മലപ്പുറം ചന്ദ്രിക നവതി ആഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 15 മുതല്‍ 31 വരെ നടക്കുന്ന സ്‌പെഷ്യല്‍ കാമ്പയിന്‍ വിജയിപ്പിക്കാന്‍ കമ്മറ്റികള്‍ സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ചന്ദ്രികക്ക് കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് ഏറ്റവും കൂടുതല്‍ വരിക്കാറുള്ള പത്രമാക്കി മാറ്റാന്‍ നവതി ആഘോഷവര്‍ഷം ഉപയോഗപ്പെടുത്തണമെന്ന് തങ്ങള്‍ പറഞ്ഞു. ഇതിനായുള്ള പദ്ധതികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുള്ളത്.
മുസ്‌ലിം ലീഗിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നും ഒരു വാര്‍ഡ്, ഡിവിഷന്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ചില്‍ കുറയാത്ത പുതിയ അര്‍ധവാര്‍ഷിക വരിക്കാരെയാണ് ചേര്‍ക്കേണ്ടത്. പുറമെ ഒരു വര്‍ഷം, നാല്, മൂന്ന് മാസ വരിക്കാരെയും ചേര്‍ക്കണം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നും ഒരു നിയോജക മണ്ഡലത്തില്‍ നിന്നും 100ല്‍ കുറയാത്ത പുതിയ അര്‍ധവാര്‍ഷിക വരിക്കാരെയും ചേര്‍ക്കണം.
സംസ്ഥാന തലത്തില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രത്യേക ഉപഹാരം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎം.എ സലാം അറിയിച്ചു. ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ചന്ദ്രികയുടെ ഉപഹാരവും ഉണ്ടാകും.
കാമ്പയിന്‍ വിജയിപ്പിക്കുന്നതിനായി ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ അടിയന്തരമായി യോഗം ചേര്‍ന്ന് കീഴ്ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. കാമ്പയിന്‍ പ്രത്യേകം മോണിറ്റര്‍ ചെയ്ത് ക്വാട്ട പൂര്‍ത്തീകരിക്കാന്‍ അതത് കമ്മറ്റികള്‍ ജാഗ്രത പാലിക്കണമെന്നും പിഎം. എ സലാം അറിയിച്ചു.