കെ. സുരേഷ് കുറുപ്പ്
ബനാത്‌വാലാസാഹിബിനെപ്പറ്റി വളരെക്കാലം മുമ്പ് മുതല്‍ കേട്ടിരുന്നെങ്കിലും നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും 1984ല്‍ ലോക്‌സഭാംഗമായി ഡല്‍ഹിയിലെത്തുമ്പോഴാണ്. ഞാനാണെങ്കില്‍ ഇരുപത്തെട്ട് വയസ്സുകാരനായ പയ്യന്‍. അദ്ദേഹമോ ഇന്ത്യയിലാകെ അറിയപ്പെടുന്ന പരിചയസമ്പന്നനായ പാര്‍ലമെന്റ് അംഗം. മറ്റ് പാര്‍ലമെന്റ് അംഗങ്ങളില്‍നിന്ന് വ്യത്യസ്തമായ വേഷം. എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുമ്പോള്‍തന്നെ ഒരു കൈയ്യകലം പാലിക്കുന്നയാള്‍. രണ്ട് അംഗങ്ങളാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് അന്ന് പാര്‍ലമെന്റിലുള്ളത്. മറ്റേയാള്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ആയിരുന്നു. രണ്ട് പേരും വ്യത്യസ്ത സ്വഭാവക്കാര്‍. സേട്ടുസാഹിബ് എല്ലാവരോടും വേഗം അടുക്കും. സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തും. സേട്ടുസാഹിബിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ആവോളം കിട്ടിയ ഒരാളാണ് ഞാന്‍. ബനാത്‌വാല ഒരു സൂക്ഷ്മമായ അകലത്തിലാണ് എപ്പോഴും നിന്നത്. പക്ഷേ എപ്പോഴും സൗഹൃദത്തോടുകൂടി പെരുമാറി. പാര്‍ലമെന്ററി മര്യാദകള്‍ ഏറ്റവും നിഷ്‌കര്‍ഷയോടെ പാലിച്ചു.
പാര്‍ലമെന്റില്‍ ആദ്യം ചെന്ന ഞാന്‍ രണ്ടാം നിരയിലും മൂന്നാം നിരയിലുമൊക്കെ അവകാശത്തോടെ കടന്നിരുന്നപ്പോള്‍ ബനാത്‌വാല ഒരിക്കല്‍ പോലും അദ്ദേഹത്തിന് അനുവദിച്ച സീറ്റില്‍നിന്ന് മാറി ഇരുന്നിട്ടില്ല. അതൊരു പാര്‍ലമെന്ററി മര്യദയാണ്. ആ മര്യദ പാലിക്കാ ത്തവരായിരുന്നു ഞാനും കൃഷ്ണദാസുമെല്ലാം. രണ്ട് അംഗങ്ങളുള്ള ഒരു പാര്‍ട്ടിക്ക് ചര്‍ച്ചയ്ക്കായി അനുവദിക്കുന്നത് കുറച്ച് സമയം മാത്രമാണ്. പക്ഷേ എപ്പോഴും ബനാത്‌വാലയുടെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങിക്കേട്ടു. അദ്ദേഹം പറയുന്നതെന്തെന്ന് ലോക്‌സഭയും പുറംലോകവും ശ്രദ്ധിച്ചു. പ്രധാനപ്പെട്ട ബില്ലുകള്‍ക്കെല്ലാം ഭേദഗതികള്‍ കൊ ടുത്തും, സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചും പങ്കെടുക്കാവുന്ന ചര്‍ച്ചകളിലെല്ലാം പങ്കെടുത്തും അദ്ദേഹം തന്റെ പാര്‍ട്ടിയുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ ഒരു കോപ്പി ബുക്കായിരുന്നു ബനാത്‌വാല. പാര്‍ലമെന്ററി മര്യാദകളുടെ നാലതിരുകള്‍ വിട്ട് ഒരിക്കലും അദ്ദേഹം പുറത്തുപോയില്ല. അദ്ദേഹം പറഞ്ഞ ഒരു വാചകവും ഒരിക്കലും പാര്‍ലമെന്ററി നടപടികളില്‍നിന്ന് നീക്കംചെയ്യേണ്ടിവന്നിട്ടില്ല. ഞാന്‍ എപ്പോഴും ആലോചിക്കും ഇപ്പോഴത്തെ ലോക്‌സഭയില്‍ അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ കരയ്ക്ക് പിടിച്ചിട്ട മീനിന്റെ സ്ഥിതി ആകുമായിരുന്നു.
അദ്ദേഹത്തിന്റെ വ്യാപകമായ ശ്രദ്ധ പിടിച്ചു പറ്റിയ സ്വകാര്യ ബില്ലായിരുന്നു ശാബാനു കേസുമായി ബന്ധപ്പെട്ട ബില്ല്. ശാബാനു കേസിലെ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ അദ്ദേഹം കൊണ്ടുവന്ന ബില്ലായിരുന്നു അത്. ബില്ല് സ്വാഭാവികമായും വലിയ വിവാദങ്ങളുണ്ടാക്കി. സി.പി.എം ബില്ലിനെ ശക്തിയായി എതി ര്‍ത്തു. കേരളത്തില്‍ വലിയ വിവാദങ്ങളുണ്ടായി. ബനാത്‌വാലയുടെ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ഞാനും സംസാരിച്ചിരുന്നു. ഇപ്പോഴത്തെ കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്ന് കേന്ദ്രമന്ത്രി ആയിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രത്യേകം നിര്‍ദ്ദേശിച്ചത് അനുസരിച്ച് ആരിഫ് മുഹമ്മദ്ഖാന്‍ ബില്ലിനെ അതിശക്തിയായി എതിര്‍ത്ത് അതിഗംഭീരമായ പ്രസംഗം പാര്‍ലമെന്റില്‍ നടത്തി. ബനാത്‌വാല ഒരു വശത്തും ലോക്‌സഭ മുഴുവന്‍ മറുവശത്തും നിന്ന് നടത്തിയ പോരാട്ട മായിരുന്നു അത്. എനിക്ക് വ്യക്തിപരമായോ രാഷ്ട്രീയമായോ ബനാത്‌വാലയുടെ ആ നിലപാടിനോട് ഒരു തരത്തിലും യോജിപ്പില്ലായിരുന്നു. പക്ഷേ അദ്ദേഹം കൂസലില്ലാതെ തന്റെ നിലപാടിനുവേണ്ടി നടത്തിയ പോരാട്ടം പാര്‍ലമെന്റ് ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടായി എന്നും കിടക്കും. എന്നാല്‍ കാര്യങ്ങള്‍ വളരെ വേഗം തകിടംമറിഞ്ഞു. രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ബനാത്‌വാലയുടെ സ്വകാര്യ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ ഏതാണ്ട് അതേപടി സ്വീകരിച്ചുകൊണ്ട് മുസ്‌ലിം വിമന്‍സ് ബില്ലെന്ന് അറിയപ്പെടുന്ന ഔദ്യോഗിക ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവന്നു.
ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. മുസ്‌ലിം സ്ത്രീകള്‍ക്ക് സുപ്രീംകോടതി അനുവദിച്ച ആനുകൂല്യം ഗവണ്‍മെന്റ് കവര്‍ന്നെടുത്തു. അതുണ്ടാക്കിയ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ മുസ്‌ലിം സമുദായത്തിന് ഗുണകരമായില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ബനാത്‌വാല ഒരു വ്യക്തി എന്ന നിലയില്‍ ഈ വിവാദങ്ങളില്‍നിന്നെല്ലാം മുകളില്‍ നില്‍ക്കുന്നയാളാണ്. കേരളത്തില്‍ നിന്ന് 1952 മുതല്‍ പാര്‍ലമെന്റില്‍ പോയിട്ടുള്ള അംഗങ്ങളെ എടുത്താല്‍ മികച്ച പാര്‍ലമെന്റേറിയന്‍മാരുടെ നിരയില്‍ ബനാത്‌വാല ഉണ്ട്. പാര്‍ലമെന്ററി മര്യാദകള്‍ എപ്പോഴും കാത്തുസൂക്ഷിച്ചയാള്‍. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ച ഒരാള്‍. ഏത് പ്രകോപനത്തിലും സംസ്‌കാരവും മാന്യതയും കൈവിടാതിരുന്ന ഒരാള്‍. അദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് പലതും മനസ്സിലാക്കാന്‍ ശ്രമിച്ച ഒരാളാണ് ഞാന്‍. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അപ്പുറം അദ്ദേഹത്തെ അന്നു മിന്നും ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍.
(മൂന്നു തവണ പാര്‍ലമെന്റിലും രണ്ടു തവണ കേരള നിയമസഭയിലും സി.പി.എമ്മിനെ പ്രതിനിധീകരിച്ച വ്യക്തിയാണ് ലേഖകന്‍)