കെ.എന്‍.എ ഖാദര്‍
കോവിഡ് മഹാമാരി നീങ്ങിപോകണമെന്ന് മാനവരാശി ഒന്നടങ്കം ആഗ്രഹിക്കുന്നു. ഓരോ രാജ്യവും ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും സര്‍വരും പിന്തുണയ്ക്കുന്നു. അതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നു. തെറ്റുകള്‍ തിരുത്താന്‍ ആവശ്യപ്പെടുന്നു. ലോക്ഡൗണ്‍ കാലത്തെ ബുദ്ധിമുട്ടുകള്‍ കാരണം വരുമാനമോ, തൊഴിലോ ഇല്ലാതായവരെ സര്‍ക്കാറിനൊപ്പം സന്മനസുള്ള സകലരും സഹായിച്ച് മാതൃക കാട്ടുന്നു. മന്ത്രിമാര്‍ക്കോ, ഭരണാധികാരികള്‍ക്കോ എല്ലാ വിഷയങ്ങളും അറിഞ്ഞുകൊള്ളണമെന്നില്ല. ധാരാളം വീഴ്ചകള്‍ മറ്റു പലരിലും എന്നപോലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും സംഭവിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സര്‍ക്കാറിനോട് സഹകരിക്കണമെന്ന ആഗ്രഹംകൊണ്ടുമാത്രമാണ് എടുത്തുപറയാവുന്ന അനേകം പോരായ്മകള്‍ ചൂണ്ടിക്കാണിക്കാതിരിക്കുന്നത്. തെറ്റുകുറ്റങ്ങള്‍മാത്രം പറയുന്നവരാകരുതല്ലോ.
ഇപ്പോള്‍ ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്ന ഏക കാര്യം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒരു പ്രത്യേക മതക്കാരുടെ മാത്രമല്ല എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഒട്ടും കാലതാമസം വരാതെ അനുവദിക്കണം. വളരെയേറെ ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തില്‍ വിപുലമായ സൗകര്യങ്ങളുള്ള ധാരാളം ആരാധനാലയങ്ങള്‍ എല്ലാ മതസ്ഥര്‍ക്കുമുണ്ട്. വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ളവയും കാണും. ഓരോ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പ്രവേശിപ്പിക്കാവുന്ന അത്രയും ആളുകളെ അനുവദിക്കുന്നതില്‍ എന്താണ് തെറ്റ്. മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. കടകമ്പോളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിരത്തു നിറയെ വാഹനങ്ങള്‍ ഓടുന്നു. അങ്ങാടികള്‍ എല്ലായിടത്തും സജീവമാണ്. മരണവും വിവാഹവും ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിശ്ചിത അളവില്‍ ജനങ്ങള്‍ സംബന്ധിക്കുന്നു. മെഡിക്കല്‍ കോളജുകളിലും മറ്റു സകല ആശുപത്രികളിലും രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ വന്‍ തിരക്കാണ്. നേരിട്ട്‌പോയി ഒന്നു കണ്ടുനോക്കുക, കോവിഡ് പ്രോ ട്ടോകോള്‍ തന്നെ പാലിക്കപ്പെടുന്നതായി തോന്നുകയേ ഇല്ല. എന്തിനധികം, രാഷ്ട്രീയ കക്ഷികളെല്ലാം കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണെന്ന് വിളംബരം ചെയ്ത് നടത്തുന്ന പരിപാടികള്‍ പലതും അതിരുവിട്ടാണ് നടക്കുന്നത്.
ഭരിക്കുന്ന പാര്‍ട്ടികള്‍ ഉള്‍പ്പെടെ അവരുടെ കമ്മിറ്റികള്‍ ചേരുന്നു. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന യോഗങ്ങളാണ് എല്ലാ പാര്‍ട്ടി ഓഫീസുകളിലും നടക്കുന്നത്. നിര്‍ധനരെയും നിരാലംബരെയും സഹായിക്കാനും ആഹാരവും ഭക്ഷ്യ സാധനങ്ങളും നല്‍കാനും സന്നദ്ധ പ്രവര്‍ത്തകരും വിവിധ സംഘടനകളും പ്രവര്‍ത്തിക്കുന്നു. അവയെല്ലാം നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണല്ലോ. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഏതാനും ദിവസങ്ങള്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ സ്വയമേവ എല്ലാവരും പാലിക്കുക തന്നെ വേണം. അങ്ങിനെ ചെയ്തിട്ടുമുണ്ട്. ഇളവുകള്‍ നല്‍കുന്ന ഘട്ടങ്ങളിലും പൊതു ഗതാഗതവും മറ്റും പുനരാരംഭിച്ചിട്ടും ആരാധനാലയങ്ങള്‍ എന്തിന് അടച്ചിടുന്നു?. ബസുകളില്‍, തീവണ്ടികളില്‍, വാഹനങ്ങളില്‍, കാറുകളില്‍ മണിക്കൂറുകളോളം ആളുകള്‍ യാത്ര ചെയ്യുന്നു. അതിനേക്കാളെല്ലാം ആളുകള്‍ കൂട്ടംകൂടി കെട്ടിപ്പിടിക്കുന്ന ഒരേര്‍പ്പാടും ഒരു മതത്തിന്റെയും ആരാധനകളില്‍ ഇല്ലല്ലോ. ഇത്ര ചിട്ടയായി വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ തീര്‍ക്കാവുന്ന ആരാധനകളാണ് അച്ചടക്കത്തോടെ മുസ്‌ലിം പള്ളികളിലും മറ്റും നടക്കുന്നത്. ആളുകളെ കുറയ്ക്കാനും നിയന്ത്രണങ്ങള്‍ പാലിക്കാനും പൊലീസോ പട്ടാളമോ അവിടെ ആവശ്യമില്ല. ഹൈന്ദവര്‍ക്കോ, ക്രൈസ്തവര്‍ക്കോ മറ്റുള്ളവര്‍ക്കോ അവരുടെ ആരാധനകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ കഴിയും.
