അഡ്വ. എം.ടി.പി.എ കരീം
കോവിഡ് അടിയന്തിരാവസ്ഥ കണക്കിലെടുത്ത് എം.പിമാരുടേത് പോലെ, എം.എല്‍.എമാരുടേയും മണ്ഡലം ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ച് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുകയാണ്. ലോക്‌സഭാംഗങ്ങളെപോലെ നിയമസഭാസാമാജികര്‍ക്കും പണി തീരെ കുറഞ്ഞു. ഇതുവഴി മണ്ഡല വികസനത്തില്‍ എം.എല്‍.എ മാര്‍ക്ക് കാര്യമായ റോളില്ലാത്ത സാഹചര്യമാണ് സംജാതമാവുക.
ലോക്‌സഭാംഗങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആദ്യ ഒരു വര്‍ഷമെങ്കിലും വികസന ഫണ്ട് അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ പുതുതായി വന്ന എം.എല്‍.എമാരുടെ കാര്യമാണ് കഷ്ടം. നിലവിലുള്ള ഫണ്ട് അഞ്ചിലൊന്നായി ചുരുങ്ങിയതോടെ വലിയ വാഗ്ദാനങ്ങളും പ്രതീക്ഷകളും നല്‍കി ജയിച്ചുകയറിയവര്‍ വോട്ടര്‍മാരോട് എന്ത് പറയുമെന്ന അവസ്ഥയിലാണ്. ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് 2100 കോടി കിഫ്ബിയില്‍നിന്നു വായ്പയെടുത്ത് ‘വികസനവിപ്ലവ’ത്തിന് തീരുമാനമെടുത്ത സര്‍ക്കാര്‍ നാടിന്റെ അടിസ്ഥാന വികസനത്തിന് ഉതകുന്ന എം.എല്‍.എ ഫണ്ട് പ്രതിവര്‍ഷത്തെ അഞ്ച് കോടി ഒരുകോടി എന്ന നിലയില്‍ വെട്ടിചുരുക്കിയത് ന്യായീകരിക്കാനാവാത്തതാണ്. സംസ്ഥാനം സാമ്പത്തിക തകര്‍ച്ചയിലും കടക്കെണിയിലുംപെട്ട് കുത്തുപാളയെടുക്കുമ്പോഴും മറുഭാഗത്ത് അതിവേഗ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തിടുക്കപ്പെടുകയാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയിലെ വാഗ്ദാനമാണിതെങ്കില്‍,അതിന് കോവിഡ്കാലം കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കാമല്ലോ.
മംഗലാപുരത്ത്‌നിന്നും കണ്ണൂരില്‍ നിന്നും രണ്ട് മണിക്കൂറിനകം അനന്തപുരിയില്‍ എത്താവുന്ന വ്യോമഗതാഗതവും കൂടെ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളും മറ്റു പൊതുഗതാഗത സംവിധാനങ്ങളും ഉള്ളപ്പോള്‍ സ്ഥലമെടുപ്പും കുടിഒഴിപ്പിക്കലും പരിസ്ഥിതിനാശവും മറ്റുമായി വലിയ പ്രതിസന്ധി സൃഷ്ടിച്ച് നാല് മണിക്കൂറില്‍ ഹൈസ്പീഡില്‍ എത്താന്‍ എന്താണ് ആവശ്യം എന്ന പ്രസക്തമായ ചോദ്യവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. അതും സാധാരണ ജനത്തിന് വരവും വേതനവുമെല്ലാം ഇല്ലാതായ മഹാമാരി സൃഷ്ടിച്ച വറുതിക്കാലത്ത്. അയലത്തെ വീട്ടിലെ പശുവിന് റോഡ് മുറിച്ചുകടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് യു.ഡി.എഫ് ഭരണകാലത്ത് എക്‌സ്പ്രസ് ഹൈവേ പദ്ധതിയെ പ്രതിരോധംതീര്‍ത്ത് തകര്‍ത്തവരിപ്പോള്‍ നാലുവരിപാതക്ക് കേരളത്തെ വില്‍ക്കുകയാണ്.
എം.എല്‍.എ വികസന ഫണ്ട് എന്ന പിച്ചപാത്രത്തില്‍ കയ്യിടാതെ, വന്‍കിട പദ്ധതികള്‍ ഉപേക്ഷിച്ചും പണത്തിന്റെ അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കിയും കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തുക എന്നതാണ് ജനാധിപത്യ ഭരണകൂടത്തില്‍നിന്നു ജനം പ്രതീക്ഷിക്കുന്നത്. കോടികളുടെ എസ്റ്റിമേറ്റിലാണ് മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടാന്‍ അനുമതി നല്‍കിയിട്ടുള്ളത്. കാലങ്ങളായുള്ള പുതുക്കലില്‍ പഴയ രാജകൊട്ടാരസദൃശ്യമായി ഉയര്‍ന്ന് നില്‍ക്കുന്ന മന്ത്രിമന്ദിരങ്ങളില്‍ കോവിഡ് കാലം കഴിയുന്നത് വരെ മോടികൂട്ടല്‍ വേണ്ടെന്ന്‌വെക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. ഉദ്യോഗസ്ഥ മേധാവികളുടെ അനാവശ്യമായ ‘പണം എഴുതിതള്ളല്‍’ താല്‍പര്യത്തിന് മൂക്ക് കയറിടാന്‍ കഴിയണം.
നിരന്തരം വെട്ടി ചുരുക്കലിന് വിധേയമാകുന്ന സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക ഫണ്ടിനോടൊപ്പം ആവശ്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് അതാതിടങ്ങളിലെ എം. എല്‍.എ ഫണ്ട് വിഹിതംകൂടി ലഭ്യമാകുന്നതോടെ പൂര്‍ത്തിയാകുന്ന പദ്ധതികള്‍ ഏറെയാണ്. ഗ്രാമീണ റോഡുകള്‍, തെരുവ് വിളക്കുകള്‍, ഉപ്പുവെള്ളം കയറുന്നതിനുള്ള തടയണ നിര്‍മാണം, സര്‍ക്കാര്‍ ഓഫീസുകളുടേയും മറ്റു കെട്ടിടങ്ങളുടെ നവീകരണം, കുടിവെള്ള വിതരണം തുടങ്ങി ഒട്ടേറെ മേഖലകളില്‍ എം.എല്‍.എ ഫണ്ട് ഏറെ ആശ്വാസകരമായിരുന്നു.
കോവിഡിന്റെ സന്നിഗ്ധ സാഹചര്യത്തില്‍ എല്ലാ മേഖലകളിലും അടിയന്തിര വികസന ആവശ്യത്തിന് മുന്‍ഗണന നിശ്ചയിക്കുകയും ദീര്‍ഘകാലത്തേയും വലിയ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നതുമായ വന്‍കിട പദ്ധതികള്‍ ഉപേക്ഷിക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്. എല്ലാ രംഗത്തും തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിയുമെങ്കില്‍ നാടിന്റെ സമഗ്രവും വ്യാപകവും സുസ്ഥിരവുമായ വികസനത്തിന് ഹേതുവാകുന്ന എം.എല്‍.എ ഫണ്ട് നിര്‍ത്താതെ തുടര്‍ന്നും നടപ്പിലാക്കാന്‍ സാധിക്കും. മുണ്ട് മുറുക്കിയുടുക്കാന്‍ പ്രാപ്തമാകേണ്ട കാലമാണിതെന്ന് സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.