X

വിദ്യാഭ്യാസ മികവില്‍ കേരളം കിതയ്ക്കുന്നു

പി.പി. മുഹമ്മദ്

ദേശീയതലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ മികവ് അടിസ്ഥാനമാക്കി പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് (പി.ജി. ഐ) സര്‍വെ റിപ്പോര്‍ട്ട്, നാഷണല്‍ അച്ചീവ്‌മെ ന്റ് സര്‍വെ (എന്‍.എ.എസ്) തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌വന്നപ്പോള്‍ കേരളം കിതയ്ക്കുകയാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ മികവ് വെളിപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന സ്ഥാനം നേടാനായില്ലെന്നതിന്പുറമെ നിലവാര തകര്‍ച്ചയും കാണുകയാണ്. മൂന്ന് വര്‍ഷമായി പ്രസിദ്ധീകരിച്ച സര്‍വെ റിപ്പോര്‍ട്ടുകളില്‍ കേരളത്തിന് ഒന്നാം സ്ഥാനം നേടാനായില്ലെന്ന് മാത്രമല്ല രണ്ടാം സ്ഥാനത്ത്‌നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ ഗ്രേഡിങ് കൂട്ടത്തില്‍ ഒന്നാം സ്ഥാനവും ഒറ്റക്ക് നില്‍ക്കുമ്പോള്‍ നാലാം സ്ഥാനവുമാണ് കേരളത്തിനുള്ളത്.

2017 മുതലാണ് സ്‌കൂള്‍ പ്രവേശനം, വിദ്യാലയ വിദ്യാഭ്യാസ ലഭ്യത, വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, തുല്യത, ഭരണ പ്രക്രിയ, പഠന ഗുണനിലവാരം, ഗുണത എന്നിവയെ അടിസ്ഥാനമാക്കി ദേശീയ തലത്തില്‍ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് (പി.ജി.ഐ) പ്രസിദ്ധീകരിച്ച് തുടങ്ങിയത്. 2019-20 വര്‍ഷം 15,51,002 സ്‌കൂളുകളെയും 94,30,839 അധ്യാപകരെയും 24,83,38,584 കുട്ടികളെയും സൂക്ഷ്മതല വിലയിരുത്തല്‍ നടത്തിയാണ് പി.ജി.ഐ സര്‍വെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 28 സംസ്ഥാനങ്ങള്‍, 9 കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയാണ് വര്‍ഷംതോറും വിലയിരുത്തപ്പെടുന്നത്.

പ്രധാനപ്പെട്ട അഞ്ച് അടിസ്ഥാന ചോദ്യങ്ങളും 70 സൂചകങ്ങളുമാണ് റിപ്പോര്‍ട്ടിന്റെ ഗ്രേഡിങ് പോയന്റിന് നിശ്ചയിക്കുന്നത്. ചുരുങ്ങിയത് 500 പോയന്റും പരമാവധി 1,000 പോയന്റും അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഗ്രേഡിങ് നടത്തിയത്. നഗര ഗ്രാമ വിദ്യാഭ്യാസത്തിന്റെ ലഭ്യത, ആണ്‍ പെണ്‍ വിദ്യാഭ്യാസം, കുട്ടികളുടെ കൊഴിഞ്ഞ്‌പോക്ക്, പാഠ്യപാഠ്യേതര വിഷയങ്ങളും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വളര്‍ച്ച നിരക്കില്‍ 2019-20 ദേശീയതലത്തില്‍ 90 ശതമാനം (901950) മുകളിലുള്ളവര്‍ പഞ്ചാബ് 929, ഛണ്ഡിഗഡ് 912, തമിഴ്‌നാട്906, കേരളം 901, അന്തമാന്‍ 901 എന്നീ നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണ് മുന്നിലുള്ളത്. ഏറ്റവും പിന്നില്‍ മേഘാലയ, ലഡാക്ക് എന്നീ പ്രദേശങ്ങളാണ്. ആദ്യ ഗ്രേഡ് നേടിയ സംസ്ഥാനങ്ങളില്‍ കേരളം നാലാം സ്ഥാനത്താണുള്ളത്. 2018-19 വര്‍ഷത്തില്‍ നിന്നും 2019-20 വര്‍ഷം (ഒരു വര്‍ഷം) 20 ശതമാനം വിദ്യാഭ്യാസ വളര്‍ച്ച നിരക്ക് നേടിയാണ് പഞ്ചാബ് 769 ല്‍ നിന്നും 929, അന്തമാന്‍ 678 ല്‍ നിന്നും 901 മുന്നിലെത്തിയത്. കേരളം കഴിഞ്ഞ വര്‍ഷത്തെ 862 ല്‍ നിന്ന് 901 വരെ വിദ്യാഭ്യാസ പുരോഗതിയാണുണ്ടാക്കിയത്.
2018-19 വര്‍ഷത്തില്‍ ഛണ്ഡിഗഡ് 887 ഒന്നാം സ്ഥാനവും ഗുജറാത്ത് 870 രണ്ടാം സ്ഥാനവും നേടിയപ്പോള്‍ 862 പോയന്റ് നേടി കേരളം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 2017-18 ഛണ്ഡിഗഡ് 836 പോയന്റ് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കി. 826 ഗ്രേഡിങ് പോയന്റ് നേടി കേരളം രണ്ടാം സ്ഥാനവും 808 പോയന്റ് നേടി ഗുജറാത്ത് മൂന്നാം സ്ഥാനത്തും എത്തി. 2017-18ല്‍ ദേശീയ വിദ്യാഭ്യാസ മികവില്‍ രണ്ടാം സ്ഥാനത്തെത്തിയ കേരളം 2018-19 ല്‍ മൂന്നാം സ്ഥാനത്തേക്കും 2019-20ല്‍ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുകയാണുണ്ടായത്.
കൊട്ടിഘോഷിക്കപ്പെടുന്ന ഹൈടെക് വിദ്യാഭ്യാസ വര്‍ത്തമാനമല്ലാതെ ദേശീയ പഠന നിലവാര മികവില്‍ മറ്റ് മിക്ക സംസ്ഥാനങ്ങളും കേരളത്തേക്കാള്‍ ഏറെ മുന്നിലാണെന്ന് പഠനം വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളുടെ പട്ടിക നിരത്തിയാല്‍ ഗ്രേഡിങ് കൂട്ടത്തില്‍ മൂന്ന് വര്‍ഷവും കേരളം ഒന്നാം സ്ഥാനത്തുണ്ട്. ഒന്നാം ഗ്രേഡിലുള്ള സംസ്ഥാനങ്ങളെ ഒറ്റക്ക് നിര്‍ത്തുമ്പോള്‍ രണ്ടും മൂന്നും നാലും സ്ഥാനമാണ് കേരളത്തിനുള്ളത്. വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ ദേശീയതലത്തില്‍ രാജസ്ഥാന്‍168, ഛണ്ഡിഗഡ് 160, കര്‍ണ്ണാടക160, ഝാര്‍ഖണ്ട് 156 സ്ഥാനത്തെത്തുകയുണ്ടായി. കേരളം154 പോയന്റ് നേടി അഞ്ചാം സ്ഥാനത്താണുള്ളത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ 130 പോയന്റ് നേടി കേരളം പതിമൂന്നാം സ്ഥാനത്താണുള്ളത്. പഞ്ചാബ്150, ഡല്‍ഹി149, ഛണ്ഡിഗഡ് 147, തമിഴ്‌നാട് 142 എന്നീ സംസ്ഥാനങ്ങളാണ് ഒന്നു മുതലുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. സ്‌കൂള്‍ പഠന ലഭ്യത ഉറപ്പാക്കിയതില്‍ കേരളം ഒന്നാം സ്ഥാനം നേടി. മുഴുവന്‍ സ്‌കൂളിലും അടിസ്ഥാന സൗകര്യമൊരുക്കല്‍ 13, ഭരണപിന്തുണ സംവിധാനം 6, എന്നിവയാണ് കേരളത്തിന്റെ മറ്റ്സ്ഥാനങ്ങള്‍. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ (എന്‍.എ.എസ്) ക്കായി 3,5 ക്ലാസുകള്‍ക്ക് കണക്ക്, ഭാഷ, പരിസര പഠനം എന്നിവയില്‍ നിന്ന് 45 ചോദ്യങ്ങളും 8ാം ക്ലാസിന് കണക്ക്, ഭാഷ, സയന്‍സ്, സോഷ്യല്‍സയന്‍സ് എന്നിവയില്‍നിന്ന് 60 ചോദ്യങ്ങളുമാണുണ്ടായിരുന്നത്. കുട്ടി, സ്‌കൂള്‍, ടീച്ചര്‍ എന്നിവരെയും വിലയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യം, ഗുണനിലവാരം, വിദ്യാഭ്യാസ ലഭ്യത, സംഘാടനം എന്നിവയെല്ലാം വിലയിരുത്തിയാണ് എന്‍.എ.എസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠനോപകരണങ്ങളുടെ കുറവ് 12 ശതമാനം, 21 ശതമാനം ഭാഗികമായും 5 ശതമാനം പൂര്‍ണ്ണമായും അധ്യാപക ക്ഷാമം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാഭ്യാസ രംഗത്തെ ആദ്യഡിജിറ്റല്‍ സംസ്ഥാനമെന്ന് കേരളം അവകാശപ്പെടുമ്പോഴും മുഴുവന്‍ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യമില്ലെന്നതും ഗുണനിലവാരം പിന്നോട്ടായതും ഗൗരവപരമായി കാണേണ്ടിയിരിക്കുന്നു. നിലവില്‍ കുട്ടികളുടെ പ്രവേശനം എണ്ണംകൊണ്ട് കൂടിയതായി കാണുമെങ്കിലും അധ്യാപകരുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്കനുസരിച്ച് അധ്യാപകരില്ലെന്നര്‍ത്ഥം. വിവിധ ഭാഷാ വിഷയങ്ങളുടെ 9,560 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ്കിടക്കുന്നു, എല്‍.പി, യു.പി സ്‌കൂളുകളില്‍ 1704 പ്രധാനധ്യാപകരില്ല, 281 ഹൈസ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല. ഉത്തരവ് ലഭിച്ചിട്ടും 16 മാസമായി 1632 സ്‌കൂളില്‍ കയറാനാവാതെ പുറത്താണ്. 4390 അധ്യാപകര്‍ നിയമനാംഗീകാരത്തിനായി കാത്തിരിപ്പുണ്ട്. 488 പ്രൈമറി പ്രധാനധ്യാപകര്‍ക്ക് പകരമായി നിയമിച്ചവര്‍ അംഗീകാരത്തിന്റെ വേവലാധിയിലാണ്, ഒരധ്യാപകരുമില്ലാതെ 49 സ്‌കൂളുകള്‍ നിലവിലുണ്ട്. തസ്തികയില്ല നിയമനമില്ല, ഇതെല്ലാം പരിഹരിക്കാതെ, ഒഴിവുകള്‍ നികത്താതെ എങ്ങിനെ സ്‌കൂള്‍ ക്ലാസെടുക്കാനാവും. സംതൃപ്തമായ സ്‌കൂള്‍ അന്തരീക്ഷമുണ്ടായാല്‍ മികവും ഗുണനിവാരവും വിദ്യാഭ്യാസ രംഗത്തുണ്ടാവും.

 

Test User: