X

ഫിഫ ഒന്നാമന്മാര്‍ വരുന്നത് കപ്പടിക്കാന്‍

യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച മധ്യനിരക്കാരന്‍ ആരാണ്..? ടോട്ടനത്തിന്റെ നായകന്‍ ഹാരി കെയിന്‍ കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. കെവിന്‍ ഡി ബ്രുയനൊപ്പം കളിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന്. ഡിബ്രുയനെ അറിയാത്തവരില്ല. പ്രീമിയര്‍ ലീഗില്‍ ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം സമ്മാനിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ബെല്‍ജിയം മധ്യനിരക്കാരന്‍. ശനിയാഴ്ച്ച യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുന്ന സിറ്റിയുടെ ഏറ്റവും വലിയ പ്രതീക്ഷ.

അത്തരത്തില്‍ ഒരു മധ്യനിരക്കാരനൊപ്പം കളിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന് പറയുന്നത് ഇംഗ്ലണ്ടിന്റെ നായകനാണെന്നോര്‍ക്കണം. അപ്പോള്‍ പിന്നെ വന്‍കരയിലെ മികച്ച മധ്യനിരക്കാരില്‍ ഒരാള്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായില്ലേ..ഡി ബ്രുയനെ കൂടാതെ മറ്റൊരു മികച്ച മധ്യനിരക്കാരനും ബെല്‍ജിയം സംഘത്തിലുണ്ട്-സ്പാനിഷ് ലാലീഗ കിരീടം അത്‌ലറ്റികോ മാഡ്രിഡിന് സമ്മാനിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച യാനിക് കറാസ്‌കോ. ഡിയാഗോ സിമയോണി എന്ന അര്‍ജന്റീനക്കാരന്‍ പരിശലിപ്പിച്ച അത്‌ലറ്റികോ സംഘം റയല്‍ മാഡ്രിഡിനെയും ബാര്‍സിലോണയെയുമെല്ലാം പിറകിലാക്കി ലാലീഗ കിരീടം നേടിയപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ടീമിന്റെ ഉറുഗ്വേ മുന്‍നിരക്കാരന്‍ ലൂയിസ് സൂവാരസായിരുന്നു. എന്നാല്‍ നിര്‍ണായക ഗോളുകളുമായി ടീമിന്റെ മുന്നണി പോരാളിയായി നിന്നത് കറാസ്‌ക്കോയായിരുന്നു.

ഈ രണ്ട് അനുഭവ സമ്പന്നര്‍ക്കൊപ്പം ലെസ്റ്റര്‍ സംഘത്തിലെ തിമോത്തിയും യൂറി ടെലിമാനസുമെല്ലാം ചേരുമ്പോള്‍ യൂറോയിലെ ബെല്‍ജിയം മധ്യനിര കരുത്തുറ്റതാണ്. ഇവര്‍ നല്‍കുന്ന പന്തുകളെ പ്രയോജനപ്പെടുത്താന്‍ രണ്ട് വിഖ്യാതരുണ്ട്-ഇറ്റാലിയന്‍ സിരിയ എ കിരീടം ഇന്റര്‍ മിലാന് നല്‍കിയ റുമേലു ലുക്കാക്കുവും നാപ്പോളിയുടെ ഡ്രൈസ് മാര്‍ട്ടിനസും. പന്നെ പരുക്കില്‍ തളര്‍ന്നു നില്‍ക്കുന്ന റയലിന്റെ ഈഡന്‍ ഹസാര്‍ഡുമുണ്ട്.

ഫിഫയുടെ ലോക റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് ബെല്‍ജിയം. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, കരുത്തരായ ബ്രസീല്‍ എന്നിവരെയെല്ലാം പിറകിലാക്കിയാണ് ബെല്‍ജിയം ഒന്നാമത് നില്‍ക്കുന്നത്. 1783.38 ആണ് അവരുടെ പോയിന്റ്. ഇംഗ്ലണ്ടും പോര്‍ച്ചുഗലും സ്‌പെയിനും ഇറ്റലിയുമെല്ലാം അടുത്ത സ്ഥാനങ്ങളില്‍ മാത്രമാവുമ്പോള്‍ യൂറോയിലെ കറുത്ത കുതിരകളല്ല ഇത്തവണ ബെല്‍ജിയം-ചാമ്പ്യന്മാരാവാന്‍ തന്നെയാണ് അവരുടെ വരവ്. ഗ്രൂപ്പ് ബിയില്‍ റഷ്യ,ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ലുക്കാക്കുവിന്റെ ടീം. റോബര്‍ട്ടോ മാര്‍ട്ടിനസ് എന്ന സൂപ്പര്‍ പരിശീലകനാണ് ടീമിന്റെ അമരത്തുള്ളത്.

ഇത് വരെ വലിയ കിരീടങ്ങള്‍ അദ്ദേഹത്തിനില്ല. റഷ്യന്‍ ലോകകപ്പില്‍ തകര്‍ത്തു കളിച്ചിരുന്നു ബെല്‍ജിയം. പക്ഷേ നോക്കൗട്ട് ഘട്ടത്തില്‍ പതറി. എന്നിട്ടും രാജ്യാന്തര രംഗത്ത് കരുത്തരായി തന്നെ നില്‍ക്കുന്നു. മാര്‍ട്ടിനസും ലുക്കാക്കുവമെല്ലാം ജൂലൈ 12 ന് വെംബ്ലിയില്‍ കപ്പുയര്‍ത്തിയാല്‍ അല്‍ഭുതപ്പെടാനില്ല

Test User: