാന്‍
വയനാട്ടിലെ മുട്ടില്‍ മരംകൊള്ളയുടെ വാര്‍ത്തകള്‍ക്കിടെ വയനാട്ടില്‍നിന്നും മറ്റൊരു വാര്‍ത്തയും ശ്രദ്ധ ആകര്‍ഷിച്ചു. കോവിഡ് കാലത്തു പൂട്ടിയ കേരളത്തിലെ മദ്യഷാപ്പുകള്‍ തുറന്നപ്പോള്‍ വയനാട്ടില്‍മാത്രം ഒറ്റദിവസത്തെ വില്‍പന രണ്ടുകോടി രൂപ. പതിനഞ്ചുകോടിയുടെ മരംകൊള്ള നടന്ന നാട്ടില്‍നിന്നും സര്‍ക്കാറിനു വേണമെങ്കില്‍ അതിലേറെ വരുമാനം ഇങ്ങനെ തിരിച്ചുപിടിക്കാം. മരംകൊള്ള മരങ്ങളെ കൊന്നിട്ടാണെങ്കില്‍ മദ്യലാഭം മനുഷ്യരെ കൊന്നിട്ടാണെന്നുമാത്രം. കോവിഡുകാരണം ജനങ്ങള്‍ കൂട്ടമായെത്തുന്ന സ്ഥലങ്ങളില്‍ നിയന്ത്രണവും തുടര്‍ന്നു നിരോധനവും വേണ്ടിവന്നു. എന്നാലിപ്പോള്‍ സര്‍ക്കാറിനു ലാഭം കിട്ടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരികയാണ്. ജനങ്ങള്‍ ഒത്തുകൂടുന്ന ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രമാണ് കാര്‍ക്കശ്യം ബാക്കി. ബാക്കിയെല്ലാ സ്ഥലങ്ങളിലും ആളുകൂടുന്ന സ്ഥിതിവന്നു. സര്‍ക്കാര്‍ ഫ്രണ്ട്‌ലിയായി പെരുമാറുന്ന ഒരു വൈറസ് ആണോ കൊറോണയെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് കേരളത്തില്‍ അതിന്റെ കൂടലും കുറയലുമെന്നു ചുരുക്കം. ജനം മഹാമാരി കൊണ്ടു വലയുകയും ഭരണകൂടം മഹാമാരിയുടെ മറവില്‍ വേണ്ടതെല്ലാം ഒപ്പിച്ചുകൂട്ടുകയും ചെയ്യുന്നു. ഉത്തരവാദിത്തബോധമുള്ള നല്ല പൗരന്മാരാകാനുള്ള പ്രതിബദ്ധത ജനങ്ങളില്‍ പതുക്കെ അനുസരണശീലമായും അടിമത്തമായും മാറിക്കൊണ്ടിരിക്കുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത ജനാധിപത്യമാണ് ഒരര്‍ത്ഥത്തില്‍ കോവിഡ് സാധ്യമാക്കിയതെന്നുതന്നെ പറയാം. അതുകൊണ്ട് എതിര്‍പ്പ് പേടിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാരുകള്‍ കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും പെരുമാറുന്നത്.
കേരളത്തിലെ എട്ടു ജില്ലകളില്‍ വ്യാപക വനംകൊള്ള നടന്നതായാണ് ഇപ്പോള്‍ അറിവായത്. വയനാട്ടിലെ മരംകൊള്ളയുമായി ബന്ധപ്പെട്ടു റവന്യു വകുപ്പും വനംവകുപ്പും തമ്മില്‍ അഭിപ്രായഭിന്നതയുമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെയും നിയമപാലനത്തെയും നോക്കുകുത്തിയാക്കുന്ന ലോബിയിംഗ് ഓരോ ഇടപാടുകളിലും എത്ര കൃത്യമായാണ് നടക്കുന്നതെന്ന് ഓരോ സംഭവവും മനസ്സിലാക്കിത്തരുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന കാലത്ത് പ്രതിപക്ഷം ഇടപെട്ടു മുടക്കിയ പല ഇടപാടുകളും വിവിധ കോര്‍പറേറ്റ് ലോബികള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടവയായിരുന്നു. ഡാറ്റാകൈമാറ്റം മുതല്‍ കടല്‍കൈമാറ്റം വരേയുണ്ടതില്‍. മരംകൊള്ളയില്‍ വനഭൂമിയുമായും പട്ടയഭൂമിയുമായും ബന്ധപ്പെട്ടു നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനമാക്കി പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് ‘ദുരുപയോഗം’ ചെയ്തുവെന്നത് ഉറപ്പാണ്. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണം എന്ന ഉത്തരവ് ഇറക്കാനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ ധാരണയില്‍ കൃത്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വനം മന്ത്രിയായിരുന്ന കെ. രാജുവിന്റെയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും നേതൃത്വത്തില്‍ നടന്നതായാണ് വ്യക്തമായിരിക്കുന്നത്. വനംകൊള്ളക്കുള്ള പഴുതുകളുണ്ടാക്കി ഉത്തരവ് ഇറങ്ങിയെന്നതു നല്‍കുന്ന സൂചന കുറ്റക്കാര്‍ക്ക് അനുകൂലമായ നിയമഭേദഗതി മനപ്പൂര്‍വം നടത്തിയെന്നതു തന്നെയാണ്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയഭൂമിയിലെ മരംമുറിച്ച് മാറ്റാമെന്ന ഉത്തരവിലാണ് കൂട്ടിച്ചേര്‍ക്കല്‍ നടന്നത്. അതില്‍തന്നെ മരം മുറിക്കുന്നത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന വാചകം വരെ കടന്നുകൂടി, അത്രയും കൃത്യമായ ആസൂത്രണമാണ് നടന്നത്. അന്തര്‍സംസ്ഥാന മാഫിയകള്‍ക്കുപോലും പങ്കുള്ളതാണ് മരം കൊള്ളയെന്ന വാര്‍ത്തകൂടി കൂട്ടിവായിച്ചാല്‍ ഈ ഉത്തരവ് ആരുടെ താല്‍പര്യത്തിലാണ് ഇറങ്ങിയതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉത്തരവ് റവന്യുവകുപ്പ് പുറത്തിറക്കിയത് മന്ത്രിസഭായോഗത്തില്‍പോലും ചര്‍ച്ച ചെയ്യാതെയാണത്രെ. നിയമ വകുപ്പും ഈ ഉത്തരവിന്റെ കാര്യമറിഞ്ഞില്ല. മരംകൊള്ളയില്‍ പ്രതിയായവര്‍ക്ക് സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് മാത്രമാണ് തങ്ങള്‍ മരംമുറിച്ചതെന്നും അതിനാല്‍ തെറ്റുകാരല്ലെന്നും വാദിച്ചു തലയൂരാമെന്നു ചുരുക്കം. മാസ്‌ക് വെക്കാത്തതിനു സാധാരണക്കാരനു പിഴ ലഭിക്കുന്ന നാട്ടിലാണീ നിയമപരമായ പരിരക്ഷ പൊതുമുതല്‍ കൊള്ള ചെയ്യുന്നവര്‍ക്കു ലഭിക്കുന്നത്.
ഒരുവശത്തു കോവിഡ് മഹാമാരി, മറുവശത്തു ദുസ്സഹമായ ജനജീവിതാവസ്ഥകള്‍, സാമ്പത്തിക തകര്‍ച്ച, ഇതിനെല്ലാമിടക്കാണ് ഭരണകൂടത്തിന്റെ അറിവോടെ മരംകൊള്ളയടക്കമുള്ള പൊതുസ്വത്തുക്കളുടെ തിരിമറി നടക്കുന്നത്. കേന്ദ്ര ഭരണത്തില്‍ കോര്‍പറേറ്റുകള്‍ക്കാണ് പൊതുസ്വത്തുക്കള്‍ പതിച്ചുനല്‍കുന്നതെങ്കില്‍ കേരളം ചെറു ലോബികള്‍ക്ക് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നു. ജനത്തിന്റെ വായടക്കാന്‍ കോവിഡു മുതല്‍ ബ്രണ്ണന്‍ കോളജിലെ ഭൂതകാലക്കളരി വരേയുള്ള ചര്‍ച്ചാവിഷയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു സര്‍ക്കാര്‍ പ്രതിരോധമൊരുക്കുന്നു. ഏതു പ്രശ്‌നം വരുമ്പോഴും കേന്ദ്രത്തിന്റെ അതേ മാതൃക തന്നെയാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. സംസ്ഥാനത്തിന്റെ റവന്യുവരുമാനം കോവിഡിനും മുമ്പേ ഇടിഞ്ഞു തുടങ്ങിയിരുന്നു. ലോക്ഡൗണ്‍ ഒഴിവാക്കി മദ്യശാലകള്‍ തുറന്ന ദിവസത്തെ റെക്കോര്‍ഡ് കച്ചവടം തരുന്ന സൂചനയും അതുതന്നെ. ബിവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലൂടെ 64 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം കേരളം വിറ്റത്. ആഘോഷ വേളകളില്‍ കേരളത്തിലെ കൂടിയ മദ്യവില്‍പന എഴുപതുകോടിയാണ്. അത്രത്തോളം വില്‍പനയാണ് ഒരു സാധാരണ ദിവസമുണ്ടായത്. പൊതുസ്വത്തുക്കളുടെ മറിച്ചുവില്‍പനയും മദ്യവില്‍പ്പനയുമൊക്കെയാണ് കേരളത്തിലെ പൊതുഭരണമിപ്പോള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി രൂപയിലധികമായിരുന്നു. സംസ്ഥാന രൂപവത്കരണത്തിന്‌ശേഷമുള്ള കാലത്തെ മൊത്തം കടമായിരുന്നു അത്. 2016 ജൂണ്‍ മാസം ധനമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കാണത്. മുന്‍ സര്‍ക്കാരുകള്‍ നികുതി പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ കടത്തിന്റെ തിരിച്ചടവുകള്‍ മുടങ്ങിയെന്ന അതിനിശിതമായ വിമര്‍ശനമാണ് ധനമന്ത്രി അന്നുന്നയിച്ചത്. ഇന്നദ്ദേഹം ധനമന്ത്രിയല്ല, മുങ്ങുന്ന കപ്പലില്‍ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലായിരിക്കും മുന്‍ ധനമന്ത്രി. 2021 അവസാനിക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം മൂന്നര ലക്ഷം കോടി രൂപ കടക്കുമെന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. ഇന്ത്യയിലേറ്റവുമധികം കടഭാരമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. നികുതി പിരിവു കര്‍ശനമാക്കിയില്ലെന്നതിന്റെ പേരില്‍ മുമ്പത്തെ ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തിയ സര്‍ക്കാരിന്റെ കാലത്താണ് ഒരേസമയം വന്‍ കടബാധ്യത വരുത്തിയതും മരംകൊള്ള പോലുള്ള ധനനഷ്ടത്തിനു വഴിയൊരുക്കിയതും എന്നതുകൂടി ചേര്‍ത്തുവായിക്കുക. പിണറായി സര്‍ക്കാറിന്റെ രണ്ടാം വരവ് ആര്‍ക്കൊക്കെയാണ് ഗുണകരമാവുകയെന്ന് തിരിച്ചറിയാനാകും.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും നികുതി കുടിശിക സമാഹരണത്തിലൂടെയും റവന്യു റിക്കവറികളിലൂടെയും സമാഹരിക്കാവുന്ന ആയിരക്കണക്കിന് കോടി രൂപ വേണ്ടെന്നു വെച്ചതായാണ് കണക്കുകള്‍. ഇതുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു ഫയലുകളുടെമേല്‍ നികുതിവകുപ്പ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. യു.ഡി.എഫ് ഭരണത്തില്‍ നികുതി പിരിവു മുറക്കു നടന്നില്ലെന്നു കുറ്റപ്പെടുത്തി ധവളപത്രമിറക്കിയവര്‍ ജി. എസ്.ടി നടപ്പാക്കാന്‍ കൂട്ടുനില്‍ക്കുകയും നികുതി സമാഹരണം വിട്ടുകളയുകയും ചെയ്തു. സാധാരണക്കാരെ പിഴിയുന്ന മദ്യത്തിന്റെയും ലോട്ടറിയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും തീരുവ വഴി വരുമാനം കൂട്ടുകയും സമ്പന്നമൂലധന വിഭാഗങ്ങളെ നികുതിയില്‍ പെടുത്താതിരിക്കുകയും അവരില്‍നിന്നും സി.എസ്. ആര്‍ ഫണ്ടുകള്‍മാത്രം വാങ്ങി പാവങ്ങള്‍ക്കുള്ള കിറ്റ് വിതരണം നടത്തുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. വികസന പദ്ധതികള്‍ കോര്‍പറേറ്റുകളെ ഏല്‍പിച്ച് അവരുടെ സഹായി മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി ഭരണകൂടത്തെ മാറ്റുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്.
ഇതിന്റെ ഏറ്റവും വലിയ വിപത്താണ് മുട്ടില്‍ മരംകൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നിരിക്കുന്നത്. മരംകൊള്ള നടത്തിയവര്‍ക്കു രക്ഷപ്പെടാന്‍ പാകത്തിലുള്ള ഉത്തരവുകള്‍ ആദ്യം സര്‍ക്കാര്‍ തയ്യാറാക്കി അവ പുറത്തിറക്കുന്നു. ശേഷമാണ് മരംകൊള്ള നടന്നത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ ബില്ലുകള്‍ പാര്‍ലമെന്റില്‍ കേന്ദ്രം പാസാക്കിയെടുക്കുന്നതു പോലെയുള്ള രീതിയാണിത്. സാമൂഹിക മേഖലകളില്‍നിന്ന് ഭരണകൂടം പിന്‍വാങ്ങുന്നു; ലോബിയിങും മുതലാളിത്തവുമായുള്ള ചങ്ങാത്തവും സര്‍ക്കാറിന്റെ പ്രവര്‍ത്തനരീതിയായി മാറുന്നു. അടുത്ത പടിയായി, അവര്‍ക്കു നിയമ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടക്കുന്നു. പാസാക്കുന്നതിനുവേണ്ട നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ എഴുതി നല്‍കുന്നു. ഇന്ത്യയിലെ പുതിയ കര്‍ഷക ബില്ലില്‍ ഇതു കണ്ടതാണ്. മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസ് എന്നതുപോലെ പാര്‍ലമെന്റില്‍ പെയ്ഡ് ബില്ലുകള്‍ സാധ്യമാക്കിയാണ് മുതലാളിത്തം ജനാധിപത്യത്തെ റാഞ്ചുന്നത്. അതുവഴി കോര്‍പറേറ്റ് മേഖല നേരിടുന്ന പരിമിതമായ എതിര്‍പ്പുകള്‍പോലും ഇല്ലാതാക്കുകയാണ്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കെതിരെ ജനങ്ങളുടെ അഭിലാഷത്തെ ഉയര്‍ത്തിപ്പിടിക്കുകയെന്ന ജനാധിപത്യത്തിന്റെ മൂല്യത്തെയാണ് ഇതു കാറ്റില്‍ പറത്തുന്നത്. ഒപ്പം കേരളം കടംവാങ്ങി വികസനം സാധ്യമാക്കുന്ന സംസ്ഥാനമായാണ് വളരുന്നത്. കിഫ്ബി എന്ന കോര്‍പറേറ്റ് ബോഡിയുണ്ടാക്കിയതുതന്നെ അതിനുവേണ്ടിയാണ്. കിഫ്ബി സമാഹരിക്കുന്ന വായ്പയും ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സികളും ആഭ്യന്തര കോര്‍പറേറ്റുകളും നല്‍കുന്ന കടവും കേരളം വാങ്ങിക്കൂട്ടുകയാണ്.
മുതലും പലിശയുമുള്‍പ്പെടെ അതിഭീമമായ കടബാധ്യതയാണ് വരാനിരിക്കുന്നത്. വിദേശസ്വദേശ വായ്പകളിലും കോര്‍പറേറ്റ് നിയന്ത്രണത്തിലും അധിഷ്ഠിതമായ പദ്ധതികള്‍ കേരളത്തില്‍ വന്‍ വികസനം കൊണ്ടുവരുമെന്നാണു സങ്കല്‍പം. ഈ ഏജന്‍സികളുടെ താല്‍പര്യം സംരക്ഷിക്കുകകൂടി ഭാവിയില്‍ സര്‍ക്കാരിന്റെ ബാധ്യതയായിത്തീരും. അതിന്റെ ഉദാഹരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക സംരംഭങ്ങളില്‍നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം കുറയുകയും ജി.എസ്.ടി പോലുള്ള നികുതി പരിഷ്‌കാരങ്ങളും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നികുതി ഒഴിവാക്കിനല്‍കലും ഖജനാവ് കാലിയാക്കുമ്പോഴാണ് മരംകൊള്ളയും കടംവാങ്ങലുമൊക്കെ തുടരുന്നതും. കേരളത്തിന്റെ ഭാവി കടത്തിലും കൊള്ളയിലുമാവാതെ നോക്കാല്‍ ജനം ജാഗ്രത കാണിക്കേണ്ടതിന്റെ ആവശ്യമാണ് മുട്ടില്‍ മരംകൊള്ള നല്‍കുന്ന മുന്നറിയിപ്പ്.