അഡ്വ. ഇ.ആര്‍ വിനോദ്
ആസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയ 2021 ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെ തേസ്പൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ടീം ഇന്ത്യയുടെ വിജയത്തെ പ്രശംസിച്ചു കൊണ്ട് മോദി പറഞ്ഞു ‘നമ്മള്‍ ഇരട്ടവിജയം നേടിയിരിക്കുന്നു. ക്രിക്കറ്റ് ആസ്‌ട്രേലിയ നമ്മുടെ യുവത്വത്തിന്മുന്നില്‍ മുട്ടുമടക്കി. നമ്മുടെ വീറുറ്റ പോരാട്ടത്തിലൂടെ നാം കൊറോണയേയും കീഴടക്കി’. ഈ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയെന്നോണം മാര്‍ച്ചു മാസത്തില്‍ പ്രയാഗ്‌രാജില്‍ (അലഹബാദ്) നടക്കുന്ന കുംഭമേളയിലേക്ക് ഭക്തരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ പ്രമുഖ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ ബംഗാള്‍ പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ യുദ്ധത്തില്‍ ബി.ജെ.പിയെ മുന്നില്‍നിന്ന് നയിച്ച് മോദി തുടരെത്തുടരെ ബംഗാളിലെത്തി മഹാറാലികളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഉന്മത്തരാക്കി. അപ്പോഴേക്കും ഡല്‍ഹി, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ ഓക്‌സിജന്‍ ക്ഷാമംകൊണ്ട് ശ്വാസംമുട്ടി മരിച്ചു തുടങ്ങിയിരുന്നു.
കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കാനും യഥാസമയം അത് രാജ്യത്തെ ബോധ്യപ്പെടുത്താനും ഭരണകൂടം വിസമ്മതിച്ചുകൊണ്ടേയിരുന്നു. കോവിഡിന്റെ ആദ്യ തരംഗത്തില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെ തുടര്‍ന്ന് കൂട്ടപലായനത്തിന് വിധേയരായ തൊഴിലാളികളില്‍ എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന കണക്ക് ചോദിച്ചപ്പോള്‍ അങ്ങിനെയൊരു കണക്ക്തന്നെ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ മറുപടി. ഈ പശ്ചാത്തലത്തിലാണ് ബ്രൗണ്‍ സര്‍വകലാശാലയിലെ ഡീനായ ഡോ. ആശിഷ് കെ ഝാ പറഞ്ഞത് ‘ചോദ്യങ്ങളെ നിങ്ങള്‍ക്ക് അവഗണിക്കാം. ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറക്കാം. രോഗികളുടെ എണ്ണത്തിലും വെട്ടിക്കുറവ് നടത്താം. പക്ഷേ മരണത്തെ നിങ്ങള്‍ക്ക് അവഗണിക്കാനോ കുറച്ചുകാണിക്കാനോ സാധിക്കില്ല’.
നഗരങ്ങള്‍ തുറക്കുന്നതിന്റേയും ഒത്തുചേരലുകളുടേയും ആഘോഷങ്ങളുടേയും വാക്‌സിനേഷനുകളുടേയും ചിത്രങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പുറത്തുവിട്ടതെങ്കില്‍ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാതെ ഉഴലുന്നതിന്റേയും ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി പിടയുന്ന രോഗികളുടേയും ശ്മശാനങ്ങളില്‍നിന്നുയരുന്ന പുകച്ചുരുളുകളുടേയും ചിത്രങ്ങളായിരുന്നു ഇന്ത്യയില്‍നിന്ന് പുറത്തുവന്നത്. ദുരന്ത കാലത്തെ പ്രതിസന്ധികളും പ്രയാസങ്ങളും സത്യസന്ധമായി ജനങ്ങളെ അറിയിക്കുന്നതിലും ബോധ്യപ്പെടുത്തുന്നതിലും ഭരണകൂടവും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും കുറ്റകരമായി മൗനം പാലിക്കുകയോ ബോധപൂര്‍വമായ അവഗണനയോ കാട്ടി. എന്നാല്‍ അപ്പോഴും ഇന്ത്യന്‍ ദുരന്തം തുറന്നുകാട്ടുന്നതില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിജയിച്ചു. പ്രശസ്തമായ ടൈം മാസിക ഒീം ങീറശ ളമശഹലറ ൗ?െ (മോദി എങ്ങനെയാണ് നമ്മെ തോല്‍പിച്ചത്?) എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി യെ പേരെടുത്ത് കുറ്റപ്പെടുത്തി കവര്‍സ്റ്റോറി നല്‍കിയപ്പോള്‍ ഇന്ത്യാടുഡേയെന്ന ഇന്ത്യന്‍ മാധ്യമം നല്‍കിയ തലവാചകം (പരാജയപ്പെട്ട ഭരണകൂടം; ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? എന്താണ് ചെയ്യേണ്ടത്?) എന്ന് പൊതിഞ്ഞുകെട്ടി പറയുക മാത്രമായിരുന്നു ചെയ്തത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്ന ഇന്ത്യയിലെ വിവിധ ശ്മശാനങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ മനുഷ്യ ഹൃദയങ്ങളില്‍ നെരിപ്പോടുകളായി. ദുരന്തം കൈകാര്യംചെയ്യുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച അക്ഷന്തവ്യമായ പരാജയം ജനങ്ങളിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളും രാജ്യത്തെ സമൂഹമാധ്യമങ്ങളും എത്തിച്ചുകൊണ്ടിരുന്നത് ഭരണകൂടത്തിന് തലവേദനയായി മാറി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ശ്മശാനത്തില്‍ തകരഷീറ്റുകൊണ്ട് മറച്ച് അതിന് മുകളില്‍ ‘ഇവിടെ ഹിന്ദു ആചാരപ്രകാരമാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കപ്പെടുന്നത്. അതിനാല്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിരോധിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെ ചെയ്യുന്നവര്‍ പ്രോസിക്ക്യൂട്ട് ചെയ്യപ്പെടും’ എന്ന ബാനര്‍ സ്ഥാപിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. വിനോദ സഞ്ചാരത്തിനെത്തിയിരുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ബനാറസിന്റെ തീരങ്ങളിലെ പരസ്യമായ സംസ്‌കാര ചടങ്ങുകളുടെ ചിത്രങ്ങള്‍ എത്രയോ പതിറ്റാണ്ടുകളായി ചിത്രീകരിച്ചിരുന്നു. അന്നൊന്നും അത് ആചാരത്തിന്റെ പേരില്‍ ചോദ്യംചെയ്യപ്പെടുകയോ നിരോധിക്കപ്പെടുകയോ കുറ്റകരമായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്തിരുന്നില്ല എന്ന് ഓര്‍ക്കണം.
സമാനതകളില്ലാത്ത ദുരിതപര്‍വങ്ങള്‍താണ്ടി രാജ്യം കിതച്ചും ദീര്‍ഘമായി നിശ്വസിച്ചും മുന്നോട്ട്‌പോകുന്നതിനിടയിലാണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യ തലസ്ഥാനത്ത് മോദി സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്തയെന്ന പേരില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നത്. ഗോരഖ്പൂരിനു സമാനമായി ഈ പ്രവൃത്തികളുടെ ചിത്രീകരണവും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ചിത്രീകരണത്തിനും ചിത്രങ്ങള്‍ക്കും കര്‍ശന നിയന്ത്രണവും നിരോധനവും നിലനില്‍ക്കുമ്പോള്‍പോലും പൂര്‍ണ്ണമായി സംസ്‌കരിക്കാത്തതും പാതിവെന്തതുമായ മൃതശരീരങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ലോകം മുഴുക്കെ വൈറലായി എന്ന ഭരണകൂടങ്ങള്‍ക്ക് നാണക്കേടായി. 2020 സെപ്തംബറിലായിരുന്നു ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ മുന്നോക്ക ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം നടത്തി ദലിത് യുവതിയെ കൊലചെയ്തത്. ഇരയുടെ മൃതദേഹം ധൃതിയില്‍ രാത്രിയുടെ അന്ത്യയാമത്തില്‍ കുട്ടിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും ബന്ധനസ്ഥരാക്കി കത്തിച്ചുകളഞ്ഞത് യു.പി പൊലീസായിരുന്നു. കത്തിയമരുന്ന ചിതയ്ക്കും ഉയര്‍ന്നുപൊങ്ങുന്ന പുകച്ചുരുളുകള്‍ക്കും കാവല്‍നില്‍ക്കുന്ന ഉത്തര്‍പ്രദേശ് പൊലീസിലെ രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ചിത്രം ദി പ്രിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫോട്ടോഗ്രാഫര്‍ മനീഷ മോണ്ഡല്‍ ആയിരുന്നു പകര്‍ത്തിയത്.
ആ ചിത്രമാണ് നിഷ്ടൂരമായ കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും ലോകത്തിനു മുന്നില്‍ ബോധ്യപ്പെടുത്താന്‍ സഹായിച്ചത്. ലോക്ഡൗണ്‍ പലായനത്തിനിടയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ പട്ടിണികൊണ്ട് റയില്‍വെ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം ലോകത്തിന്റെ കരളലിയിപ്പിച്ചു. കൂട്ടപലായനം നടത്തുന്നവര്‍ക്ക്‌നേരെ ആ ഉദ്യമത്തില്‍നിന്ന് പിന്തിരിയാന്‍ ഭരണകൂടം കീടനാശിനി സ്‌പ്രേ ചെയ്യുന്ന ചിത്രവും ദുരന്ത മുഖത്തെ ഭരണകൂട ഭീകരത ലോകത്തിനുമുന്നില്‍ തുറന്നുകാട്ടി. ഭരിക്കുന്നവരുടെ കഴിവുകേടുകളും കുറ്റകൃത്യങ്ങളും അനാവരണംചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്തി തുടങ്ങിയപ്പോഴാണ് സുപ്രീംകോടതിയില്‍ കേസ് വാദിക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ തുഷാര്‍ മേത്തക്ക് ഇത്തരം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കഴുകന്റെ മനസ്സാണെന്ന് കുറ്റപ്പെടുത്താന്‍ തോന്നിയത്.
ചിത്രങ്ങള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാന്‍ മോദിയോളം പോന്ന ബുദ്ധി മറ്റൊരു ഭരണാധികാരിക്കും സമീപകാലത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഒച്ചിഴയുന്ന വേഗതയില്‍ മാത്രം ഇന്ത്യയില്‍ കോവിഡിനെതിരായ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമ്പോള്‍പോലും വാക്‌സിനെടുത്തയാളുകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ തന്റെ ചിത്രം പതിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല. കോവിഡ് അവസാനിപ്പിച്ച് എന്നെങ്കിലും ഈ മഹാദുരന്തത്തെകുറിച്ച് ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ നേതൃത്വം നല്‍കിയത് നരേന്ദ്രമോദി യെന്ന ഭരണാധികാരിയായിരുന്നുവെന്ന് ഈ ചിത്രത്തെകൊണ്ട് അടയാളപ്പെടുത്താനാണ് മോദി വെമ്പല്‍കൊണ്ടത്.
1943 ലെ ബംഗാള്‍ ക്ഷാമ കാലത്ത് പട്ടിണികൊണ്ട് മരിച്ചുവീണ പതിനായിരങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും മനുഷ്യ നിര്‍മ്മിതമായ ക്ഷാമത്തിന് കാരണമായ ഭരണകൂട പരാജയങ്ങളും ലോകത്തിന്മുന്നില്‍ സത്യസന്ധമായി അവതരിപ്പിച്ചത് കല്‍ക്കത്തയില്‍ നിന്നുള്ള ദി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ ഇംഗ്ലീഷുകാരനായ എഡിറ്ററായിരുന്നു. ഭരണകൂട വീഴ്ചകളെ വിമര്‍ശിക്കാന്‍ ബ്രിട്ടീഷ് പൗരത്വം അദ്ദേഹത്തിന് തടസ്സമേ ആയിരുന്നില്ല. അന്താരാഷ്ട്രരംഗത്ത് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വാര്‍ത്തയും ചിത്രങ്ങളിലൊന്നും അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നായിരുന്നു. ജോര്‍ജ് #ോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ പട്ടാപകല്‍ നിലത്തിട്ട് ഷൂസിട്ട കാലുകൊണ്ട് ചവിട്ടി ശ്വാസംമുട്ടിക്കുന്ന ഡെറക് ഷോവിന്‍ എന്ന വെളുത്ത വര്‍ഗകാരനായ പൊലീസുകാരന്റെ വംശീയാതിക്രമത്തിന്റെ മൃഗീയതയായിരുന്നു അത്. ഇതിനെതിരായി അമേരിക്കയിലുണ്ടായ പ്രക്ഷോഭം ഏതാണ്ട് 1960 ലെ സിവില്‍ അവകാശ മുന്നേറ്റ പ്രക്ഷോഭത്തിന് സമാനമായ രീതിയിലായിരുന്നു. ഈ ചിത്രത്തിന് തൊട്ടുമുമ്പ് റോയിട്ടേഴ്‌സ് എന്ന അന്താരാഷ്ട്ര മാധ്യമം ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ കോവിഡ് 19 ല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന ഹാര്‍ട്ട് ഐലന്‍ഡ് എങ്ങിനെയാണ് ശവങ്ങളുടെ നഗരമായി മാറിയതെന്ന് ലോകത്തിന് കാണിച്ചുതന്നു. ഈ ചിത്രങ്ങളെ അമേരിക്കന്‍ ഭരണകൂടം സമീപിച്ചത് ഇന്ത്യന്‍ ഭരണകൂടങ്ങള്‍ സമീപിക്കുന്ന രീതിയിലായിരുന്നില്ല. അവര്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയോ ചിത്രം പകര്‍ത്തിയവരെ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്തില്ല. പകരം യാഥാര്‍ഥ്യം പറയുന്ന ചിത്രങ്ങളില്‍നിന്ന് ആരോഗ്യ മേഖലയേയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളേയും മെച്ചപ്പെടുത്താനുള്ള പാഠം ഉള്‍ക്കൊള്ളുകയായിരുന്നു.
2020 മെയ് 24 നാണ് അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒരു ലക്ഷമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. അന്നേദിവസം പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപേജില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആയിരം രോഗികളുടെ പേരും പ്രായവും മേല്‍വിലാസവും പ്രസിദ്ധീകരിക്കപ്പെട്ടു. മഹാദുരന്ത കാലത്ത് മരണമടഞ്ഞവര്‍ കേവലം സംഖ്യകളല്ലെന്നും അവരെ ചരിത്രം അടയാളപ്പെടുത്തി വെക്കുകയാണെന്നും ഉദ്‌ഘോഷിക്കുകയായിരുന്നു ആ പ്രവൃത്തിയിലൂടെ ന്യൂയോര്‍ക്ക് ടൈംസ് ചെയ്തത്. ചിത്രങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെ ഓര്‍മ്മകള്‍ക്കെതിരായ യുദ്ധം നയിക്കുകയാണെന്ന് ഇന്ത്യ ഓരോ നിമിഷവും ലോകത്തെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ കെട്ട കാലത്ത്. ഹിതകരമല്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരും ഭരണകൂട വീഴ്ചകളെ തുറന്നുകാട്ടുന്നവരും രാജ്യദ്രോഹികളായിമാറുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ഥ്യം കോവിഡിനോളംതന്നെ ഭീകരമാണ്.