ക്രൈസ്തവര്‍ ഓണ്‍ലൈനിലും മറ്റുമാണ് ഇപ്പോള്‍ കുര്‍ബാന നടത്തുന്നത്. അതോക്കെ ഉണ്ടെങ്കിലും ഇപ്പോള്‍ കേരളത്തിന് അകത്തും പുറത്തും നടക്കുന്ന തരത്തിലുള്ള കാര്യങ്ങളേക്കാള്‍ ഭയാനകമായ യാതൊന്നും ആരാധനാലയങ്ങളില്‍ നടക്കാനില്ല. മനുഷ്യ ജീവിതത്തിലെ സകല സാമൂഹ്യ ഘടകങ്ങളും ഇന്ന് പ്രവര്‍ത്തനക്ഷമമാണ്. നിയന്ത്രണങ്ങളും ജാഗ്രതയും ഏറെക്കുറെ ഉണ്ട്. നിയന്ത്രണള്‍ പാലിച്ചുകൊണ്ട് ജാഗ്രതയോടെ ഏറ്റവും ലളിതമായും അച്ചടക്കത്തോട്കൂടിയും നടത്താവുന്ന ഏക പ്രവൃത്തി ഒരുപക്ഷേ പള്ളികളിലെ നമസ്‌കാരവും ഇതര മതസ്ഥരുടെ ആരാധനകളും മാത്രമാണ്. ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു പ്രവര്‍ത്തനങ്ങളെല്ലാം ചിലപ്പോള്‍ അശ്രദ്ധമായാണ് നടക്കുന്നത്. ഈ സാഹര്യത്തില്‍ അടിയന്തിരമായി ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിയമസഭകള്‍ ചേരുന്നു. പാര്‍ലമെന്റ് ചേരുന്നു. ജാഥകളും സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നു. കാക്കത്തൊള്ളായിരം സംഘടനകള്‍ അവരുടെ കാര്യങ്ങള്‍ നടത്തുന്നു. എല്ലായിടത്തും കാര്യങ്ങള്‍ സജീവമാണ്. നിയന്ത്രണങ്ങളുണ്ട്, ജാഗ്രതയുണ്ട്. അതീവ ശ്രദ്ധ വേണം. രോഗം പകരാന്‍ ഇടയാക്കരുത്. സഹജീവികളെക്കുറിച്ചും അവരവരെക്കുറിച്ചും കരുതല്‍ വേണം. ഇടക്കാലത്ത് ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ഇന്റര്‍വ്യു നടന്നു. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ജനം വന്നു നിറഞ്ഞു. മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ ആളുകള്‍ ക്യു നിന്നു. പ്രമുഖരായ പലരുടെയും മരണ സമയത്തും വന്‍തോതിലുള്ള ആള്‍ക്കൂട്ടങ്ങളുണ്ടായി. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങള്‍ ഈ കേരളത്തില്‍ നാം കണ്ടു. ഇതിനൊന്നും ഇടയാക്കാത്തവിധം വിശ്വാസികള്‍ വേണ്ടത്ര ശ്രദ്ധയോടെ നടത്താന്‍ തയ്യാറാണെന്ന് സമ്മതിച്ച അവരുടെ ആരാധനകള്‍ നടത്താന്‍ പള്ളികളും മറ്റു ആരാധനലായങ്ങളും തുറന്നുകൊടുക്കാന്‍ ഒരുക്കമല്ലാത്ത ഒരു വല്ലാത്തവിമുഖത എന്തിനാണ്. അത് നല്ലതല്ല. എല്ലാ മതസ്ഥരും ആരാധിക്കട്ടെ. മനസുകളില്‍ വെളിച്ചം നിറയട്ടെ. ആത്മ സംതൃപ്തിയും ആത്മവിശ്വാസവും കൈവരിക്കട്ടെ. രോഗശമനത്തെ അത് സഹായിക്കുക മാത്രമേയുള്ളു.