X
    Categories: Article

സി.പി.ഐയുടെ പരിസ്ഥിതി കാപട്യങ്ങള്‍

 നസീര്‍ മണ്ണഞ്ചേരി

മുട്ടില്‍ മരംമുറി വിവാദത്തില്‍ ഇടത്മുന്നണി മുട്ടിലിഴയുമ്പോള്‍ തകര്‍ന്നടിയുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കള്‍ ചമഞ്ഞുള്ള എല്‍.ഡി.എഫിലെ രണ്ടാംകക്ഷിയായ സി.പി.ഐയുടെ കാപട്യങ്ങള്‍കൂടിയാണ്. സി.പ.ിഐയെയും ഇടത്‌സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന മരംമുറി ഉത്തരവിന്റെ വ്യക്തമായ രേഖകള്‍കൂടി പുറത്തേക്ക്‌വന്നതോടെ പ്രതിരോധിക്കാന്‍പോലും കഴിയാതെ അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. മരംകൊള്ളയുടെ തെളിവുകള്‍ പുറത്തായതോടെ അന്നത്തെ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കുറ്റമേറ്റ് ചാവേറായി രംഗത്ത്‌വന്നത് പാര്‍ട്ടിയിലെ ഉന്നതരിലേക്ക് നീങ്ങുന്ന മാഫിയ ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളെകൂടി തടയിടുകയെന്ന ലക്ഷ്യത്തോടെയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കറ പുരളാത്ത അപൂര്‍വം മന്ത്രിമാരുടെ ഗണത്തില്‍ ഉള്‍പ്പെട്ട ഇ ചന്ദ്രശേഖരന്‌മേല്‍ അവസാനകാലത്ത് പാര്‍ട്ടി നടത്തിയ സമ്മര്‍ദ്ദത്തില്‍നിന്നാണ് ഇത്തരമൊരു പിന്‍വാതില്‍ ഉത്തരവ് ഇറങ്ങിയത്. നിയമവകുപ്പിന്റെപോലും അറിവില്ലാതെ സി.പി.ഐയുടെ നേരിട്ടുള്ള ഇടപെടലില്‍ ഇറക്കിയ ഉത്തരവിലൂടെ സംസ്ഥാനത്തിന് നഷ്ടമായത് 2400 ഓളം മരങ്ങളാണ്.

മരംമുറി വിവാദം വീണ്ടും കൊഴുക്കുമ്പോള്‍ സമീപകാലങ്ങളില്‍ സിപിഐ സ്വീകരിച്ച പരിസ്ഥിതി വിഷയങ്ങളിലെ ഇരട്ടമുഖങ്ങള്‍ കൂടി ചര്‍ച്ചയിലേക്ക് ഉയര്‍ന്നുവരുന്നുണ്ട്. വി.എസ് സര്‍ക്കാരിന്റെ കാലത്തെ വനംമന്ത്രി ബിനോയി വിശ്വവും ഇപ്പോഴത്തെ കൃഷി മന്ത്രി പി പ്രസാദുമെല്ലാം പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വേദികളിലെ നിറസാന്നിധ്യങ്ങളാണ്. രാഷ്ട്രീയ സംഘടന ബന്ധങ്ങള്‍ക്കപ്പുറം പരിസ്ഥിതി വിഷയങ്ങളിലെ നിലപാടുകളാണ് തങ്ങള്‍ക്ക് പൊതു സ്വീകാര്യത ലഭ്യമാക്കിയതെന്നായിരുന്നു ഇവരുടെ വാദം. ഇടത് മുന്നണി ഭരിക്കുമ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും പരിസ്ഥിതി വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരില്‍ പ്രതിച്ഛായ സൃഷ്ടിച്ചെടുത്ത സി.പി.ഐയുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് തെളിയിക്കുകയാണ് പുതിയ വിവാദങ്ങള്‍. കരിമണല്‍ ഖനനം, പമ്പ നദിയിലെ മണലെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭക്ക്പുറത്ത് വലിയ വിപ്ലവം പ്രസംഗിച്ച പാര്‍ട്ടിയാണ് സി.പി. ഐ. മന്ത്രിസഭയില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ അനുകൂലിക്കുകയും പുറത്ത് അണികളെ ഉപയോഗിച്ച് പരിസ്ഥിതിക്കായി സമരം നടത്തുകയും ചെയ്യുന്ന സി.പി.ഐയുടെ ഇരട്ടത്താപ്പിനെ മുമ്പു സി.പി.എം നേതാക്കള്‍ പോലും പരസ്യമായി പരിഹസിച്ചിട്ടുമുണ്ട്. മുട്ടില്‍ മരംമുറി വിവാദത്തിന് സഹായകമായ ഉത്തരവിനെ മറയാക്കി സി.പി.ഐയെ മുള്‍മുനയില്‍നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യുക മാത്രമായിരുന്നു സി.പി.എമ്മും ലക്ഷ്യമിട്ടത്. മരംകൊള്ളക്ക് അവസരം ഒരുക്കിയ സി.പി.ഐയില്‍നിന്നും വനംവകുപ്പ് പാരിതോഷികമായി വാങ്ങിയെടുത്ത് അഴിമതി ഒളിപ്പിക്കാന്‍ സി.പി.എം കൂട്ട്‌നില്‍ക്കുകയായിരുന്നു.

കാലങ്ങളായി സി.പി.ഐ കൈവശംവെച്ചു പോന്ന വനംവകുപ്പ് വിട്ടുവീഴ്ചയില്ലാതെ സി. പി.എം പിടിച്ചുവാങ്ങി മറ്റൊരു കക്ഷിക്ക് നല്‍കിയതില്‍ തന്നെയുണ്ട് അവര്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ വ്യാപ്തി. സി.പി.ഐയുടെ സംഘടന സംവിധാനത്തിന്റെ അറിവോടെ മന്ത്രിസഭപോലും അറിയാതെയാണ് മരംകൊള്ളക്ക് അവസരം ഒരുക്കിയത്. റവന്യുമന്ത്രിയുടെ കുറ്റമേല്‍ക്കല്‍ അതിന്റെ വ്യക്തമായ തെളിവാണ്. ആദ്യഘട്ടത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടെത്തിയാണ് മരംമുറിയെ ന്യായീകരിച്ചത്.

സി.പി.ഐ വകുപ്പുകളായ വനവും റവന്യുവും സംയുക്തമായി നടത്തിയ നീക്കമായിരുന്നു ഉത്തരവിലേക്ക് എത്തിച്ചത്. ഉത്തരവിലെ പിഴവുകളും നിയമലംഘനവും ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയാണ് ഒപ്പ്‌വെപ്പിച്ചത്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് ഇറക്കിയതെന്ന് അവകാശപ്പെട്ടുന്ന സി.പി.ഐ, നിയമം പിന്‍വാതിലിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിച്ചതില്‍തന്നെയുണ്ട് പാര്‍ട്ടി ലക്ഷ്യമിട്ട വനംകൊള്ളയുടെ വ്യാപ്തി. ഉന്നത നേതൃത്വത്തിന്റെകൂടി അറിവോടെ നടന്ന നീക്കം സി.പി.ഐയുടെ വിലപേശല്‍ ശക്തിയെപോലും പിടിച്ചുകെട്ടാന്‍ സി.പി.എം കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.

സി.പി.ഐ അകപ്പെട്ട കുരുക്ക് കൃത്യമായി മനസിലാക്കിതന്നെയാണ് സി.പി.എം രണ്ടാം മന്ത്രിസഭയിലെ മന്ത്രിസ്ഥാന വീതംവെപ്പിന് ഇറങ്ങിയത്. റവന്യു, വനം വകുപ്പുകള്‍ ഒരുമിച്ച് ഏറ്റെടുക്കാനായിരുന്നു ആദ്യ ശ്രമമെങ്കില്‍ വിവാദം ഭയന്ന് ഒരു വകുപ്പ് മാത്രമായി ചുരുക്കി വിഷയം മൂടിവെക്കാനായിരുന്നു ശ്രമം. പാര്‍ട്ടി അറിഞ്ഞുള്ള അഴിമതിയെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞതോടെ സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദര്‍ശവാനായി ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ദിവസങ്ങളോളം മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ ധൈര്യമില്ലാത്ത ദുരവസ്ഥയിലേക്ക് വരെ സി.പി.ഐ എത്തിപ്പെട്ടിരുന്നു

പുതിയ വിവാദത്തോടെ ഇടത്മുന്നണിക്ക് അകത്ത് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച അഴിമതിക്കഥകളാണ് ഓരോന്നായി പുറത്തേക്ക്‌വന്നുകൊണ്ടിരിക്കുന്നത്. അഴിമതി നടത്തിയ സി.പി.ഐക്കും മറച്ചുവെക്കാന്‍ സഹായിച്ച സി.പി.എമ്മിനും അഴിമതിക്ക് മറുപടി പറയാന്‍ ആകാതെ ഇരുട്ടില്‍ തപ്പുമ്പോള്‍ പരിസ്ഥിതിവാദികളായ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയങ്ങളില്‍നിന്നും ബോധപൂര്‍വം അകലം പാലിക്കാനാണ് ശ്രമിക്കുന്നത്. മുട്ടിലില്‍ മാത്രമല്ല സി.പി. ഐയുടെ ഇരട്ടമുഖം വ്യക്തമാകുന്നത്. ആലപ്പുഴയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിവാദത്തിലും സമാനമായി നിലപാട് തന്നെയാണ് സി.പി. ഐ സ്വീകരിച്ച് പോരുന്നത്. കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കാനാണ് മണല്‍ നീക്കം ചെയ്യുന്നതെന്ന വ്യാജേനെ തോട്ടപ്പള്ളിയില്‍ നിന്നും കരിമണല്‍കടത്ത് ഇപ്പോഴും തുടരുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലും വന്‍തോതില്‍ കരിമണല്‍ ഇവിടെ നിന്നും കടത്തിയിരുന്നു. അന്ന് സംയുക്ത സമര സമിതി നൂറു ദിവസത്തോളമാണ് നിരാഹാര സമരം സംഘടിപ്പിച്ചത്. സമരസമിതിക്ക് പുറമെ പ്രക്ഷോഭരംഗത്തെ സജീവസാന്നിധ്യമായിരുന്നു സി.പി.ഐയും യുവജന സംഘടനയായ എ.ഐ.വൈ.എഫും.

സമരങ്ങളുടെ മുന്‍നിരയില്‍ ഇന്നത്തെ കൃഷി മന്ത്രി പി പ്രസാദായിരുന്നു. സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ വിഷയത്തില്‍ പരസ്യമായ വാക്ക്‌പോര് മുറുകുമ്പോഴും മന്ത്രിസഭയില്‍ സര്‍ക്കാരിന്റെ മണല്‍കടത്തിന് സമരപാര്‍ട്ടിയുടെ മന്ത്രിമാര്‍ ഉറച്ച പിന്തുണയാണ് അന്നും നല്‍കിയിരുന്നത്. ഇത് ഉയര്‍ത്തിക്കാട്ടി പലപ്പോഴും സി.പി.എം നേതൃത്വം സി.പി.ഐയെ പരിഹസിക്കുകയും ചെയ്തിരുന്നു. അതിരൂക്ഷമായ ഭാഷയിലാണ് പി. പ്രസാദ് അന്ന് സര്‍ക്കാരിനെ കടന്നാക്രമിച്ചത്. പ്രളയ മുന്നൊരുക്കത്തിന്റെ പേരില്‍ തോട്ടപ്പള്ളിയില്‍ ഈ വര്‍ഷവും മണല്‍നീക്കം ആരംഭിച്ചതോടെ സമര നാടകവുമായി സി. പി.ഐ കളംനിറഞ്ഞിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍തന്നെ കഴിഞ്ഞ ആഴ്ച കരിമണല്‍ നീക്കത്തിനെതിരെ സി.പി.ഐ സമരം നടത്തിയിരുന്നു. തോട്ടപ്പള്ളിയില്‍ വീണ്ടും സമര കാഹളം മുഴങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ സമരനായകന്‍ പി പ്രസാദ്കൂടി ഉള്‍പ്പെട്ട മന്ത്രിസഭയാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നതാണ് വിരോധാഭാസം. ഇതിനെതിരെ ഇതുവരെ പ്രതികരിക്കാന്‍ പോലും മന്ത്രിക്ക് കഴിഞ്ഞിട്ടുമില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച പമ്പ നദിയിലെ മണലെടുപ്പ് വിഷയത്തിലും സി.പി.ഐ പ്രതിഷേധത്തെ വകവെക്കാതെ സര്‍ക്കാര്‍ മണല്‍ നീക്കം സുഗമമായി പൂര്‍ത്തീകരിച്ചു. മണല്‍ നീക്കത്തിന് വനം വകുപ്പിന്റെ അനുമതി വേണമെന്ന സി.പി.ഐയുടെ വാദം സി.പി.എം നേതൃത്വമോ ഇടത് സര്‍ക്കാരോ മുഖവിലയ്‌ക്കെടുത്തില്ല. 75,000 ക്യുബിക്ക് അടി മണലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നീക്കം ചെയ്തത്. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബു ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ക്കപ്പുറം വിഷയത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 2018ലെ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ വീണ്ടും പ്രളയസാധ്യതയുണ്ടാകുമെന്ന വാദം ഉയര്‍ത്തിയായിരുന്നു നീക്കം ചെയ്യല്‍. സി.പി.ഐയുടെ സംസ്ഥാന നേതൃത്വം വരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഘട്ടത്തില്‍പോലും മന്ത്രിസഭയിലെ സ്വാധീനമോ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മേലുള്ള അധികാരമോ ഉപയോഗിച്ച് വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ സി.പി.ഐക്ക് കഴിഞ്ഞിരുന്നില്ല.

web desk 1: