X

‘നീരജിന്റെ നേട്ടം മുന്‍കൂട്ടി പ്രവചിച്ച് ചന്ദ്രിക’

ടോക്കിയോ: ചന്ദ്രികയുടെ പ്രവചനം തെറ്റായില്ല, നീരജ് സ്വര്‍ണത്തിലേക്ക് തന്നെ എറിഞ്ഞു. 87.58 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നീരജ്. മത്സരം നടക്കുന്നതിന് മുമ്പ് തന്നെ നീരജ് സ്വര്‍ണം നേടുമെന്ന് ചന്ദ്രിക പ്രവചിച്ചിരുന്നു. ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരാണ് ടോക്കിയോ ടോക്ക് എന്ന കോളത്തില്‍ നീരജ് സ്വര്‍ണമെഡല്‍ നേടുമെന്ന പ്രവചനം നടത്തിയത്.

നീരജ് എന്ന 23 കാരന്റെ ആത്മവിശ്വാസവും പ്രതിഭാ മികവും സ്വര്‍ണത്തിലേക്ക് എത്തുമെന്ന വിശ്വാസം തന്നെയാണ് ആ പ്രവചനത്തിന് പിന്നില്‍.

ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടിയാണ് കരസേനയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായ നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്.

ഹോക്കിയിലൂടെ ഗെയിംസിലും ഷൂട്ടിങിലൂടെ വ്യക്തിഗത ഗെയിംസ് ഇനത്തിലും നേരത്തെ സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്‌ലറ്റിക്‌സില്‍ നിന്നുള്ള സ്വര്‍ണം എന്നും കാണാക്കണിയായിരുന്നു. ഹോക്കിയില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്. 1970ലെ മോസ്‌കോ ഒളിമ്പിക്‌സിലായിരുന്നു ഏറ്റവും ഒടുവില്‍. 2008ലെ ബീജിങ് ഒളിമ്പിക്‌സിലാണ് വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്ര രാജ്യത്തിന് സ്വര്‍ണം നേടിക്കൊടുത്തത്. വ്യക്തിഗത ഇനത്തിലെ ആദ്യ സ്വര്‍ണമയിരുന്നു ബിന്ദ്രയുടേത്. ബീജിങ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴാണ് അത്‌ലറ്റിക്‌സിലെ സ്വര്‍ണ നേട്ടത്തിലൂടെ രാജ്യം മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കൂബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്്‌ലി (85.44 മീറ്റര്‍) വെങ്കലവുനേടി.

ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ എന്ന മികച്ച ദൂരം കണ്ടെത്തിയ ചോപ്ര, രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററായി ദൂരം മെച്ചപ്പെടുത്തി. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ലാന്‍ഡിങിലെ പിഴവില്‍ ദൂരം 76.79ലേക്ക് ചുരുങ്ങി. എങ്കിലും ശരാശരി ദൂരത്തിന്റെ മികവില്‍ ഒന്നാം സ്ഥാനക്കാരനായി ചോപ്ര ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു വേഗം കൂടി. ചോപ്രയെക്കൂടാതെ ഏഴു പേരാണ് ഫൈനലിലെത്തിയത്. നാലും അഞ്ചും റൗണ്ടുകളിലെ ചോപ്രയുടെ പ്രകടനങ്ങള്‍ ഫൗളില്‍ കലാശിച്ചു. എന്നാല്‍ ആറാം ശ്രമത്തില്‍ 84.24 മീറ്റര്‍ കണ്ടെത്തി. ഇതോടെ സ്വര്‍ണമുറപ്പിക്കുകയും ചെയ്തു. മറ്റു താരങ്ങള്‍ക്ക് ചോപ്രയുടെ അടുത്തുപോലും എത്താനായിരുന്നില്ല. ഇതോടെയാണ് ടോക്കിയോ ഒളിമ്പിക്‌സ് മൈതാനിയില്‍ ഇന്ത്യയുടെ ദേശീയ ഗാനമുയര്‍ന്നത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമായിരുന്നു. അതേസമയം തന്റെ തന്നെ കരിയറിലെ 88.06 മീറ്റര്‍ എന്ന ദൂരം ചോപ്രക്ക് ടോക്കിയോയില്‍ എത്തിപ്പിടിക്കാനായില്ല.

സ്വാതന്ത്ര്യ പൂര്‍വ്വ ഇന്ത്യയുടെ കാലത്ത് ഇന്ത്യക്കു വേണ്ടി മത്സരിച്ച ബ്രിട്ടീഷ്താരം നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിനു മുമ്പ് ഇന്ത്യക്കു വേണ്ടി അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിയത്. 1900ത്തിലെ പാരീസ് ഗെയിംസിലായിരുന്നു ഇത്. മില്‍ഖാ സിങിനും പി.ടി ഉഷക്കും നാലാം സ്ഥാനവും അഞ്ജു ബോബി ജോര്‍ജ്ജിന് അഞ്ചാം സ്ഥാനവും എത്തിപ്പിടിക്കാനായതായിരുന്നു ഇതിനു മുമ്പ് ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍.
ചരിത്ര നേട്ടത്തില്‍ നീരജ്‌ചോപ്രക്ക് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം തുടരുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി രാഷ്ട്രീയ, കായിക, സാമൂഹ്യ രംഗങ്ങളി ലെ നിരവധി പേര്‍ അഭിനന്ദനവുമായിരംഗത്തെത്തി. നീരജിന് ഹരിയാനാ സര്‍ക്കാര്‍ ആറു കോടി രൂപ ഇനാം പ്രഖ്യാപിച്ചു.

 

 

 

 

Test User: