പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തിലെത്തിയാല്‍ അത് നാടിന്റെ ദുരന്തമായിരിക്കുമെന്ന് പറഞ്ഞത് കേരളത്തിലെ പ്രമുഖ ബുദ്ധിജീവികളായിരുന്നു. അഹങ്കാരത്തിന് കയ്യുംകാലും മുളച്ച രീതിയിലായിരുന്നു കഴിഞ്ഞ തവണത്തെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റം എന്നത് കണക്കിലെടുത്തുകൊണ്ടായിരുന്നു അവരുടെ പ്രസ്തുത മുന്നറിയിപ്പ്. അത് അക്ഷരംപ്രതി ശരിയായിരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെയൊക്കെ ഫലം അനുഭവിച്ചുവരികയാണിപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരും മുന്നണിയും സി.പി.എമ്മും. ഇന്നലെ മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് കഷ്ടിച്ച് ഭരണം ലഭിച്ചെങ്കിലും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തിരിച്ചടികളുടെ ആഴവും ആഘാതവും എത്രയെന്ന് തിരിച്ചറിയാനായിരിക്കുന്നത്. നഗരസഭയില്‍ പലയിടത്തും എതിര്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍പോലും കഴിയാത്ത തരത്തില്‍ ഭീഷണിയും കൊലവിളികളുമാണ് കഴിഞ്ഞ കാലത്ത് മാര്‍ക്‌സിസ്റ്റുകാര്‍ ഇവിടെ കാഴ്ചവെച്ചിരുന്നത്. ഇത്തവണ അത് വിലപ്പോയില്ലെന്ന് മാത്രമല്ല, യു. ഡി.എഫിന് മിക്ക എല്‍.ഡി.എഫ് കുത്തക വാര്‍ഡുകളിലും വന്‍വിജയം നേടാനുമായിരിക്കുന്നു.
കഴിഞ്ഞ തവണ വിജയിച്ച ഏഴ് സീറ്റുകളില്‍നിന്ന് ഇരട്ടിയിലേക്ക് ഇത്തവണ യു.ഡി.എഫിന് അംഗസംഖ്യ വര്‍ധിപ്പിക്കാനായതില്‍ വളരെയേറെ അഭിമാനിക്കാന്‍ വകയും കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചികയുമുണ്ട്. കോണ്‍ഗ്രസും മുസ്‌ലിംലീഗും മുമ്പത്തേതിലും ഏറെ വോട്ടുകളും സീറ്റുകളും വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിന് കഴിഞ്ഞ തവണയുണ്ടായിരുന്ന നാല് സീറ്റ് ഇത്തവണ 9 ആയി വര്‍ധിപ്പിക്കാനായെങ്കില്‍ മുസ്്‌ലിംലീഗിനും മൂന്നില്‍നിന്ന് അഞ്ചു സീറ്റായി ജനസ്വാധീനം ഇരട്ടിയിലുമധികമാക്കാന്‍ കഴിഞ്ഞിരിക്കുന്നു. വെറും 165 വോട്ടിന്റെ കുറവിലാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെയും മുന്‍മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും നഗരസഭ യു.ഡി.എഫിന് നഷ്ടമായിരിക്കുന്നത്. ഇത് മുന്നണിക്കകത്തും പാര്‍ട്ടികളിലും വലിയ ആത്മവിശ്വാസത്തിന് സഹായിക്കുമെന്നതില്‍ സംശയമില്ല. സംസ്ഥാനത്ത് ഇടതുമുന്നണിയുടെയും സര്‍ക്കാരിന്റെയും നില പരുങ്ങലിലാണെന്നതിന്റെ സൂചനകള്‍ കഴിഞ്ഞ തൃക്കാക്കര നിയമസഭാഉപതിരഞ്ഞെടുപ്പില്‍തന്നെ വ്യക്തമായിരുന്നതാണ്.
അന്ന് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ധന-അധികാര സ്വാധീനംകൊണ്ട് നടത്തിയ കാടടച്ച പ്രചാരണത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ജനം യു.ഡി.എഫിനെ മുന്‍ തവണത്തേക്കാള്‍ ഇരട്ടി ഗംഭീര ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത്. ഇന്നിതാ മട്ടന്നൂരിലെ ഫലവും ആ ആത്മവിശ്വാസത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. കെടുകാര്യസ്ഥതയും അഴിമതിയും നടമാടുന്ന പിണറായി ഭരണത്തെ തള്ളിപ്പറയാന്‍ സി.പി.ഐപോലും തയ്യാറായിരിക്കവെ ജനം അത്തരത്തില്‍ ചിന്തിച്ചതില്‍ അത്ഭുതം കാണാന്‍ കഴിയില്ല.
ഇന്നലെ തന്നെയാണ് സംസ്ഥാന നിയമസഭയില്‍ ലോകായുക്തയുടെ ചിറകരിയുന്നതും വൈസ്ചാന്‍സലറുടെ അധികാരം കുറയ്ക്കുന്നതുമായ ഭേദഗതി ബില്ലുകള്‍ നിയമമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സഭാസമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയതിന് ‘കാപ്പ’കരിനിയമം ചുമത്തിക്കൊണ്ടുള്ള തീരുമാനം കനത്ത പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധത്തിന്റെ അപ്പോസ്തലന്മാരാണ് ഇത് ചെയ്യുന്നതെന്നത് ജനങ്ങളില്‍ പ്രത്യേകിച്ചും ഇടതുപക്ഷക്കാരില്‍, ഉളവാക്കുന്ന ലജ്ജയും പശ്ചാത്താപവും തീര്‍ത്താല്‍ തീരുന്നതല്ല.
ഗവര്‍ണറോടുള്ള പ്രതിഷേധം ആ ഭരണഘടനാപദവിയുടെ മഹനീയതയെ കുറക്കാനായി ഉപയോഗിക്കുന്നതിനെ തികച്ചും താന്തോന്നിത്തം എന്നേ പറയേണ്ടതുള്ളൂ. സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റാനായാണ് ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തുന്നതെന്ന ആരോപണത്തെ നേരിടാന്‍ സര്‍ക്കാരിനാവുന്നില്ല. ഇതിനിടെയാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ. പ്രൊഫസറായി സി.പി.എം മുന്‍ എം.പിയുടെ ഭാര്യയെ നിയമിക്കാനുള്ള റാങ്ക് പട്ടികയിലെ തിരിമറിക്കെതിരായി രണ്ടാം റാങ്കുകാരന്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരിക്കുന്നത്. ഗവര്‍ണറും ഇക്കാര്യത്തില്‍ സ്റ്റേ നല്‍കുക മാത്രമല്ല കഴിഞ്ഞകാലങ്ങളിലെ സര്‍വകലാശാലാ അനധികൃത നിയമനങ്ങളെല്ലാം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഏതായാലും ഇരു വിഭാഗവും അതിശക്തമായ നിലപാട് സ്വീകരിക്കുന്നതോടെ കേരളത്തിന്റെ മഹനീയമായ ഉന്നത വിദ്യാഭ്യാസരംഗമാണ് അവഹേളിക്കപ്പെടുന്നതെന്നത് ഓര്‍ക്കണം. ഭരണഘടനയോടും അതിനുകീഴിലെ സ്ഥാപനങ്ങളോടും പ്രതിപത്തിയോ ഉത്തരവാദിത്തമോ ഇല്ലാത്തവര്‍ക്ക് ഇതെല്ലാം വെറും കുട്ടിക്കളി മാത്രമാകുന്നതില്‍ വിസ്മയിക്കാനുമാവില്ല.
തിരിച്ചടികളുടെ വര്‍ഷമാണ് പിണറായി സര്‍ക്കാര്‍ കൊണ്ടാടേണ്ടതെന്നതിന് തെളിവാണ് വഖഫ്‌ബോര്‍ഡില്‍ പി.എസ്.സിയെ നിയോഗിച്ചതും പിന്നീട് പിന്‍വലിക്കാന്‍ ഇടവന്നതും. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനുത്തരവാദിയയാളെ പുനര്‍നിയമനം നല്‍കി ജില്ലാകലക്ടറായി നിയമിച്ചതും പിന്‍വലിച്ചോടേണ്ടി വന്നതും ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിലെ പിന്നാക്കംപോക്കും ഈ സര്‍ക്കാരിനെ യു ടേണ്‍ സര്‍ക്കാരെന്ന വിശേഷണത്തിന് അര്‍ഹമാക്കിയിരിക്കുകയാണ്. ഈ മാസം ഒടുവില്‍ ലാവലിന്‍ കോഴക്കേസിന്റെ വിചാരണക്കുള്ള അനുമതികൂടി ലഭിക്കുന്നതോടെ പിണറായി വിജയനും സര്‍ക്കാരിനും നാണം മറയക്കാന്‍ യാതൊന്നുമില്ലാത്ത അവസ്ഥയാണ് വരാന്‍പോകുന്നതെന്നര്‍ഥം.