അക്ഷര കൈരളിയുടെ വാര്‍ത്താ തേജസായി 1934ല്‍ തലശ്ശേരിയില്‍ ഉദയം ചെയ്ത ചന്ദ്രികയുടെ നവതി ആഘോഷങ്ങള്‍ക്ക് ഇന്ന് പിറന്ന മണ്ണില്‍ തുടക്കം. പൈതൃക നഗരിയില്‍ നിന്ന് ഉയരുന്ന ഉല്‍സവ പ്രഭ ഒരു വര്‍ഷം ദീര്‍ഘിക്കും. അക്ഷരങ്ങളെ അച്ചുകൂടത്തില്‍ നിരത്തി വാര്‍ത്തകളായി വായനാലോകത്തിന് സമ്മാനിച്ച ഇന്നലെകളില്‍ നിന്ന്, കാലത്തിന്റെ മാറ്റത്തിനൊപ്പം തെളിമയോടെ പുതുകാലത്തും നിലകൊള്ളുന്ന ചന്ദ്രികയുടെ നവതി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വൈകീട്ട് നാലിന് നിര്‍വഹിക്കും.
മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകും. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ മുഖ്യാതിഥിയാണ്.
പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം.എസലാം, ഡോ.എം.കെ മുനീര്‍,പി.കെ.കെ ബാവ, കെ. പി.എ മജീദ്,സി.പി സൈതലവി,സി.കെ സുബൈര്‍, പി. എം.എ സമീര്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കരീം ചേലേരി, കല്ലട്ര മായിന്‍ഹാജി, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിക്കും. ചന്ദ്രിക കണ്ണൂര്‍ യൂണിറ്റ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ കല്ലായി സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പൊട്ടങ്കണ്ടി അബ്ദുല്ല നന്ദിയും പറയും. ഉച്ചയ്ക്ക് രണ്ടിന് ചന്ദ്രികയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആദരമായി സംഘടിപ്പിക്കുന്ന ‘എവര്‍ഗ്രീന്‍’ പരിപാടിയോടെയാണ് നവതി ആഘോഷ പരിപാടികള്‍ തുടങ്ങുക. ചന്ദ്രികയുടെ ചുമതല വഹിക്കുന്ന മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനാകും.
പത്രാധിപര്‍ കമാല്‍ വരദൂര്‍ സ്വാഗതമാശംസിക്കും. വൈകുന്നേരം ഏഴിന് സര്‍ഗധാര ഇശല്‍നൈറ്റും അരങ്ങേറും. ഒരു വര്‍ഷത്തെ ആഘോഷത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി എക്‌സിബിഷനുകള്‍, സാംസ്‌കാരിക സംഗമങ്ങള്‍, സെമിനാറുകള്‍, ബിസിനസ് മീറ്റുകള്‍, സാംസ്‌കാരിക യാത്രകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുക.