X
    Categories: Article

സ്റ്റാന്‍സ്വാമിയെ ഭരണകൂടം കൊലപ്പെടുത്തുകയായിരുന്നു

കെ.എം ഷാജഹാന്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി 2020 ഒക്ടോബര്‍ എട്ടിന് എന്‍.ഐ.എ ഝാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ്‌ചെയ്ത് കഴിഞ്ഞ 9 മാസങ്ങളായി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന 84 വയസുകാരനായ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജൂലൈ 5ന് പരിഗണിക്കുന്നതാണ് രംഗം. ഡിവിഷന്‍ ബഞ്ചിലെ അംഗങ്ങളായ എസ്.എസ് ഷിന്‍ണ്ഡയും എന്‍.ജെ ജമാദാറും ഏകദേശം 2.30 മണിക്ക് വിഷയം പരിഗണിച്ചുതുടങ്ങവെ സ്വാമിയുടെ അഭിഭാഷകനായ മിഹിര്‍ ദേശായി, സ്വാമി ചികിത്സയില്‍ കഴിഞ്ഞ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലെ ഡോ. ഇയാന്‍ ഡിസൂസയെ കേള്‍ക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.

 

ആ ആവശ്യം അംഗീകരിച്ച കോടതിയോട് ഡോക്ടര്‍ ഇപ്രകാരം പറഞ്ഞു: ‘വിങ്ങുന്ന ഹൃദയത്തോടെ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ച വിവരം ഞാന്‍ കോടതിയെ അറിയിക്കുന്നു’. ഉച്ചക്ക് 1.24നാണ് സ്വാമി അന്തരിച്ചത് എന്നും ഡോക്ടര്‍ പറഞ്ഞു. ഈ വാര്‍ത്ത കേട്ട ്‌ഞെട്ടിയ ഡിവിഷന്‍ ബഞ്ച് ഇങ്ങനെ പറഞ്ഞു: ‘എല്ലാ വിനയത്തോടെയും ഞങ്ങള്‍ പറയട്ടെ, സ്റ്റാന്‍ സ്വാമി അന്തരിച്ചു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകള്‍ കിട്ടുന്നില്ല’.

കഴിഞ്ഞ നാല് പതിറ്റാണ്ടില്‍ അധികമായി ഝാര്‍ഖണ്ഡിലെ നിരാലംബരും അശരണരുമായ ആദിവാസികളുടെ ക്ഷേമത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചുപോന്ന ഫാ. സ്റ്റാന്‍സ്വാമി എന്ന ജസ്യൂട്ട് പുരോഹിതന്‍ ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും തീര്‍ത്തും ഉത്തരവാദിത്തരഹിതവും മനുഷ്യത്വരഹിതവുമായ സമീപനം മൂലം മരണമടയുകയല്ല, യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെടുകയായിരുന്നു!

ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ ശാക്തീകരണത്തിനുവേണ്ടി ഒരു സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചുപോന്ന സ്റ്റാന്‍സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിനാണ് എന്‍.ഐ.എ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. എന്‍.ഐ.എ ഒരിക്കല്‍പോലും ഒരു ദിവസത്തേക്ക് പോലും സ്റ്റാന്‍സ്വാമിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല എങ്കിലും സ്വാമിക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനുവേണ്ടി നിരന്തരം ശ്രമിച്ചുപോന്നു.

 

ആരോഗ്യപരമായ പ്രശ്‌നങ്ങല്‍ ചൂണ്ടിക്കാട്ടി സ്വാമിയുടെ അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് 2020 ഒക്ടോബറില്‍ ഇടക്കാല ജാമ്യത്തിനായി എന്‍.ഐ.എ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വ്യക്തമാക്കിയത് സ്റ്റാന്‍സ്വാമിക്ക് വക്കാലത്ത് ഒപ്പിടാന്‍പോലും കഴിയാതിരുന്നതിനാല്‍ വിരലടയാളം പതിപ്പിക്കേണ്ടിവന്നു എന്നാണ്. സ്റ്റാന്‍സ്വാമിക്ക് ഗുരുതരമായ പാര്‍ക്കിന്‍സണ്‍സ് രോഗം, കേള്‍വിക്കുറവ്, വയറുവേദന, ലംബാര്‍സ്‌പോണ്ടുലൈറ്റിസ് എന്നിവ ഉണ്ട് എന്നായിരുന്നു.

എന്നാല്‍ സ്റ്റാന്‍സ്വാമിയുടെ ഈ ആവശ്യത്തെ എന്‍.ഐ.എ എതിര്‍ക്കുകയായിരുന്നു. മഹാമാരിയുടെ കാലത്ത് ഈ വയോധികന്‍ ‘അനാവശ്യ ആനുകൂല്യം’ പറ്റാന്‍ ശ്രമിക്കുകയാണ് എന്ന് എന്‍.ഐ.എ ആരോപിച്ചു. സ്റ്റാന്‍സ്വാമിയെ പാര്‍പ്പിച്ചിരുന്ന തലോജ ജയിലില്‍ സ്വാമിയെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ട് എന്ന ജയില്‍ സൂപ്രണ്ടിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ സ്‌പെഷ്യല്‍ ജഡ്ജി ഡി.ഇ കൊത്താലിക്കര്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ ആ സമയത്ത് തലോജ ജയിലില്‍ ആയുര്‍വേദ ബിരുദധാരികളായ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന കാര്യം സ്വാമിയുടെ ജാമ്യാപേക്ഷയില്‍ വ്യക്തമായി പറഞ്ഞിരുന്നു.

 

പാര്‍ക്കിന്‍സണ്‍സ് രോഗ ബാധയെതുടര്‍ന്ന ്ജല രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതിനായി സ്വാമി ഒരു സ്‌ട്രോയും സിപ്പര്‍ മഗ്ഗും ഉപയോഗിച്ചിരുന്നു. തനിക്ക് ഇവ രണ്ടും നല്‍കണമെന്നും ഇവ ഉപയോഗിച്ചുമാത്രമേ തനിക്ക് ജലരൂപത്തിലുള്ള ഭക്ഷണം കഴിക്കാനാവു എന്നും സ്വാമി 2020 നവംബര്‍ ഏഴിന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന് മറുപടി നല്‍കാന്‍ എന്‍.ഐ.എ എടുത്തത് എത്ര ദിവസമെന്നോ? 20 ദിവസം! എന്‍.ഐ.എയുടെ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടി കോടതിയില്‍ പറഞ്ഞത് ഇങ്ങനെ; ‘സ്റ്റാന്‍സ്വാമിയുടെ അഭിഭാഷകര്‍ ഒരിക്കലും സ്‌ട്രോക്കും സിപ്പറിനുമായി അപേക്ഷിച്ചിരുന്നില്ല. അറസ്റ്റിന്റെ സമയത്ത് സ്‌ട്രോയും സിപ്പറും ഞങ്ങള്‍ കണ്ടെത്തി എന്നാണ് അവര്‍ അവകാശപ്പെട്ടത്. അവ കണ്ടെത്തിയില്ല എന്ന് ഞങ്ങള്‍ വ്യക്തമാക്കി’

തീര്‍ത്തും നിരുത്തരവാദപരമായാണ് സ്റ്റാന്‍സ്വാമിയുടെ അഭ്യര്‍ത്ഥനയോട് പ്രോസിക്യൂഷനും എന്‍.ഐ.എ കോടതിയും പ്രതികരിച്ചത്. മറുപടി സമര്‍പ്പിക്കാന്‍ ഇത്തരമൊരു ചെറിയ കാര്യത്തിന് പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെടേണ്ടിയിരുന്നുവോ? സ്വാമിക്ക് പെട്ടെന്ന് തന്നെ ഒരു സ്‌ട്രോയും സിപ്പറും നല്‍കാമായിരുന്നില്ലേ? ഏറ്റവും ഞെട്ടല്‍ ഉളവാക്കിയ വസ്തുത, ഇത്രയും ചെറിയൊരു കാര്യത്തിന് എന്‍.ഐ.എ കോടതി പ്രോസിക്യൂഷന് മറുപടി നല്‍കാന്‍ 20 ദിവസം അനുവദിച്ചുവെന്നതാണ്! അവസാനം സ്റ്റാന്‍സ്വാമിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഈ ചെറിയ കാര്യം പോലും ‘വസ്തുതാപരമല്ല’ എന്ന് വ്യക്തമാക്കി ജഡ്ജി കൊത്താലിക്കര്‍ തള്ളിക്കളയുകയായിരുന്നു! അതിനെത്തുടര്‍ന്ന് തങ്ങളുടെ സ്വന്തം ചലവില്‍ സ്‌ട്രോയും സിപ്പറും വാങ്ങിനല്‍കാമെന്ന് സ്വാമിയുടെ അഭിഭാഷകരായ ഷെറീഫ് ഷെയ്ഖിനും ക്രിതിക അഗര്‍വാളിനും കോടതിയോട് ആവശ്യപ്പെടേണ്ടിവന്നു! ഈ ആവശ്യത്തോട് പ്രതികരിക്കാനും കോടതി തലോജ ജയില്‍ അധികൃതര്‍ക്ക് ഒരാഴ്ചയാണ് നല്‍കിയത്! അവസാനം ഒരു മാസത്തിനുശേഷം ഡിസംബര്‍ ആദ്യ ആഴ്ചയാണ് സ്റ്റാന്‍സ്വാമിക്ക് സിപ്പര്‍ ലഭിച്ചത്. പക്ഷേ അത് കോടതി ഉത്തരവിലൂടെ ആയിരുന്നില്ല, മറിച്ച് സ്വാമിയുടെ അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു. എത്ര ക്രൂരമായാണ്, അന്വേഷണ ഏജന്‍സിയും കോടതിയും 84 വയസ്സുകാരനായ ഈ വയോവൃദ്ധനോട് പെരുമാറിയത് എന്ന് കാണുക. ജീവന്‍ നിലനിര്‍ത്താനുള്ള രണ്ട് ചെറിയ ഉത്പന്നങ്ങളായ സ്‌ട്രോയും സിപ്പും ലഭിക്കാന്‍ ഈ വൃദ്ധന് കാത്തിരിക്കേണ്ടിവന്നത് ഒരു മാസം!

2020 നവംബര്‍ 26ന് സ്റ്റാന്‍സ്വാമി അരോഗ്യപരം ഉള്‍പ്പെടെ പല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും സധാരണ ജാമ്യത്തിന് അപേക്ഷിച്ചു. എന്‍.ഐ.എയുടെ ലക്ഷ്യം വിചാരണ കൂടാതെ സ്റ്റാന്‍സ്വാമിക്ക് ശിക്ഷ നല്‍കുക എന്നതായിരുന്നുവെന്ന് തോന്നുന്നു. ഇതിന്റെ ഭാഗമായി എന്‍. ഐ.എ സ്വാമിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. അവസാനം നീണ്ട നാല് മാസങ്ങള്‍ക്കുശേഷം 2021 മാര്‍ച്ച് 22ന് എന്‍.ഐ.എ കോടതി പ്രത്യേക ജഡ്ജി ഡി.ഇ കൊത്താലിക്കര്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജഡ്ജി പറഞ്ഞത് എന്തെന്നോ? സ്വാമിക്കെതിരായി ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ‘സ്വാമിയുടെ വ്യക്തിഗത സ്വാതന്ത്ര്യത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സമൂഹത്തിന്റെ സംയുക്ത താല്‍പര്യത്തിനാണ്’ എന്നായിരുന്നു. എന്ന് മാത്രമല്ല ‘പ്രായാധിക്യമോ രോഗാതുരതയോ സ്വാമിക്ക് അനുകൂലമായ ഘടകങ്ങള്‍ ആവില്ല’ എന്നുകൂടി ജഡ്ജി പറഞ്ഞുവെച്ചു. ഇക്കാലമത്രയും രോഗാതുരനായ സ്റ്റാന്‍സ്വാമി ജയിലിലായിരുന്നു എന്നോര്‍ക്കണം! ‘എന്തുകൊണ്ടാണ് ഈ ജാമ്യാപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇത്രയും കാലം വേണ്ടിവരുന്നത്?’ തുടര്‍ച്ചയായ കസ്റ്റഡി ജുഡീഷ്യറിയുടെ ഉത്തരവാദിത്തമായതിനാല്‍ കസ്റ്റഡിയില്‍ തുടരുന്ന ഒരു തടവുകാരന്റെ ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കുക എന്നത് ജുഡീഷ്യറിയുടെ ബാധ്യതയല്ലേ? എല്ലാ വിചാരണ തടവുകാരെയും മൃദുവായി വധിക്കണം എന്നാണോ?’ മുന്‍ സുപ്രീംകോടതി ജഡ്ജിയായ മദന്‍ലോക്കൂര്‍ ക്ഷോഭത്തോടെ ചോദിക്കുന്നു.

അവസാനം സ്റ്റാന്‍സ്വാമി ജാമ്യാപേക്ഷയുമായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഈ ജാമ്യാപേക്ഷ 2021 മെയ് നാലിന് കോടതി പരിഗണിച്ചുവെങ്കിലും ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്നും വൈദ്യപരിശോധനാ റിപ്പോര്‍ട്ട് വാങ്ങുന്നതിനും മറ്റുമായി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീണ്ടുപോയ്‌ക്കൊണ്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ഹൈക്കോടതിക്ക് സ്റ്റാന്‍സ്വാമിയുടെ ഗുരുതരമായ ആരോഗ്യാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായി. കോടതി സ്വാമിയോട് നേരിട്ട് സംസാരിക്കുകയും അദ്ദേഹത്തിന്റെ രോഗാവസ്ഥ കോടതിക്ക് നേരിട്ട് ബോധ്യപ്പെടുകയുമുണ്ടായി. ജെ. ജെ ആശുപത്രിയില്‍ ചികിത്സ വേണമോ എന്ന കോടതിയുടെ ചോദ്യത്തിന് തനിക്ക് ചികിത്സ വേണ്ട എന്നും ജയിലില്‍ കിടന്ന് മരിക്കാനാണ് തനിക്ക് ആഗ്രഹം എന്നുമാണ് സ്വാമി മറുപടി നല്‍കിയത്. തലോജ ജയിലില്‍ എത്തിയതിനു ശേഷമാണ് തന്റെ ആരോഗ്യം ഏറെ മോശമായത് എന്നും തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും സ്റ്റാന്‍സ്വാമി കോടതിയോട് ആവശ്യപ്പെട്ടു.

 

എന്നാല്‍ പിറ്റേന്ന്തന്നെ സ്വന്തം ചെലവില്‍ സ്റ്റാന്‍സ്വാമിയെ നിര്‍ബന്ധിപ്പിച്ചു ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 22 നാണ് മുംബൈ ഹൈക്കോടതി ജയില്‍ അധികൃതരോട് സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഈ കേസില്‍ ജൂലൈ ആറിന് വാദം കേള്‍ക്കാന്‍ ജൂലൈ 3ന് മുംബൈ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. അങ്ങനെ ജൂലൈ 5ന് കോടതി കേസ് പരിഗണിക്കാന്‍ തുടങ്ങവേയാണ് സ്റ്റാന്‍സ്വാമി അന്തരിച്ച വിവരം കോടതി അറിഞ്ഞത്.

ഫാ. സ്റ്റാന്‍സ്വാമിയുടെ വിയോഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ദീര്‍ഘകാലം ജഡ്ജിയായിരുന്ന മദന്‍ ലോക്കൂര്‍, വിയോഗ ദിവസമായ ജൂലൈ 5 2021 ന് ‘ദി വയര്‍’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ‘അയാളുടെ ഗാനത്തോടെ അയാളെ മൃദുവായി കൊന്നു: ഫാദര്‍ സ്റ്റാന്‍സ്വാമിക്കായി ഒരു ചരമഗീതം’ (ഗശഹഹശിഴ ഒശാ ടീളഹ്യേ ണശവേ ഒശ െടീിഴ: അ ഞലൂൗശലാ ളീൃ എമവേലൃ ടമേി ടംമാ്യ) എന്ന ലേഖനം ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്: ‘സ്റ്റാന്‍സ്വാമിക്ക് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നുവോ? ഭരണഘടനയുടെ വകുപ്പുകളേക്കാള്‍ പ്രത്യേകിച്ച് ആര്‍ട്ടിക്ക്ള്‍ 21നേക്കാള്‍ പ്രധാനമാണോ യു.എ. പി.എയിലെ വകുപ്പുകള്‍? നമ്മുടെ രാജ്യത്തെ അധികാരികള്‍ക്ക് അനുകമ്പയും മനുഷ്യത്വവും കരുണയും മാന്യതയുള്ളവരും ആകാന്‍ കഴിയില്ലേ? അതോ എല്ലാവരും ഭരണാധികാരികളില്‍നിന്ന് നീരസവും അപമാനവും നേരിടണം എന്നാണോ?’ അദ്ദേഹം ഇങ്ങനെ തുടരുന്നു: ഈ സംഭവം ആകെ സൂചിപ്പിക്കുന്നത് സ്റ്റാന്‍സ്വാമിയുടെമേല്‍ കുറ്റാരോപണമോ വിചാരണയോ കൂടാതെ മരണവാറണ്ട് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടുമോ? കിട്ടും എന്ന് ഞാന്‍ കരുതുന്നു. ആകെ പറയാവുന്നത് ഇത്രമാത്രം. ‘പിതാവെ ഇവരോട് ക്ഷമിക്കുക, ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല’.

 

Test User: