പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
വായന പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കും എന്ന് അഭിപ്രായപ്പെട്ടത് പ്രശസ്ത ചിന്തകന്‍ ഫ്രാന്‍സിസ് ബേക്കണാണ്. മഹാത്മാക്കള്‍ നമ്മെ സന്ദര്‍ശിക്കുന്നത് ഗ്രന്ഥങ്ങളുടെ രൂപത്തിലായിരിക്കുമെന്ന് പറഞ്ഞത് വിന്‍ഗ്വറാണ്. വായന ഇല്ലാത്ത ലോകത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും സാധ്യമല്ല. ചിന്തയുടെ വാഹനങ്ങളാണ് പുസ്തകങ്ങള്‍. ഒരു മനുഷ്യന്റെ നിലവിലുള്ള അവസ്ഥയില്‍നിന്ന് അവനെ പരിവര്‍ത്തിപ്പിക്കുന്ന ചാലകശക്തിയെയാണ് വായന പ്രദാനം ചെയ്യുന്നത്. വായനയുടെ പടവുകള്‍ കയറി ലോകത്തെ വിസ്മയിപ്പിച്ച എത്രയോ മഹാന്‍മാരെ പുസ്തക യാത്രയില്‍ നമുക്ക് പരിചയപ്പെടാന്‍ കഴിയും. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ് വാഷിങ്ടണിന്റെ ആത്മകഥാ പാരായണമാണ് എബ്രഹാം ലിങ്കന്റെ ജീവിതം മാറ്റിമറിച്ചത്. അണ്‍ ടു ദി ലാസ്റ്റ് എന്ന റസ്‌കിന്റെ പുസ്തക വായനയാണ് ഗാന്ധിയുടെ ചിന്തകളില്‍ മാറ്റം സൃഷ്ടിച്ചത്. രണ്ടു വര്‍ഷക്കാലത്തെ ഒളിവു ജീവിതത്തിനിടയില്‍ മുടക്കമില്ലാതെ എഴുതിവെച്ച ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് നാസി തടങ്കല്‍ പാളയത്തെപറ്റി ലോകം കൂടുതലായി അറിഞ്ഞത്. ആന്‍ ഫ്രാങ്കിന്റെ ഒരു പെണ്‍കിടാവിന്റെ ഡയറി കുറിപ്പുകള്‍ എന്ന പുസ്തകത്തിന്റെ ഏഴര കോടി കോപ്പികളാണ് ഇതിനകം നൂറിലേറെ ഭാഷകളിലായി പ്രസിദ്ധീകരിച്ചത്. ഓരോ കാലഘട്ടത്തെക്കുറിച്ച് അറിയാനുള്ള കണ്ണാടികള്‍ കൂടിയാണ് പുസ്തകങ്ങള്‍.
പുസ്തകപ്പണയത്തെ കുറിച്ച് എഴുതിയത് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ. പി.ജെ അബ്ദുല്‍ കലാമാണ്. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിക്കുന്ന സമയം അടിയന്തിരമായി കലാമിന് വീട്ടിലേക്ക് മടങ്ങണം. കയ്യില്‍ പണമില്ല. പഠന മികവിന് കിട്ടിയ 400 രൂപ വിലവരുന്ന പുസ്തകം വില്‍ക്കാന്‍ വേദനയോടെ തീരുമാനിച്ചു. വില്‍പനക്കായി മൂര്‍ മാര്‍ക്കറ്റിലെത്തി. യാത്രക്കാവശ്യമായ 60 രൂപ വേണമെന്ന കാര്യം കടക്കാരനോട് പറഞ്ഞ് പുസ്തകം കൈമാറി. കടക്കാരന്‍ പേജുകള്‍ മറിച്ചു നോക്കി. മദ്രാസ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ലക്ഷ്മണ സ്വാമി മുതലിയാരുടെ ഒപ്പോടുകൂടിയ പുസ്തകം വാങ്ങുന്നത് ശരിയെല്ലന്ന് കടക്കാരന്‍ തീര്‍ത്തു പറഞ്ഞു. നാട്ടില്‍ നിന്ന് തിരിച്ചെത്തി പണം നല്‍കാമെന്ന വ്യവസ്ഥയില്‍ കടക്കാരന്‍ പുസ്തകം പണയമായി സ്വീകരിച്ചു കലാമിന്പണം കൊടുത്തു. നാട്ടില്‍ നിന്ന് മടങ്ങിയെത്തി കലാം പുസ്തകം തിരികെ പറ്റി. അറിവുകള്‍ മാത്രമല്ല ആപത്ഘട്ടങ്ങളില്‍ പുസ്തകങ്ങള്‍ സമ്പത്തുമായി മാറും.
