ഇ സാദിഖ് അലി
സി.എച്ചിന്റെ പത്രാധിപത്യത്തില്‍ ചന്ദ്രികക്ക് ആഴ്ചപ്പതിപ്പിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. പത്രാധിപരായി ചുമതലയേറ്റ വര്‍ഷം തന്നെ അദ്ദേഹം പല പ്രതീക്ഷകളും വെച്ച്പുലര്‍ത്തി. ആഴ്ചപ്പതിപ്പെന്ന, അടക്കാന്‍ വയ്യാത്ത മോഹം മനസ്സില്‍ താലോലിച്ച് നടന്ന സി.എച്ചാണ് ആഴ്ചപ്പതിപ്പിന്റെ രൂപത്തില്‍ സ്‌പെഷല്‍ പതിപ്പിറക്കിയത്. ഇതാരംഭിക്കുന്നതിന് മുമ്പ്തന്നെ അതിന്റെ പൈലറ്റ് കോപ്പിയിറക്കി അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ആഴ്ചപ്പതിപ്പിന്റെ അതേ വലിപ്പത്തില്‍ റമസാന്‍ പതിപ്പും പ്രത്യേകപതിപ്പും നബിദിന വിശേഷാല്‍ പ്രതിയും റിപ്പബ്ലിക്ദിന സപ്ലിമെന്റും പുറത്തിറക്കി. ചന്ദ്രികയുടെ വളര്‍ച്ചയുടെ മൂന്നാംഘട്ടം കുറിക്കുന്ന ആഴ്ചപ്പതിപ്പിന്റെ പ്രഥമലക്കം (1950 ജൂലൈ 15 പുസ്തകം 1 ലക്കം 1) ഒരു പെരുന്നാള്‍ രാവില്‍ ഈദ് സ്‌പെഷ്യല്‍ പതിപ്പായാണ് പ്രസിദ്ധീകരണമാരംഭിക്കുന്നത്. വാരികയുടെ പത്രാധിപര്‍ പ്രശസ്ത സാഹിത്യകാരന്‍ പി.എ മുഹമ്മദ് കോയയായിരുന്നു. ആനുകാലിക പ്രസിദ്ധീകരണരംഗത്ത് ഇത് വലിയ ചര്‍ച്ചയായി മാറി. അതിന്മുമ്പ് (1949) സ്വാതന്ത്ര്യദിന വിശേഷാല്‍ പതിപ്പിറക്കി സി.എച്ച് ശ്രദ്ധേയനായി.
വിദ്യാഭ്യാസത്തിലും മാതൃഭാഷാഭ്യാസനത്തിലും കേരളത്തില്‍ വളരെ പിന്നാക്കം നിന്നിരുന്ന മുസ്‌ലിംകള്‍ക്ക് സാഹിത്യ രംഗത്ത് വളരാന്‍ അധികമൊന്നും പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നില്ല. കേരളത്തിലെ മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി നൂറ്റാണ്ട് മുമ്പ് രൂപം നല്‍കിയ ‘മുസ്‌ലിം’ മാസികയും ‘സ്വദേശാഭിമാനി’യെന്ന വൃത്താന്ത പത്രവുമാണുള്ളത്. ഈ രണ്ട് പ്രസിദ്ധീകരണങ്ങളേ മുസ്‌ലിംകള്‍ക്ക് സാമുദായികമായ ഉന്നമനത്തിനും ഉണര്‍വ്വിനും അതിപ്രധാനമായ നായകത്വം വഹിച്ചിരുന്ന നേതാക്കളുടെ സ്ഥാനങ്ങളെയും പ്രവൃത്തികളെയും വരച്ച് കാണിക്കാന്‍ അന്നുണ്ടായിരുന്നുള്ളു. ഈ കാലഘട്ടത്തില്‍ തന്നെയാണ് പ്രസിദ്ധ മതപ്രബോധകനായിരുന്ന സനാഉല്ലാ മക്തി തങ്ങള്‍ ‘ജനോപകാരി’യെന്ന പേരില്‍ വൃത്താന്ത പത്രം നടത്തുന്നത്. പി മുഹമ്മദ് ഹാജി കൊച്ചിയില്‍ നിന്ന് ‘മലബാര്‍ ഇസ്‌ലാം’ ആരംഭിച്ചതും പ്രതിഭാശാലിയും പരിഷ്‌കൃതാശയക്കാരനുമായിരുന്ന സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂരില്‍ നിന്ന് ‘റഫീഖുല്‍ ഇസ്‌ലാ’മും പൊന്നാനിയില്‍ നിന്ന് ‘ഇസ്‌ലാഹുല്‍ ഇഖ്‌വാനും’ വൃത്താന്ത പത്രങ്ങളായി നടത്തിയതും ഈ പതിപ്പില്‍ ചരിത്ര വിഷയങ്ങളായിട്ടുണ്ട്.
കെ.എം സീതി സാഹിബ് ഇത് സംബന്ധിച്ച് ചന്ദ്രികയില്‍ രേഖപ്പെടുയതിങ്ങനെ: ‘ഇസ്‌ലാം മതത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച വിജ്ഞാനപ്രദവും സരളഭാഷയില്‍ എഴുതപ്പെട്ടതുമായ പല ലേഖനങ്ങളും ‘മുസ്‌ലിം’ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘മുസ്‌ലിം’ മാസിക ആലപ്പുഴയിലെ ‘മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി’ ഏറ്റെടുത്തു ആലപ്പുഴയില്‍നിന്ന് വൃത്താന്ത പത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ‘സ്വദേശാഭിമാനി’യും ‘മുസ്‌ലി’മുമായുള്ള സമ്പര്‍ക്കത്തിലൂടെ ഒട്ടനവധി എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഉയര്‍ന്ന്‌വന്നു’.
സീതിസാഹിബിന്റെ രാഷ്ട്രീയ ലേഖനവും തന്റെ ഇസ്‌ലാമിക കഥയും വള്ളത്തോളിന്റെയും ജി ശങ്കരക്കുറുപ്പിന്റെയും സൃഷ്ടികള്‍ക്ക് പുറമെ പി.വി മുഹമ്മദ് മൗലവി, ഒ അബു, എം.സി അപ്പുണ്ണി നമ്പ്യാര്‍, ഒതയോത്ത് ബാലകൃഷ്ണന്‍, അബൂബക്കര്‍ മുന്‍ഷി ഫാസില്‍, ടി.ജി നെടുങ്ങാടി, എസ്.എം സര്‍വര്‍ മറ്റുമുള്ള സാഹിത്യവിഭവങ്ങളും കവിതകളും ചേര്‍ത്ത് പതിപ്പ് സമ്പന്നമാക്കിയതും സി.എച്ചായിരുന്നു.
സാഹിത്യത്തില്‍ വര്‍ണ്ണചിത്രങ്ങള്‍ വരക്കാന്‍ അക്ഷരങ്ങളുപയോഗിക്കുന്ന കൗശലമത്രയെളുപ്പമല്ല. എന്നാലത് സാധ്യമാക്കിയ സാഹിത്യകാരനാണ് സി.എച്ച്. അദ്ദേഹത്തിന്റെ വ്യക്തിത്വം തിരക്ക്പിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും മനസ്സില്‍ സാഹിത്യത്തെ കുടിയിരുത്താന്‍ സാധിക്കുന്നതായിരുന്നു. നൂതന വിജ്ഞാനങ്ങള്‍ സ്വായത്തമാക്കാനുള്ള സദാന്വേഷിയായിരുന്ന സി.എച്ചിന്റെ മനസ്സും ഹൃദയവും സാഹിത്യ സമ്പാദനത്തിനായി വെമ്പല്‍ കൊണ്ടു. ചിന്തകരോടും സാഹിത്യനായകരോടും സംശയങ്ങള്‍ ചോദിച്ച് പരിഹാരം കണ്ടെത്തി. സ്വന്തം സംസ്‌കാരത്തെയും സാഹിത്യത്തെയും രാഷ്ട്രത്തെയും കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആ ഹൃദയം ത്രസിച്ച്‌കൊണ്ടിരുന്നു. തന്റേതായ ശൈലിയില്‍ ഭാരതീയ സംസ്‌കൃതിയെയും ഇസ്‌ലാമിക സംസ്‌കാരത്തെയും യോജിപ്പിച്ച് സാധാരണക്കാരന് ബോധ്യമാകുന്ന തരത്തില്‍ അവതരിപ്പിക്കുന്ന സി.എച്ചിന്റെ ഭാഷാ ശൈലി അപാരം തന്നെയാണ്. പുതിയ പുതിയ ആശയങ്ങളുടെ, ചിന്തയുടെ സ്ഫുലിംഗങ്ങള്‍ അത്‌കൊണ്ട്തന്നെ അദ്ദേഹത്തിന്റെ പദങ്ങള്‍ക്കൊപ്പം ചിറക്‌വിരിച്ചു. പച്ചപ്പ്‌കൊണ്ട് സൗന്ദര്യം തീര്‍ത്ത ശാദ്വലസ്ഥലികളെ കണ്ടെത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഊഷരഭൂവില്‍ വിരാചിക്കുമ്പോഴും, അദ്ദേഹത്തിന് സാധിച്ചത് അത് കൊണ്ടാണ്.
മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ മാനേജറായിരുന്ന സയ്യിദ് ഖാജാ ഹുസൈന്‍ അതിന് കരുത്തുറ്റ പിന്‍ബലം നല്‍കി. ഇദ്ദേഹത്തിന്റെ കാലം സുവര്‍ണമായിരുന്നുവെന്ന് പറയുന്നവരുടെ കൂട്ടത്തില്‍ സി.എച്ചുമുണ്ടായിരുന്നു. കരിയാമ്പത്ത് കുഞ്ഞിപ്പക്കി തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിപ്പോയപ്പോള്‍ വന്ന ഒഴിവിലേക്ക് സി.വി കുഞ്ഞമ്മദ് മാനേജറായി. പിടിപ്പത് ജോലിയും തുച്ഛമായ ശമ്പളവുംകൊണ്ട് പിടിച്ച്‌നില്‍ക്കാനാവാതെ ഇദ്ദേഹം മാനേജര്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് സയ്യിദ് ഖാജാഹുസൈന്‍ ചന്ദ്രികയുടെ മാനേജറായത്. റിട്ടയേര്‍ഡ് മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരുന്ന ഇദ്ദേഹത്തിന്റെ പട്ടാളച്ചിട്ടയോടെയുള്ള പെരുമാറ്റവും കൃത്യനിഷ്ഠയും സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹ വാത്സല്യവുമാണ് ചന്ദ്രികയെ പുരോഗതിയിലേക്ക് നയിച്ചതെന്ന അഭിപ്രായക്കാരാണ് അന്ന് ചന്ദ്രികയില്‍ പ്രവര്‍ത്തിച്ചിരുന്നവരിലധികവും.
ചന്ദ്രികയുടെ പുരോഗതിയില്‍ അഭിമാനം കൊണ്ടിരുന്ന കെ.എം സീതി സാഹിബിന്റെയും പത്രപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്ന സി.എച്ചിന്റെയും സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി യത്‌നിച്ച മാനേജര്‍ സയ്യിദ് ഖാജാഹുസൈന്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചു. സന്ദര്‍ഭോചിത പ്രത്യേക പതിപ്പുകളിറക്കി വായനക്കാരെ ആകര്‍ഷിക്കാന്‍ വെമ്പല്‍കൊണ്ട ഇദ്ദേഹത്തിന് ഈ രണ്ട് നേതാക്കളുടെയും താങ്ങും തണലും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. കേരളത്തിന്റെ തലയെടുപ്പുള്ള സാഹിത്യകാരന്‍മാര്‍ക്ക് ഒന്നിച്ച് ചേരാനുള്ള നല്ലൊരവസരമാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് നല്‍കുന്നതെന്ന് സി.എച്ച് പറയുകയും അതിന്‌വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. വൈവിധ്യമാര്‍ന്ന വിഭവങ്ങളെ വായനക്കാരുടെ വരുതിയില്‍ വരുത്താനതിനായി. സാംസ്‌കാരിക നവോത്ഥാനത്തിന് ഇതിന്റെ പ്രകാശനം വഴി തെളിയിച്ചു.