X
    Categories: Article

മസാച്ചുസെറ്റ്‌സില്‍നിന്ന് കുസാറ്റിലേക്ക്

 ഷെരീഫ് സാഗര്‍

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ചെസ്റ്റര്‍ ബൗള്‍സ് 1968 ഏപ്രില്‍ 10ന് സി.എച്ച് മുഹമ്മദ് കോയക്ക് ഒരു കത്തെഴുതി. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ രാഷ്ട്രീയ, വിദ്യാഭ്യാസ സംവിധാനങ്ങള്‍ മനസ്സിലാക്കാനുള്ള യാത്രക്കു വേണ്ടിയുള്ള ക്ഷണമായിരുന്നു അത്. അങ്ങനെ ജൂണ്‍ 15 മുതല്‍ സി.എച്ചിന്റെ ജീവിതത്തിലെ സാമാന്യം ദീര്‍ഘമായ വിദേശയാത്ര ആരംഭിച്ചു. ‘ലോകം ചുറ്റിക്കണ്ടു’ എന്നാണ് ഈ യാത്രാവിവരണ ഗ്രന്ഥത്തിന്റെ ശീര്‍ഷകം. സി.എച്ചിന്റെ യാത്രകളൊന്നും വിനോദ സഞ്ചാരങ്ങളായിരുന്നില്ല. വിദേശരാജ്യങ്ങളിലെ ജീവിതരീതികളെപ്പറ്റിയും വിദേശ സര്‍വ്വകലാശാലകളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചും വിശദമായി പഠിക്കാനും പഠിച്ചത് പകര്‍ത്താനുമുള്ള അവസരമായിട്ടാണ് യാത്രകളെ അദ്ദേഹം കണ്ടത്. അവയെല്ലാം മലയാളത്തിന്റെ സഞ്ചാര സാഹിത്യത്തിന് മുതല്‍ക്കൂട്ടായി ഇന്നും വായിക്കപ്പെടുന്നു.

അമേരിക്കന്‍ യാത്രയെക്കുറിച്ച് സി.എച്ച് വിശദമായി എഴുതിയിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയവും വംശീയ പ്രശ്‌നങ്ങളും വാഷിംഗ്ടണിലെയും ന്യൂയോര്‍ക്കിലെയും കാഴ്ചകളും അമേരിക്കയുടെ അന്നത്തെ ജീവിത രീതിയുമെല്ലാം മനോഹരമായി എഴുതിയ സി.എച്ച് കൂടുതല്‍ സമയം വിനിയോഗിച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള സഞ്ചാരത്തിനാണ്. അമേരിക്കന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സവിശേഷതകള്‍ ഒന്നൊഴിയാതെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സി.എച്ചിനെ ഏറെ ആകര്‍ഷിച്ച കലാലയം മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ്. ആയിരത്തിലധികം അധ്യാപകരും പതിനായിരത്തോളം വിദ്യാര്‍ത്ഥികളുമുള്ള ലോകത്തെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. ഇന്നും മസാച്ചുസെറ്റ്‌സിലെ എം.ഐ.ടി ലോകോത്തര ശാസ്ത്ര സാങ്കേതിക കലാലയമാണ്. ഈ സ്ഥാപനത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കിയ ശേഷമാണ് കേരളത്തില്‍ ഒരു സാങ്കേതിക സര്‍വ്വകലാശാല എന്ന സ്വപ്‌നം സി.എച്ചിന്റെ മനസ്സില്‍ രൂപപ്പെട്ടത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്) സംഭവിക്കുന്നത് അങ്ങനെയാണ്.

സി.എച്ചിന്റെ ആ സ്വപ്‌നത്തെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ.എം റോയ് എഴുതുന്നതിങ്ങനെ. ”സാക്ഷരതയുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ മുന്നിട്ട് നില്‍ക്കുന്ന ഭൂപ്രദേശമായ കേരളത്തില്‍, അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരെ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമെന്ന് വിദേശ പത്രപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന കേരളത്തില്‍, ഒരു ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല എന്ന ആശയം സി.എച്ച് മുഹമ്മദ് കോയയുടെ മനസ്സിലാണ് ഉദിച്ചതെന്ന് നാം ഓര്‍ക്കണം. എം.ഐ.ടി എന്ന് അറിയപ്പെടുന്ന വിശ്വവിഖ്യാതമായ വിദ്യാഭ്യാസ സ്ഥാപനം സന്ദര്‍ശിക്കാന്‍ ഇടയായപ്പോള്‍ സി.എച്ചിന്റെ മനസ്സില്‍ ഉദയം ചെയ്ത ആശയമാണ് ഇപ്പോള്‍ ലോകത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ നാഴികക്കല്ലാണ് കൊച്ചി സര്‍വ്വകലാശാല. ഈ ആശയം ഉള്‍ക്കൊള്ളാന്‍ മുഹമ്മദ് കോയയ്ക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം കൊണ്ട് മാത്രമാണ്.”