പുസ്തക വില്‍പ്പനയുടെയോ ഗ്രന്ഥശാല സന്ദര്‍ശകരുടെ എണ്ണത്തിന്റെയോ കണക്കെടുപ്പിലൂടെ വായന മരിച്ചുവെന്ന് വിധി പ്രസ്താവിക്കുന്നത് ഒട്ടും ശരിയാവില്ല. ലോക്ഡൗണ്‍ കാലത്ത് ലക്ഷകണക്കിന് പുസ്തകങ്ങളാണ് മലയാളികള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. അച്ചടിച്ച പുസ്തകങ്ങളില്‍നിന്നും കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ഇ റീഡര്‍, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, സംവിധാനങ്ങളിലേക്കുള്ള വായനയുടെ പറിച്ചുനടലുകളാണ് കാണുന്നത്. വായന മാത്രമല്ല എഴുത്തും പ്രസാധനം വരെ ഡിജിറ്റല്‍ ലോകത്ത് സാധ്യമാണ്.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരങ്ങളിലൊന്നായ വിക്ടോറിയന്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ നോ ഫ്രണ്ട്‌സ്, ബട്ട് മൗണ്ട്യന്‍സ്, റൈറ്റിങ് ഫ്രം മാനസ് പ്രിസണ്‍ എന്ന പുസ്തകം വാട്‌സ്ആപ്പിലാണ് പിറവികൊണ്ടത്. ഇറാനിയന്‍ കവിയും മാധ്യമ പ്രവര്‍ത്തകനുമായ ബെഹറൂസ് ബൂചാനാണ് ഈ കൃതി രചിച്ചത്. കുര്‍ദുകളുടെ പ്രശ്‌നങ്ങളെ കുറിച്ച് എഴുതിയതിന്റെ പേരില്‍ ബെഹറൂസ് ഇറാന്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. വിമതനായി മുദ്രകുത്തപ്പെട്ടതിനാല്‍ ഓസ്‌ട്രേലിയയിലേക്ക് രാഷ്ട്രീയ അഭയം മോഹിച്ച് യാത്ര തിരിച്ചു. പിടിക്കപ്പെട്ടതിനെതുടര്‍ന്ന് പാപ്പുവ ന്യുഗിനിയ ദ്വീപസമൂഹങ്ങളിലെ മാനസ് എന്ന ദ്വീപില്‍ തടവിലായി. ജയില്‍വാസക്കാലത്ത് ഒളിപ്പിച്ചു കടത്തിയ മൊബൈല്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് മാധ്യമമാക്കിയാണ് ബെഹറൂസ് എഴുതിയത്. മാതൃഭാഷയായ ഫാര്‍സിയിലെഴുതിയ കുറിപ്പുകള്‍ പരിഭാഷകനു അയച്ചുകൊടുക്കുകയായിരുന്നു. തടവിലാക്കപ്പെട്ടവര്‍ തന്നെ പുരസ്‌ക്കാരം പ്രഖ്യാപിക്കേണ്ടിവന്നതും മറ്റൊരു ചരിത്രമാണ്. എഴുത്തുകാരന്റെ അഭാവത്തിലാണ് പുസ്തകത്തിന്റെ പ്രകാശനവും അവാര്‍ഡ്ദാനവും നടന്നത്.
അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് ഒലെന്‍ ബട്‌ലറിന്റെ ദിസ് ഈസ് ഏള്‍ സാന്‍ഡ് (വേശ െശ െഋമൃഹ െമെിറ) എന്ന ചെറുകഥ എഴുതപ്പെട്ടതല്ല. തന്റെ മകനോടൊത്ത് 1913 ല്‍ ഒന്നാം ലോക യുദ്ധത്തിന്മുമ്പ് ഒരു വിമാനം തകര്‍ന്നു വീഴുന്നതിന്റെ ചിത്രത്തെക്കുറിച്ചുള്ള തല്‍സമയ വിവരണമാണ് കഥയുടെ ഉള്ളടക്കം. 17 വെബ് കാസ്റ്റുകളായി വിടര്‍ന്ന കഥ പര്യവസാനിക്കുമ്പോള്‍ രണ്ടു കോടിയില്‍പരം ആളുകളാണ് കേട്ടത്. ഫിയോണോ മോസ്‌ലിയുടെ എല്‍മെറ്റ് എന്ന നോവല്‍ ബുക്കര്‍ സമ്മാന പട്ടികയില്‍ ഇടം പിടിച്ച കൃതിയാണ്. യോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് ജോലിക്കായുള്ള രണ്ട് മണിക്കൂര്‍ യാത്രകള്‍ക്കിടയില്‍ ഫോണ്‍ ഉപയോഗിച്ചാണ് എഴുത്ത് നടത്തിയത്. യാത്രകളില്‍ പുസ്തകത്തിന്റെ ഭാരം ചുമക്കാതെ കൊണ്ടു നടക്കാനും ഏത് കോണിലിരുന്ന് വായിക്കാനും പുസ്തകം കടം ചോദിച്ചെത്തുന്നവരോട് കൈമലര്‍ത്താനും ഇ-വായനകള്‍ക്ക് കഴിയുമെങ്കിലും വായനശാലകള്‍ വിളംബരം ചെയ്യുന്ന സംഘബോധം ഒരിക്കലും പകരാന്‍ ഇ ബുക്കുകള്‍ക്കാവില്ല.