കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിനും മുസ്‌ലിംലീഗ് നേതൃത്വത്തിനും ചന്ദ്രിക ഡയരക്ടര്‍ ബോര്‍ഡിനും അപകീര്‍ത്തികരമായ തരത്തില്‍ അടിസ്ഥാന രഹിതമായ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘ഡെക്കാന്‍ ക്രോണിക്കിള്‍’ പത്രത്തിനും ഈ രീതിയില്‍ കുപ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി അറിയിച്ചു. ചന്ദ്രികയുടെ കോഴിക്കോട്ടെ ആസ്ഥാനം ‘വില്‍പ്പന നടത്തുന്നു’ തുടങ്ങിയ അപവാദ കഥകളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരം ഹീന ശ്രമങ്ങളെ കര്‍ശന നിയമ നടപടികളിലൂടെ നേരിടും.
ചന്ദ്രിക ഡയരക്ടര്‍ബോര്‍ഡിന്റെ ഏതെങ്കിലുമൊരു യോഗത്തിലോ, മുസ്‌ലിംലീഗിന്റെ ഏതെങ്കിലും സമിതികളിലോ ഇന്നോളം ഒരാളും പരാമര്‍ശിക്കുകപോലും ചെയ്യാത്ത ‘ഭൂമി വില്‍പ്പന’ പോലുള്ള കഥകള്‍ ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് അനുവദിക്കാനാവില്ല. ഇത് ചന്ദ്രിക വായനക്കാരെയും വരിക്കാരെയും അഭ്യുദയകാംക്ഷികളെയും ആശയക്കുഴപ്പത്തിലാക്കാന്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ ആസൂത്രിതമായി മെനഞ്ഞെടുത്തതാണ്.
ചന്ദ്രിക നവീകരണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി ഓഹരിയുടമകളുടെ കഴിഞ്ഞയാഴ്ച ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍, മാനേജിങ് ഡയരക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുകയും, ഒക്‌ടോബര്‍ ഒന്നിനാരംഭിച്ച ചന്ദ്രിക സര്‍ക്കുലേഷന്‍ ക്യാമ്പയിന്‍ പുരോഗമിക്കുകയും ചെയ്യുന്ന സമയംതന്നെ നോക്കി, ഇത്തരം വ്യാജ വാര്‍ത്തകളുമായി രംഗത്തിറങ്ങിയവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്.
82 വര്‍ഷത്തെ മഹിത പാരമ്പര്യമുള്ള ചന്ദ്രികയുടെ പ്രയാണപഥത്തില്‍ കടുത്ത പ്രതിസന്ധികള്‍ പലപ്പോഴും കടന്നുവരികയും അതെല്ലാം ചന്ദ്രികയുടെ സ്‌നേഹജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ മുസ്‌ലിം മാനേജ്‌മെന്റിനു കീഴില്‍ ഇത്രയും സുദീര്‍ഘമായ കാലം പ്രവര്‍ത്തനം മുടങ്ങാതെ കരുത്തോടെ മുന്നോട്ടുപോകുന്ന ഏക ദിനപത്രം ചന്ദ്രിക മാത്രമാണെന്ന് അപവാദ പ്രചാരകര്‍ ഓര്‍ക്കണം. കോടിക്കണക്കിനു രൂപ പ്രതിമാസം പ്രസിദ്ധീകരണച്ചെലവ് വരുന്നതാണ് പത്രങ്ങള്‍ എന്ന് ആര്‍ക്കും അറിയാം. ആദായമുണ്ടാക്കാന്‍ മൂല്യങ്ങളുപേക്ഷിക്കുന്ന പത്ര വ്യവസായത്തിന്റെ കണ്ണിലൂടെയല്ല മാനേജ്‌മെന്റ് ചന്ദ്രികയെ കാണുന്നത്. ചന്ദ്രികയ്ക്ക് സമൂഹത്തെയും നാടിനെയും സമുദായത്തെയും സംബന്ധിച്ച ഉന്നതമായ ലക്ഷ്യങ്ങളുണ്ട്.
ഓരോ മുസ്‌ലിംലീഗ് പ്രവര്‍ത്തകനും അഭ്യുദയകാംക്ഷിയും ചന്ദ്രികയുടെ പുരോഗതിക്കായി നിശ്ചയദാര്‍ഢ്യത്തോടെ രംഗത്തുണ്ട്. ആ ആത്മവീര്യത്തെ കെട്ടുകഥകള്‍ കൊണ്ട് തകര്‍ക്കാമെന്നു കരുതേണ്ട. ഏത് മാധ്യമസ്ഥാപനത്തിലുമെന്നപോലെ ചന്ദ്രികയിലുമുള്ള ജീവനക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗൗരവപൂര്‍വമായ നടപടികള്‍ മാനേജ്‌മെന്റ് ആരംഭിച്ചിട്ടുമുണ്ട്- ഡയരക്ടര്‍ബോര്‍ഡ് വ്യക്തമാക്കി.
- 8 years ago
chandrika