സുഫ്‌യാന്‍ അബ്ദുസ്സലാം
ഇന്ത്യന്‍ പീനല്‍കോഡില്‍ ‘രാജ്യദ്രോഹം’ എന്ന തലക്കെട്ടോടെയാണ് 124എ വകുപ്പ് നല്‍കിയിട്ടുള്ളത്. അതിങ്ങനെയാണ്: ‘വാചികമായോ ലിഖിതമായോ അടയാളങ്ങള്‍ വഴിയോ അല്ലെങ്കില്‍ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ ഇന്ത്യയില്‍ നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാറിനെതിരെ വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിക്കുകയോ അതിന് ശ്രമിക്കുകയോ, സര്‍ക്കാരിനെതിരെ വികാരം സൃഷ്ടിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവും പിഴയും നല്‍കാവുന്നതാണ്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി തടവുശിക്ഷ നല്‍കാവുന്നതാണ്.’
ജീവപര്യന്തം ശിക്ഷ വിധിക്കുന്ന ഒരു വകുപ്പിന് നല്‍കിയ വിശദീകരണമാണ് മുകളില്‍ കണ്ടത്. ഏതു ഭരണകൂടത്തിനും വലിച്ചുനീട്ടാവുന്നതും ചുരുട്ടിക്കെട്ടാവുന്നതുമായ വിധത്തിലുള്ള ഒരു വിശദീകരണം. രാജഭരണങ്ങളിലും കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിലുമെല്ലാം ഭരിക്കുന്ന സര്‍ക്കാറിനെതിരെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണ്. എന്നാല്‍ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാറിനെയോ അതിന്റെ ലെജിസ്‌ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവക്കെതിരെ ഉന്നയിക്കുന്ന ഏതൊരു വിമര്‍ശനത്തെയും രാജ്യദ്രോഹമായി വക്രീകരിക്കാന്‍ സാധിക്കുന്ന ഒരു നിയമം ജനാധിപത്യ ഇന്ത്യയുടെ ശിക്ഷാനിയമങ്ങളില്‍ ഇപ്പോഴും വിരാജിക്കുന്നത് ഒട്ടും യുക്തിസഹമല്ല.
ഇന്ത്യന്‍ ശിക്ഷാനിയമം പിറവികൊണ്ടത് 1860 ലാണ്. മെക്കാളെ പ്രഭുവിന്റെ നേതൃത്വത്തില്‍ 1836 ല്‍ രൂപം കൊണ്ട ബ്രിട്ടീഷ് ഇന്ത്യന്‍ ലോ കമ്മീഷന്‍ ആണ് ഇന്ത്യന്‍ പീനല്‍ കോഡ്1860 നിര്‍മ്മിച്ചത്. എന്നാല്‍ അന്ന് 124 എ എന്നൊരു വകുപ്പ് ഐ.പി.സിയില്‍ ഉണ്ടായിരുന്നില്ല. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച് പിന്നീട് സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയിലെ ജനങ്ങള്‍ ഒത്തുചേരുകയും പ്രത്യക്ഷ സമരങ്ങള്‍ നടത്തിവരികയും ചെയ്തപ്പോള്‍ അതിനെ നിരോധിക്കുന്നതിന്‌വേണ്ടി 1870 ല്‍ ബ്രിട്ടീഷുകാര്‍ ഐ. പി.സിയില്‍ ഭേദഗതി കൊണ്ടുവന്നു. അങ്ങനെയാണ് 124നും 125നും ഇടയിലായി ഒരു ‘124എ’ പ്രത്യക്ഷപ്പെട്ടത്.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ മുഴുവന്‍ ‘രാജ്യദ്രോഹം’ എന്ന നിയമത്തിനുള്ളില്‍ ചവിട്ടിമെതിക്കാനായിരുന്നു അവര്‍ ഈ നിയമം കൊണ്ടുവന്നത്. നാടകങ്ങളും അഭിനയങ്ങളുമടക്കമുള്ള കലകളെ ഉപയോഗപ്പെടുത്തി ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളെ ഉത്ബുദ്ധരാക്കിയപ്പോള്‍ അതിനെതിരെ 1876 ല്‍ ‘ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്റ്റ്’ കൊണ്ടുവന്നു. പത്രമാധ്യമങ്ങളിലൂടെയുള്ള ബ്രിട്ടീഷ് വിമര്‍ശനങ്ങള്‍ക്കെതിരെ 1878 ല്‍ അവര്‍ ‘വെര്‍നാക്കുലര്‍ പ്രസ് ആക്റ്റ്’ കൊണ്ടുവന്നു. ഇങ്ങനെ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യമെന്ന ആശയത്തിനെതിരെ ബ്രിട്ടീഷുകാര്‍ വിവിധ നിയമങ്ങള്‍ കൊണ്ടുവന്നതില്‍ വളരെ പ്രധാനപ്പെട്ട നിയമമായിരുന്നു ‘സെഡിഷന്‍’ എന്ന തലക്കെട്ടില്‍ വന്ന 124എ.
ഈ നിയമം ഉപയോഗിച്ച് ഇന്ത്യയുടെ പ്രമുഖ നേതാക്കളെ ബ്രിട്ടീഷുകാര്‍ ദ്രോഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രഥമ നേതാക്കളില്‍ പ്രമുഖനായിരുന്ന ബാലഗംഗാധര തിലകിനെ 1897 ല്‍ ബ്രിട്ടീഷുകാര്‍ 124എ ചുമത്തി കേസെടുത്തു. പതിനെട്ടു മാസം ജയിലില്‍ കഴിഞ്ഞ തിലകിനെ പിന്നീട് കുറ്റവിമുക്തനാക്കി. 1909, 1916 എന്നീ വര്‍ഷങ്ങളിലും അദ്ദേഹത്തിനെതിരെ ഇതേ നിയമം അവര്‍ ചുമത്തിയിട്ടുണ്ട്. വിചാരണ വേളയില്‍ ബ്രിട്ടീഷ് കോടതിയോട് അദ്ദേഹം പറഞ്ഞത് നിത്യപ്രസക്തമായി തുടരുന്നു. ‘ഇത് ബ്രിട്ടീഷ് സര്‍ക്കാറിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ ‘രാജ്യദ്രോഹ’മാണോ അതോ ഇന്ത്യന്‍ ജനതക്കെതിരായ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ‘ദേശദ്രോഹ’മാണോ?’.
മഹാത്മജിക്കെതിരെയും അവര്‍ 124എ പ്രയോഗിച്ചു. 1922 ല്‍ ആയിരുന്നു അത്. മലബാര്‍, ബോംബെ, ഉത്തര്‍പ്രദേശിലെ ചൗരി ചൗരാ എന്നിവിടങ്ങളില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് പ്രേരണ നല്‍കി എന്നും യങ് ഇന്ത്യയില്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു എന്നുമെല്ലാമായിരുന്നു ഗാന്ധിജിക്കെതിരെ ‘രാജ്യദ്രോഹം’ ചുമത്താന്‍ അവര്‍ കണ്ടെത്തിയ കാരണങ്ങള്‍. വിചാരണവേളയില്‍ 124എ യെ ഗാന്ധിജി വിശേഷിപ്പിച്ചത് ‘പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത ഐ.പി.സിയിലെ രാജകുമാരന്‍’ എന്നായിരുന്നു. അദ്ദേഹം കോടതിയോടായി പറഞ്ഞു: ‘നിര്‍മ്മിക്കാനോ നിയമപ്രകാരം നിയന്ത്രിക്കാനോ സാധിക്കുന്ന വികാരമല്ല സംതൃപ്തി. ഒരാള്‍ക്ക് ഒരു വ്യക്തിയോടോ സംവിധാനത്തോടോ ഒരു തൃപ്തിയുമില്ലെങ്കില്‍ അയാള്‍ക്ക് അതൃപ്തിയും വിയോജിപ്പും രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. ഒരാള്‍ അക്രമത്തെക്കുറിച്ച് ആലോചിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്തിടത്തോളം കാലം അയാള്‍ക്ക് അസംതൃപ്തിയും വിയോജിപ്പും ആവിഷ്‌കരിക്കാനുള്ള പൂര്‍ണ്ണമായ സ്വാതന്ത്ര്യമുണ്ടായിരിക്കണം.’ ജനാധിപത്യ ഇന്ത്യയില്‍ പോലും പ്രതികരണ സ്വാതന്ത്ര്യം രാജ്യദ്രോഹമായി വക്രീകരിക്കപ്പെടുമ്പോള്‍ രാഷ്ട്രപിതാവ് ബ്രിട്ടീഷ് ജഡ്ജിക്ക് മുമ്പാകെ സധൈര്യം പറഞ്ഞ മനഃശാസ്ത്രപരവും പുരോഗമനപരവുമായ വാചകങ്ങള്‍ പ്രസക്തമാവുകയാണ്.
(തുടരും)