Categories: Article

ലോക മുതലാളിത്തവും ചൈനയും കൊമ്പുകോര്‍ക്കുന്നു

കെ. മൊയ്തീന്‍കോയ

കമ്യൂണിസ്റ്റ് ചൈനക്കെതിരെ ലോക മുതലാളിത്ത ശക്തികള്‍ ആഞ്ഞടിക്കുന്നു. സാമ്പത്തിക, സൈനികരംഗത്ത് സമ്പന്ന രാഷ്ട്രങ്ങളെ മറികടന്ന് കുതിക്കുന്ന ചൈന വന്‍ ഭീഷണി ഉയര്‍ത്തുന്നു എന്ന തിരിച്ചറിവാണ് കഴിഞ്ഞാഴ്ച ലണ്ടനില്‍ സമ്മേളിച്ച സമ്പന്ന രാഷ്ട്ര കൂട്ടായ്മയായ ജി 7 ഉച്ചകോടിയുടെ തീരുമാനം വ്യക്തമാക്കുന്നത്. ചൈനയുടെ കുതിപ്പിന് കടിഞ്ഞാണിടാന്‍ ബദല്‍പദ്ധതി പ്രഖ്യാപിക്കുക മാത്രമല്ല, ചൈനയെ ഒറ്റപ്പെടുത്താന്‍ റഷ്യയുമായുള്ള ഭിന്നതക്ക് പരിഹാരം കാണാന്‍ അമേരിക്കതന്നെ വിട്ടുവീഴ്ചയോടെ മുന്നോട്ട്‌നീങ്ങാന്‍ തയാറായിരിക്കുകയുമാണ്. ഏഴ് മുതലാളിത്ത രാഷട്രത്തലവന്‍മാര്‍ ദീര്‍ഘവീക്ഷണത്തോടെ ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ ഇടപെടാനാണ് തയാറെടുക്കുന്നത്. അല്ലാത്തപക്ഷം, ദരിദ്ര/വികസ്വര രാഷ്ട്രങ്ങള്‍ ഭൂരിപക്ഷവും വൈകാതെ ചൈനയുടെ നീരാളിപിടുത്തത്തില്‍ അമരുമെന്ന് ഉച്ചകോടി നിരീക്ഷിക്കുക മാത്രമല്ല ഇതിന് പദ്ധതി ആസൂത്രണം ചെയ്യുകയുമുണ്ടായി.

ചെറുകിട, ദരിദ്ര രാജ്യങ്ങള്‍ ചൈനയുടെ കടക്കെണിയില്‍ വീഴുകയാണ്. ഇത്തരം രാഷ്ട്രങ്ങളെ സഹായിക്കുന്നതിന് ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതിക്ക്പകരം അമേരിക്കയുടെ ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ് പദ്ധതിയുടെ മാതൃകയില്‍ ഏഷ്യാ ആഫ്രിക്ക, ലാറ്റിന്‍, യൂറോപ്പ് എന്നിവിടങ്ങളെ ദരിദ്ര/വികസ്വര രാഷ്ട്രങ്ങളെ സഹായിക്കാന്‍ പദ്ധതി തയാറാക്കുന്നു. തുടക്കമെന്ന നിലയില്‍ 100 കോടി ഡോസ് വാക്‌സിന്‍ ഈ രാഷ്ട്രങ്ങള്‍ക്ക് നല്‍കാന്‍ ഉച്ചകോടി പ്രഖ്യാപിച്ചു.

ചൈനയെ നേരിടാന്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ക്ക് മാത്രമായി കഴിയില്ലെന്ന് ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായപ്പെട്ടത് അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനപ്രകാരമാണ്, ദരിദ്ര രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കാനും തന്ത്രപരമായ മത്സരത്തെ നേരിടാനും സഹായിക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നത്. ദക്ഷിണ കൊറിയ, ഇന്ത്യ, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങളെ ഉച്ചകോടിയിലേക്ക് പ്രത്യേകം ക്ഷണിതാക്കളാക്കിയതും ചൈനക്കെതിരായ വിശാല സഖ്യം എന്ന ലക്ഷ്യത്തോടെ തന്നെയാണ്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി എന്നീ സമ്പന്ന ശക്തികളില്‍ ചിലത് തകര്‍ന്നുകഴിഞ്ഞു. ഇറ്റലി ചൈനീസ് സഹായം സ്വീകരിച്ചത് മറ്റ് രാഷ്ട്രങ്ങളെ നടുക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഗ്രീസ് 2019 ല്‍ ചൈനയുമായി കരാറില്‍ ഏര്‍പ്പെട്ടതും അവഗണിക്കാനാവില്ലെന്ന് ജി 7 നിരീക്ഷിക്കുന്നു. ഈ നിലയില്‍ മുന്നോട്ട്‌പോയാല്‍, ഭാവി അപകടകരമെന്നാണ് വിലയിരുത്തല്‍. അതിനാല്‍തന്നെ വികസ്വര രാജ്യങ്ങളില്‍ ചൈനീസ് തന്ത്രങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നാണ് ഉച്ചകോടി തീരുമാനം.

പരിസ്ഥിതി, കാലാവസ്ഥ, തൊഴില്‍, സുരക്ഷ തുടങ്ങിയവയില്‍ 40 ട്രില്യണ്‍ ഡോളറിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അമേരിക്ക തയാറാവുന്നു. 40 വര്‍ഷത്തിനിടെ സാമ്പത്തിക, സൈനിക രംഗത്തുള്ള ചൈനീസ് മുന്നേറ്റം സമ്പന്ന രാഷ്ട്രങ്ങളെ മറികടക്കുന്നതും ഭയപ്പെടുത്തുന്നതുമാണത്രെ. കൃത്യമായ ആസൂത്രണത്തോടെ സഹായിച്ച് വികസ്വര രാജ്യങ്ങളെ ഒപ്പംനിര്‍ത്താനാണ് പദ്ധതി. അല്ലാത്തപക്ഷം, ജി 7 ന് ഭാവിയില്ല. സാമ്പത്തിക ഉപരോധമോ യുദ്ധമോ ചൈനീസ് മുന്നേറ്റത്തെ ചെറുക്കാന്‍ പര്യാപ്തമല്ലെന്നും ഉച്ചകോടി നിരീക്ഷിക്കുന്നു. ചൈനയുടെ സൈബര്‍ ആക്രമണം, ജൈവായുധ നീക്കം എന്നിവയൊക്കെ അമേരിക്ക ഉള്‍പ്പെടെ പല രാഷ്ട്രങ്ങള്‍ക്കും ലോകത്തിന് പൊതുവേയും അസ്വസ്ഥത സൃഷ്ടിക്കുന്നവയാണ്. ജപ്പാന്‍, തിബത്ത്, തായ്‌വാന്‍, ആസ്‌ട്രേലിയ എന്നിവക്കെതിരായ ഭീക്ഷണി, ചൈനയുടെ ആയുധങ്ങളുടെ രഹസ്യ സ്വഭാവം, 2009ല്‍ പെന്റഗണ്‍ തന്നെ പുറത്ത്‌വിട്ട ചൈനയുടെ ലേസര്‍ ആയുധ സംവിധാനം, ഏത് ഉപഗ്രഹത്തെയും അക്രമിക്കാനുള്ള ശേഷി, മറ്റേതൊരു രാജ്യത്തെക്കാളും മുന്നിലുള്ള സാങ്കേതിക വിദ്യ എന്നിവയെല്ലാം വന്‍ ഭീഷണിയാണ്. അതുകൊണ്ട്തന്നെ ഒന്നിച്ച്‌നില്‍ക്കണമെന്നും ആഞ്ഞടിക്കണമെന്നുമുള്ള ദൃഢനിശ്ചയത്തിലാണ് അമേരിക്കയും കൂട്ടാളികളും. എന്നാല്‍ ജി 7 നീക്കത്തെ ചൈന തള്ളുക മാത്രമല്ല പുച്ഛിക്കുകയുമാണ്. പ്രമുഖ ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് കാര്‍ട്ടൂണിലൂടെ ഉച്ചകോടിയെ പരിഹസിക്കുന്നു. ശീതയുദ്ധകാലത്തെ രണ്ട് ചേരി എന്ന സ്ഥിതിയല്ല, ഇപ്പോള്‍ എന്നാണ് ചൈനീസ് നിലപാട്. രാഷ്ട്രങ്ങളുടെ കൂട്ടായ്മ പാളിപ്പോകും. ചൈന ഒറ്റക്ക് ഇതൊക്കെ നേരിടുമെന്നാണ് പ്രതികരണം. ചൈനക്കെതിരെ അയല്‍പക്കങ്ങളിലെ ആയുധ വിന്യാസം നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതമെന്നാണ് അവരുടെ മുന്നറിയിപ്പ്. ഏഷ്യയില്‍ കുഴപ്പമുണ്ടാക്കരുതെന്നും താക്കീത് നല്‍കുന്നു. നിസ്സാര ശക്തിയല്ല ചൈന എന്ന തിരിച്ചറിവ് വൈകിയാണ് സമ്പന്ന കൂട്ടായ്മക്ക് ഉണ്ടാകുന്നത്.

Test User:
whatsapp
line