X

കോവിഡും കുട്ടികളും

ടി. ഷാഹുല്‍ ഹമീദ്

കോവിഡ് മഹാമാരി ഒന്നും രണ്ടും തരംഗത്തില്‍ വലിയ രീതിയില്‍ പ്രയാസം അനുഭവിച്ചില്ലെങ്കിലും മൂന്നാം തരംഗത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കാന്‍ പോകുന്നത് കുട്ടികളാണ് എന്ന വാര്‍ത്ത വ്യാകുലപ്പെടുത്തുന്നു. കോവിഡ് കാരണം സ്തംഭിച്ചുപോയ വീടകങ്ങളിലും കുടുംബങ്ങളിലും വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളുണ്ട്. പഠന മേഖലയുമായി ബന്ധപ്പെട്ട് പഠിച്ചത് മനസ്സിലാക്കാന്‍ കഴിയാത്തതും ഇന്റര്‍നെറ്റിന്റെ പ്രശ്‌നവും കൂട്ടുകാരുമായി ഇടപഴകാന്‍ കഴിയാത്ത അവസ്ഥയിലും കുട്ടികള്‍ വലിയ രീതിയില്‍ മാനസിക പ്രയാസം അനുഭവിക്കുന്നു. ഒപ്പം വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തനം ആരംഭിക്കാത്തതും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

ലക്ഷണങ്ങളില്ലാതെ അതിഥിയെ പോലെ വന്നു പോവുകയാണ് ബഹുഭൂരിഭാഗം കുട്ടികളിലും. അതുകൊണ്ട് തന്നെ കുട്ടികളില്‍ പ്രതിരോധ ശക്തി പൂര്‍ണ അര്‍ത്ഥത്തില്‍ നിലനിര്‍ത്തേണ്ടത് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും കടമയാണ്. വകഭേദം വന്ന കൊറോണ വൈറസ് കുട്ടികളെ ആക്രമിക്കാതിരിക്കാന്‍ ഇമ വെട്ടാതെ സുരക്ഷാവലയം ഓരോ വീട്ടിലും ഉണ്ടാക്കേണ്ടതായിട്ടുണ്ട്. ലോകത്ത് കോവിഡിന്റെ ഭീതിതമായ യാത്രയില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത് കുട്ടികളാണ്. അഞ്ചു മുതല്‍ 11 വരെ വയസ് പ്രായമുള്ള കുട്ടികളിലെ മാനസിക സംഘര്‍ഷം 24 ശതമാനവും 17, 18 വയസ് പ്രായമുള്ള കുട്ടികളുടെ മാനസിക ബുദ്ധിമുട്ട് 31 ശതമാനവും വര്‍ധിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ലോക പ്രശസ്ത ലാന്‍സ്‌സെറ്റ് മാഗസിന്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ലോകത്ത് 253500 കുട്ടികള്‍ കോവിഡ് കാരണം മരണപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ കുട്ടികളില്‍ ദാരിദ്ര്യം ഒരു വശത്ത് കൂടുമ്പോള്‍ ലോക്ഡൗണിന്റെ ബാക്കിപത്രമായി വീട്ടിനുള്ളില്‍ കഴിയുന്ന അവസ്ഥയില്‍ അമിത ഭക്ഷണം കഴിച്ചു പൊണ്ണ തടിയന്മാരാവുന്ന കുട്ടികളുടെ എണ്ണവും ദിനം പ്രതി വര്‍ധിക്കുന്നു. ഇതൊക്കെ കാണിക്കുന്നത് കോവിഡ് കാരണം കുട്ടികളുടെ സുരക്ഷ വലിയ വെല്ലുവിളിയാണ് എന്നാണ്. വീടുകളില്‍ കഴിയേണ്ടിവരുന്ന സമയത്തെ കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന കുറെ ഘടകങ്ങളുണ്ട്.

വീട്ടുജോലി ചെയ്യിക്കുക, അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, എല്ലാത്തിനുമുപരി ചുറ്റുവട്ടത്തുനിന്ന് കേള്‍ക്കുന്ന നെഗറ്റീവ് ചിന്തകളും കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകളും അവരെ അലോസരപ്പെടുത്തുന്നു. കോവിഡ് വന്നാല്‍ മരണം വേഗത്തിലാകുമെന്ന ചിന്ത ചെറിയ തരത്തില്‍ വ്യാപിക്കുന്നു. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേകം അവബോധം ഉണ്ടാക്കേണ്ടിയിരിക്കുന്നു.

കുട്ടികളുമായി കൂടുതല്‍ ബന്ധപ്പെടുന്നവര്‍, രക്ഷിതാക്കള്‍, കൂട്ടുകാര്‍ എന്നിവരുടെ ശ്രദ്ധയോടെയുള്ള ഇടപെടല്‍ കുട്ടികളില്‍ ആത്മവിശ്വാസം പകരും. കോവിഡ് കാലവും അതിന്റെ ചിട്ടവട്ടങ്ങളുമായി ഇണങ്ങി കഴിയുന്ന കുട്ടികള്‍ക്ക് ദീര്‍ഘമായ കാത്തിരിപ്പ് ഒരുതരം മുഷിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ആത്മവിശ്വാസം നല്‍കാന്‍ സദാ ജാഗരൂകാരകണം. കുട്ടികളുമായി സൗഹൃദത്തിലും അവരെ സാമൂഹിക പരിപ്രക്രിയയില്‍ ബന്ധിപ്പിക്കുന്നതും ജീവിതത്തിന്റെ തുലനാവസ്ഥയിലെ ഘടകങ്ങളുമായി താതാത്മ്യം പാലിക്കുന്നതിലും രക്ഷിതാക്കളും ബന്ധുക്കളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

രോഗ പ്രതിരോധശേഷി കുട്ടികളില്‍ പൂര്‍ണമായും നിലനിര്‍ത്തിയാല്‍ വൈറസില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ സാധിക്കും. ആഹാരം, ജീവിതരീതി, അമിതവണ്ണം എന്നിവയില്‍ പൊതു ധാരണ വീടുകളില്‍ രൂപപ്പെടണം. ഒറ്റയടിക്ക് നിലവിലുള്ള അവസ്ഥയില്‍നിന്ന് മാറ്റാന്‍ ശ്രമിക്കാതെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്ന രീതി അവലംബിക്കണം. ഉത്തരവാദിത്ത ബോധം ജീവിതത്തില്‍ ഉണ്ടാകാന്‍ ഈ കാലഘട്ടത്തില്‍ കഴിയേണ്ടതായിട്ടുണ്ട്. ഭാവിയിലെ ആശങ്കകള്‍ക്കിടയിലും ഓരോ കുട്ടിയിലും പ്രചോദിതമായ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ സാധികുകയാണെങ്കില്‍ കുട്ടികളെ മഹാമാരിയില്‍ നിന്ന് പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ സാധിക്കും.

നിലവില്‍ കുട്ടികള്‍ ഏര്‍പ്പെട്ടിരിക്കുന്ന മാനസിക ഉല്ലാസ പ്രവര്‍ത്തനങ്ങളില്‍നിന്ന് പെട്ടെന്നുള്ള പറിച്ച്‌നടലിന് ശ്രമിക്കാതെ അത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന ജൈവീക പ്രശ്‌നങ്ങളും ദൂരവ്യാപകമായി ഉണ്ടാക്കുന്ന കുറവുകളും കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന പോംവഴി മാത്രമാണ് മുന്നിലുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഓരോ വീട്ടിലും സാഹചര്യത്തിനനുസരിച്ച് ടൈംടേബിള്‍ ഉണ്ടാക്കേണ്ട ആവശ്യകതയാണ് കോവിഡ് കാലം ഓര്‍മ്മപ്പെടുത്തുന്നത്. കുട്ടികളുമായി മുതിര്‍ന്നവര്‍ ചേര്‍ന്ന് നടത്തുന്ന വീട്ടിനുള്ളിലെ ഇടപെടലില്‍ കുട്ടികളുടെ വളര്‍ച്ച, വികാസം, ജീവിതം എന്നിവക്ക് വിഘാതം ഉണ്ടാകാതെ ചില ഇടപെടലുകളും ചിട്ടവട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കി ടേബിളില്‍ രേഖപ്പെടുത്തി ആ ടൈം ടേബിള്‍ എല്ലാവര്‍ക്കും ഉപകാരപ്രഥമാക്കിയാല്‍ വീട്ടിനുള്ളിലുള്ള ആത്മസംഘര്‍ഷത്തിനും കുട്ടികളുടെ മാനസിക പിരിമുറുക്കത്തിനും ശാശ്വത പരിഹാരമാകും. നിലവില്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് ബഹുഭൂരിഭാഗം കുട്ടികള്‍ക്കും കോവിഡ് വരാനുള്ള കാരണം. ഭാവി ഭാഗധേയേങ്ങളായാ കുട്ടികളെ ആസന്നമായ കോവിഡ് മൂന്നാം താരംഗത്തിന് വിട്ടുകൊടുക്കാതെ ചേര്‍ത്തുപിടിക്കേണ്ടതായിട്ടുണ്ട്.

ജനിതക മാറ്റം വന്ന വൈറസിന്റെ മൂന്നാം തരംഗം ആഗസ്തില്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പ് വേവലാതിയോടെ കേള്‍ക്കുന്ന ഓരോരുത്തരും വീട്ടിലെ കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ എ, സി, ഡി കൂടുതലായി കുട്ടികളില്‍ സന്നിവേഷിപ്പിക്കണം. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനായി കുട്ടികളുടെ പ്രശ്‌നം സഗൗരവം വീക്ഷിക്കണം. ചെറിയ അശ്രദ്ധ പോലും വൈറസ് വീടിനുള്ളില്‍ ഇടിച്ചു കയറാന്‍ കാരണമാകും എന്നുള്ളതിനാല്‍ കുട്ടികള്‍ക്ക് സാമൂഹിക കവചം ഒരുക്കാന്‍ ബദ്ധശ്രദ്ധയോടെ മുന്നേറാനും ഒരു താരംഗത്തിനും കുട്ടികളെ കീഴ്‌പ്പെടുത്താന്‍ കഴിയാത്തവിധത്തില്‍ വീട്ടിലെയും ചുറ്റുവട്ടത്തെയും സാമൂഹിക അന്തരീക്ഷം പാകപ്പെടുത്താന്‍ നിലവിലുള്ള സാമ്പ്രാദായിക ചിട്ടവട്ടങ്ങളിലും ശീലങ്ങളിലും മുന്‍വിധി ഇല്ലാതെ മാറ്റം കൊണ്ട്‌വന്നാല്‍ കുട്ടികളെ മഹാമാരിയില്‍നിന്ന് രക്ഷിക്കാന്‍ നിഷ്പ്രയാസം സാധിക്കും.

Test User: