X
    Categories: Article

ടി.പി.ആര്‍ മാനദണ്ഡത്തിലെ അശാസ്ത്രീയത

 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീണ്ട ലോക്ഡൗണിന്‌ശേഷം വ്യാഴാഴ്ച മുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മാനദണ്ഡമാക്കി സംസ്ഥാനത്തെ കോവിഡ് നിയന്ത്രങ്ങള്‍ക്ക് മുഖ്യമന്ത്രി ഇളവ് പ്രഖ്യാപിച്ചിരിക്കുകയാ ണ്. ഓരോ തദ്ദേശ മേഖലയിലേയും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റി (ടി.പി.ആര്‍)ന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആ പ്രദേശത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയോ അയവുവരുത്തുകയോ ചെയ്യുന്നത്. ടി.പി.ആര്‍ എട്ട് ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ‘എ’ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ‘ബി’യിലും 20 മുതല്‍ 30 വരെ ‘സി’യിലും 30 നു മുകളില്‍ ‘ഡി’യിലും ഉള്‍പ്പെടുത്തിയാണ് നിയന്ത്രണം. ടി.പി.ആര്‍ 30 ശതമാനത്തിന് മുകളിലുള്ള മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൗണോടുകൂടി പൂര്‍ണമായി അടച്ചിടുകയും എട്ട് ശതമാനത്തിന് മുകളിലുള്ള മേഖലയിലെത്തുമ്പോള്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവും എന്നതാണ് വ്യവസ്ഥ.

എന്നാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ടി. പി.ആര്‍ മാത്രം അടിസ്ഥാനമാക്കിയുള്ള നടപടികള്‍ മതിയോ എന്ന ചോദ്യങ്ങള്‍ ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുകയാണ്. ടി. പി.ആര്‍ നിരക്ക് കണക്കാക്കുന്നതിനുള്ള നിലവിലെ രീതി കോവിഡ് തടയല്‍ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് ആളുകളെ തുറന്നുവിടുന്നതിലേക്കുള്ള എളുപ്പ മാര്‍ഗമാണെന്ന വിമര്‍ശനവുമുണ്ട്. നിലവില്‍ ടി.പി.ആര്‍ കണക്കാക്കുന്ന രീതിയെ തന്നെയാണ് വിമര്‍ശകര്‍ ചോദ്യംചെയ്യുന്നത്. നിശ്ചിത എണ്ണം ആളുകളെ അടിസ്ഥാനമാക്കിയല്ല നിലവില്‍ ഒരു പഞ്ചായത്തിലും കോവിഡ് പരിശോധന നടത്തുന്നത്. കോവിഡ് ലക്ഷണമുള്ളവരേയും സമ്പര്‍ക്കമുള്ളവരേയും മാത്രം പരിശോധന നടത്തുന്ന പഞ്ചായത്തുകളും പ്രത്യേക കാരണങ്ങളാല്‍ ഒരോ വാര്‍ഡുകളിലായി കൂട്ടമായി പരിശോധന നടത്തുന്ന സംവിധാനവും പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്നുണ്ട്. പരിശോധനക്ക് എത്തുന്ന ആളുകളില്‍ രോഗമുള്ളവരും രോഗമില്ലാത്തവരും തമ്മിലുള്ള അനുപാതം അടിസ്ഥാനമാക്കിയാണ് ടി.പി.ആറിന്റെ ഉയര്‍ച്ചയും താഴ്ചയും നിര്‍ണ്ണയിക്കുന്നത്. 100 പേരില്‍ 10 പേര്‍ ഒരു പ്രദേശത്ത് പോസിറ്റീവ് ആണെങ്കില്‍ ആ മേഖലയിലെ ടി.പി.ആര്‍ 10 ശതമാനമാണ് എന്നതാണ് നിലവിലെ അവസ്ഥ. എന്നാല്‍ ഒരു പഞ്ചായത്ത് 100ന് പകരം 200 പേരെ പരിശോധിക്കുകയും 10 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്താല്‍ അവിടെ ടി.പി.ആര്‍ അഞ്ച് ശതമാനമായി കുറയും. മറ്റൊരു പഞ്ചായത്ത് കോവിഡ് സാധ്യതയുള്ള 30 പേരെ മാത്രം പരിശോധിക്കുകയും അതില്‍ പതിനഞ്ചുപേര്‍ അടുത്ത ദിവസം പോസിറ്റീവ് ആവുകയുമാണെങ്കില്‍, ആ സ്ഥലത്ത് ടി. പി.ആര്‍ 50 ശതമാനം വരെ ഉയരുകയും ട്രിപ്പിള്‍ ലോക്കോട്കൂടി അടച്ചുപൂട്ടേണ്ട അവസ്ഥയും വരുന്നു. ഇതാണ് നിലവിലെ രീതി.

പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കില്‍പോലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിങില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ദേശീയ ഇംഗ്ലീഷ് പത്രത്തോട് പ്രതികരിച്ചത്. ഒരു പ്രദേശത്തെ രോഗബാധിതരുടെ എണ്ണം കണക്കാക്കിയല്ല മറിച്ച് പരിശോധനക്ക് തയ്യാറാകുന്ന ആളുകളുടെ എണ്ണത്തെ മാത്രം ആശ്രയിച്ചാണ് റേറ്റിങ് സാധ്യമാകുന്നത്. ഏതെങ്കിലും പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും പരിശോധിച്ചല്ല ടി.പി.ആര്‍ കണക്കാക്കുന്നത്. അതേസമയം, കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശത്ത് പരിശോധന നടത്തുകയാണെങ്കില്‍പോലും രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ടി.പി.ആര്‍ കുറയുമെന്നും അദ്ദേഹം പറയുന്നു. രണ്ട് പ്രദേശങ്ങള്‍ തമ്മിലുള്ള ടി.പി.ആര്‍ താരതമ്യം ന്യായമായിരിക്കണമെങ്കില്‍, അവിടങ്ങളിലെ ജനസംഖ്യക്കനുസരിച്ച് പരിശോധനക്ക് വിധേയരായവരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

അടച്ചുപൂട്ടലില്‍ ദുരിതത്തിലായ തങ്ങളുടെ മേഖലകളിലെ സ്ഥാപനങ്ങള്‍ തുറക്കാന്‍ പല പഞ്ചായത്തുകളും ടി.പി.ആറിലെ പഴുത് ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതായും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു പഞ്ചായത്തിലെ വ്യാപാരികളെല്ലാം ചേര്‍ന്ന് ടി.പി.ആര്‍ കുറയ്ക്കാന്‍ ലക്ഷ്യംവെച്ച് കൂട്ട പരിശോധനക്ക് ഒരുങ്ങിയാല്‍ പ്രദേശത്തെ കോവിഡ് നിയന്ത്രങ്ങളില്‍ അവര്‍ക്ക് മാറ്റംവരുത്താന്‍ കഴിയുമെന്നത് ടി.പി.ആര്‍ മാത്രം മാനദണ്ഡമാക്കുന്നതിലെ വെല്ലുവിളിയാണ്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ടി.പി.ആര്‍ മാനദണ്ഡമാക്കിയ സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ തമ്മില്‍ റേറ്റിങിന്റെ കാര്യത്തില്‍ മത്സരം വരുന്നതോടെ ഒരു ലക്ഷണവുമില്ലാത്തവരെ പിടിച്ച് മെഗാ ടെസ്റ്റ് ക്യാമ്പുകള്‍ നടത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ കോവിഡിനായി പ്രത്യേക ഫണ്ടൊന്നും ഇല്ലാത്ത പഞ്ചായത്തുകള്‍ ഉള്ള പണമെടുത്ത് പരിശോധനാക്യാമ്പുകള്‍ക്കായി അനാവശ്യമായി ചെലവഴിക്കുന്നതും ഇത്തരം കൂട്ട പരിശോധനകള്‍ കോവിഡ് വ്യാപാനത്തിന് കാരണമാകും എന്നതും മൂന്നാം തരംഗത്തിന് മുന്നേ സംസ്ഥാനം നേരിടാന്‍ പോകുന്ന വെല്ലുവിളിയാണ്.

നിലവില്‍ ഓരോ ആഴ്ചകളിലേയും ആകെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള ഇളവുകള്‍ അനുവദിക്കുന്നത്. അതേസമയം, പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ക്ക് ആധാരമാക്കാന്‍ ടി.പി.ആറിനേക്കാള്‍ മികച്ച മാര്‍ഗങ്ങള്‍ ഉണ്ടെന്ന കാര്യവും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു. ജനസംഖ്യാനുപാതികമായി ടെസ്റ്റുകള്‍ നടത്തുക എന്നതാണ് അതിലൊന്ന്. ജനസംഖ്യാനുപാതികമായി നിശ്ചിത എണ്ണം പേര്‍ക്ക് ടെസ്റ്റ് നടത്തുകയും അതില്‍ പോസിറ്റീവാകുന്ന പുതിയ രോഗികളുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്യുന്നതാവും മികച്ച മാര്‍ഗമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. അതായത്, ജനസംഖ്യയില്‍ എത്ര പേര്‍ ടെസ്റ്റ് ചെയ്യപ്പെട്ടു എന്ന നിരക്കും രണ്ടാമതായി ജനസംഖ്യയില്‍ എത്രപേര്‍ പുതുതായി പോസിറ്റീവ് ആയിട്ടുണ്ട് എന്ന ഇന്‍ഡക്‌സും എടുത്ത് താരതമ്യം ചെയ്ത് രോഗനിയന്ത്രണം വിലയിരുത്തുന്നതാണ്.

ഇങ്ങനെ വിലയിരുത്തുമ്പോള്‍ വിവിധ പ്രദേശങ്ങളിലെ ജനസംഖ്യക്കനുസരിച്ച് പരിശോധനാനിരക്കിന്റെ തോതും രോഗ നിരക്കിന്റെ തോതുമാണ് വിവിധ സ്ഥലങ്ങളിലെയും സമയങ്ങളിലെയും രോഗസ്ഥിതി ശാസ്ത്രീയമായി താരതമ്യം ചെയ്യുന്നതിന് സഹായകമാകുന്നത്. ഇതുവഴി വേണ്ടത്ര ടെസ്റ്റുകള്‍ നടത്തുന്നുണ്ടോ എന്നും ജനസംഖ്യയില്‍ എത്ര ശതമാനം പോസിറ്റീവ് എന്നും തിരിച്ചറിയാം. പ്രത്യേകിച്ച് ജനസംഖ്യയില്‍ വ്യത്യാസമുള്ള വാര്‍ഡുകളിലോ പഞ്ചായത്തുകളിലോ ജില്ലകളിലോ രോഗ സ്ഥിതിയറിഞ്ഞ് മൈക്രോ ലെവല്‍ കണ്ടെയിന്‍മെന്റ് നടപടി എടുക്കാനും അവയില്‍ അയവുവരുത്താനും സാധിക്കുന്നു. ‘വാലിഡും സെന്‍സിറ്റിവും’ ആയ ഇന്‍ഡിക്കേറ്ററുകളാണ് ഇതുപോലെയുള്ള മഹാമാരി നിയന്ത്രണത്തിന് അത്യാവശ്യമെന്നും കോവിഡ് നിയന്ത്രണ നയരൂപീകരണത്തിന്‌നേതൃത്വം കൊടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട വിഷയമാണിതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Test User: