മലപ്പുറം: വ്യാപകമായി നാശനഷ്ടങ്ങള്‍ വിതക്കുകയും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്ത മഴക്കെടുതി രൂക്ഷമായി തുടരുകയും നാടെങ്ങും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത്, നാളെ നടത്താനിരുന്ന ചന്ദ്രിക പാലക്കാട് കോയമ്പത്തൂര്‍ എഡിഷന്‍ ഉദ്ഘാടന പരിപാടി ആഗസ്റ്റ് 23ലേക്ക് മാറ്റിയതായി മാനേജിങ് ഡയരക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
23ന് വൈകീട്ട് മൂന്നു മണിക്ക് പാലക്കാട്ടാണ് ഉദ്ഘാടന പരിപാടികള്‍. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക യോഗമാണു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും പാര്‍ട്ടി അംഗങ്ങള്‍ സന്നദ്ധസേനയായി തുടര്‍ ദിവസങ്ങളിലും ജാഗ്രതയോടെ കര്‍മരംഗത്തുണ്ടാകണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സഹായിക്കാന്‍ ആരുമെത്താത്തതിന്റെ പേരില്‍ ഒരാളും ഒറ്റപ്പെട്ടുപോവരുത്. അടിയന്തരഘട്ടങ്ങളില്‍ ഓടിയെത്താനാവും വിധം പാര്‍ട്ടിപ്രവര്‍ത്തകര്‍ സജ്ജരായിരിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.