മസാച്ചുസെറ്റ്‌സില്‍നിന്ന് കുസാറ്റിലേക്ക് വളര്‍ന്ന ആ സ്വപ്‌നത്തിന് ആരൊക്കെ അവകാശവാദം ഉന്നയിച്ചാലും അത് സി.എച്ചിന്റെ കലാലയം അല്ലാതെയാകുന്നില്ല. ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയാണ് കുസാറ്റ്. സര്‍വ്വകലാശാലയുടെ സുവര്‍ണ ജൂബിലി സമുചിതമായി ആഘോഷിക്കുമ്പോള്‍ സി.എച്ചിനെ ചരിത്രത്തില്‍നിന്ന് മായ്ച്ചു കളയാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, 1971 സെപ്തംബര്‍ 18ന് കുസാറ്റിന് ഔദ്യോഗികമായി ശിലപാകിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേര് ആ ശിലാഫലകത്തില്‍നിന്ന് മായ്ച്ചു കളയാന്‍ ആര്‍ക്കും കഴിയില്ല. ജൂലൈ 10നാണ് കുസാറ്റിന് അമ്പതാണ്ട് പൂര്‍ത്തിയാകുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷമാണ് ഇന്ന് മുതല്‍ നടക്കുന്നത്. സി.എച്ചിന്റെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന്റെ സുവര്‍ണ ജൂബിലിയാണിത്. കേരള നിയമസഭയിലും നിയമസഭക്ക് പുറത്തും ഈ സര്‍വ്വകലാശാലയുടെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ സി.എച്ച് നിരത്തിയ വാദങ്ങള്‍ ചരിത്ര രേഖകളാണ്. ഈ കലാലയം വന്നാലുള്ള ഗുണങ്ങള്‍ നിരത്തി ചന്ദ്രികയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി സി.എച്ച് ലേഖന പരമ്പര എഴുതുകയും ചെയ്തു.

കൊച്ചി വ്യാവസായിക മേഖലയുടെ പ്രത്യേകത മുന്‍നിര്‍ത്തി, സാങ്കേതിക വിഷയങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്ത് ഈ രാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയെ സഹായിക്കുന്ന ഒരു പുതിയ സര്‍വ്വകലാശാലയാണിതെന്ന് 1971 ഏപ്രില്‍ 30ന് കൊച്ചി സര്‍വ്വകലാശാല ബില്‍ അവതരിപ്പിച്ചുകൊണ്ട് സി.എച്ച് പറഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ എത്രയും വേഗം പാസ്സാക്കണമെന്നായിരുന്നു സി.എച്ചിന്റെ താല്‍പര്യം. ഈ ബില്ല് ഇന്നു തന്നെ പാസ്സാക്കിയെടുക്കാന്‍ സഭ സന്മനസ്സ് കാണിക്കണമെന്നും കാലതാമസമുണ്ടാക്കി വിഷമിപ്പിക്കരുതെന്നും സി.എച്ച് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഭൂരിപക്ഷ തീരുമാന പ്രകാരം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുകയും പിന്നീട് 1971 ആഗസ്ത് 11ന് വീണ്ടും സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കും പ്രശസ്തിക്കും ഈ പുതിയ സര്‍വ്വകലാശാല ഉപകരിക്കുമെന്ന് പറഞ്ഞുകൊണ്ട് വളരെ സന്തോഷത്തോടെയാണ് സി.എച്ച് കൊച്ചി സര്‍വ്വകലാശാല ബില്‍ അവതരിപ്പിച്ചത്. വ്യാവസായിക മേഖലയുമായുള്ള നിരന്തര സമ്പര്‍ക്കവും സഹകരണവും ആയിരിക്കണം പുതിയ യൂണിവേഴ്‌സിറ്റിയുടെ നേട്ടവും പ്രത്യേകതയുമെന്ന് സി.എച്ച് നിയമസഭാ പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു വിദ്യാഭ്യാസ വിചക്ഷണന്റെ വൈദഗ്ധ്യത്തോടെയാണ് കൊച്ചി സര്‍വ്വകലാശാല ബില്ലുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കും ഭേദഗതികള്‍ക്കും സി.എച്ച് മറുപടി നല്‍കിയത്.

സി.എച്ചിന്റെ കലാലയത്തെ കുസാറ്റിന്റെ ആദ്യ വൈസ് ചാന്‍സലര്‍ ആയിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ സ്വപ്‌നമായി അവതരിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. തൃശൂര്‍ എം.എല്‍.എ ആയിരുന്ന ജോസഫ് മുണ്ടശ്ശേരിയെ രാജിവെപ്പിച്ച് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറാക്കിയത് സി.എച്ച് എന്ന വിദ്യാഭ്യാസ മന്ത്രിയാണ്. മുണ്ടശ്ശേരിക്ക് കുസാറ്റിന്റെ അവകാശം പതിച്ചുനല്‍കുന്നവര്‍ മുണ്ടശ്ശേരിയെ നിയമിച്ച സി.എച്ചിനെ ഓര്‍ക്കുന്നില്ല എന്നത് ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയാണ്. യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പോലും സി.എച്ചിനെ പരാമര്‍ശിക്കാതിരിക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കുസാറ്റിന്റെ വി.സിയായി മുണ്ടശ്ശേരി വരുന്നതിനെക്കുറിച്ച് ഡോ. ഡി. ബാബു പോള്‍ പറയുന്നതിങ്ങനെയാണ്. ”ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള ബില്‍ നിയമസഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ മുണ്ടശ്ശേരി ഒരു പ്രഭാഷണം നടത്തി. ആ ദര്‍ശനം സി.എച്ചിനെ ആകര്‍ഷിച്ചു. മുണ്ടശ്ശേരിയെ കൊണ്ട് രാജിവെപ്പിച്ച് അദ്ദേഹത്തെ വൈസ് ചാന്‍സലറാക്കി സി.എച്ച് കക്ഷിരാഷ്ട്രീയത്തിന് അതീതമായ ദീര്‍ഘവീക്ഷണം പ്രകടിപ്പിച്ചു.” ബില്‍ നിയമസഭയില്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് മുണ്ടശ്ശേരി ഇടപെട്ടത്.

ബില്‍ അവതരിപ്പിച്ചത് സി.എച്ചാണ്. രാഷ്ട്രീയം നോക്കിയല്ല, യോഗ്യത പരിഗണിച്ചാണ് സി.എച്ച് മുണ്ടശ്ശേരിയെ വി.സി ആയി നിയമിച്ചത്. വികസനത്തിന്റെ വിസ്മയങ്ങളുമായി കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കുതിപ്പ് തുടരുന്നതിനിടെയാണ് അമ്പതാം വാര്‍ഷികാഘോഷം. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ വിശദീകരിക്കുന്ന വൈസ് ചാന്‍സലര്‍ ഡോ: കെ.എന്‍. മധുസൂദനന്റെ കത്തില്‍ ആ കലാലയത്തിന് അടിത്തറ പാകിയ അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന്റെയും വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെയും പേരുകളില്ല. ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തിരസ്‌ക്കരിച്ചുകൊണ്ടാണ് കുസാറ്റിന്റെ സുവര്‍ണ ജൂബിലി ആഘോഷം. ഇതുമായി ബന്ധപ്പെട്ട് കുസാറ്റ് അധികാരികള്‍ തയ്യാറാക്കിയ നോട്ടീസിലും സി.എച്ചിന്റെ പേരില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള സി.എച്ചിന്റെ ഇടപെടലുകളാണ് കുസാറ്റിന്റെ മൂലധനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു വേണ്ടി സി.എച്ച് എത്രത്തോളം ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്തുവോ, അത്രത്തോളം കുസാറ്റിനു വേണ്ടിയും പ്രയത്‌നിച്ചിട്ടുണ്ട്. സി.എച്ചിന്റെ ഓര്‍മകള്‍ തുടിച്ചുനില്‍ക്കേണ്ട കലാലയമാണ് കുസാറ്റ്.

Test User: