കോഴിക്കോട്: ചന്ദ്രികയുടെ പ്രചരണം ഏറ്റവും പ്രസക്തിയുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വരിക്കാരെ വര്‍ദ്ധിപ്പിക്കുന്നതിനും സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ചന്ദ്രികയുടെ 90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിന്‍ പ്രചരണം ശക്തമാക്കുന്നു. നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ പാര്‍ട്ടിയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ താഴെ നിര്‍ദ്ദേശങ്ങള്‍ ജില്ലാ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ചന്ദ്രിക കോ-ഓര്‍ഡിനേറ്റര്‍മാരും നടപ്പാക്കണം.
ചന്ദ്രിക 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചന്ദ്രിക ചലഞ്ച് എന്ന പേരില്‍ ആഗസ്റ്റ് 15 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ നടത്തണം. പ്രത്യേക കാമ്പയിനില്‍ പ്രത്യേക നിരക്ക് ആറു മാസത്തേക്ക് 1400 രൂപയും നാലു മാസത്തേക്ക് 900 രൂപയുമാണ്. വാര്‍ഷിക നിരക്ക് 2600 രൂപയായി തുടരും. വരിക്കാരെ ചേര്‍ക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിയാണ് വരിക്കാരെ ചേര്‍ക്കേണ്ടത്. വിവിധ ജില്ലകളില്‍ നിയോജക മണ്ഡലം -മുനിസിപ്പല്‍-പഞ്ചായത്ത് ചന്ദ്രിക കോ ഓര്‍ഡിനേറ്റര്‍മാര്‍, നിയോജക മണ്ഡലം -മുനിസിപ്പല്‍-പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്നു മുതല്‍ യോഗം ചേരും. ഇന്ന് കോഴിക്കോട് ഉച്ചക്ക് 2.30, കാസര്‍കോട് മൂന്നു മണി, നാളെ കണ്ണൂര്‍ 10 മണി, വയനാട് 11 മണി, 13ന് മലപ്പുറം 10 മണി, പാലക്കാട് മൂന്നു മണി, 14ന് തിരുവനന്തപുരം രണ്ടു മണി, കൊച്ചി രണ്ടു മണി എന്നിങ്ങനെയാണ് യോഗം നടക്കുക.
പ്രത്യേക കാമ്പയിന്‍ ചന്ദ്രിക ഏജന്റ്, കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കേണ്ടതും ബന്ധപ്പെട്ട ഘടകങ്ങള്‍ ഇവരെ സഹായിക്കുന്നതിന് മൂന്നില്‍ കുറയാത്ത ആളുകളെ ചുമതലപ്പെടുത്തേണ്ടതാണ്. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നിര്‍ബന്ധമായും ചന്ദ്രിക വരിക്കാരാകേണ്ട ശാഖ ഭാരവാഹികളും പഞ്ചായത്ത് കൗണ്‍സിലര്‍മാരും ചന്ദ്രിക വരിക്കാരാണെന്ന് നിയോജക മണ്ഡലം കമ്മിറ്റികള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ വീഴ്ച്ചവരുത്തിയവരുടെ പേരുവിവരങ്ങള്‍ ജില്ലാ കമ്മിറ്റി മുഖാന്തിരം സംസ്ഥാന കമ്മിറ്റിയെ അറിയിക്കണം.
തദ്ദേശ സ്ഥാപന ജന പ്രതിനിധികള്‍ക്ക് സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി വാര്‍ഷിക വരിക്കാരുടെ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതു പരിശോധിക്കാന്‍ ആവശ്യമായ സബ് കമ്മിറ്റികളെ നിയമിക്കണം. ചന്ദ്രിക ദിനപത്രം നവതി ആഘോഷിക്കുന്ന ഈ വേളയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക സര്‍ക്കുലേഷന്‍ കാമ്പയിന്‍വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.