X
    Categories: News

ഒളിക്കാനിടമില്ലാതെ മുഖ്യമന്ത്രി

സംശയങ്ങള്‍ക്കിടമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ തല താഴ്ത്തി നടക്കുന്ന അദ്ദേഹം പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ദേശീയ സുരക്ഷയെ അപകപ്പെടുത്തിയതുമുതല്‍ അഴിമതിയുടെ നാറുന്ന കഥകള്‍വരെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയാമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുന്നു. എല്ലാം നടന്നത് താനറിയാതെയാണെന്ന് ആണയിട്ടിരുന്ന പിണറായി മുഖംരക്ഷിക്കാന്‍ ഇനി എവിടെപ്പോയി ഒളിക്കും?

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ആറ് തവണയാണ് സ്വപ്‌നയുമായി പിണറായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രത്യേക കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ ഇ.ഡി വ്യക്തമാക്കുന്നു. സ്വപ്‌നക്ക് പുറമെ, കേസില്‍ പ്രതികളായ സന്ദീപ്നായര്‍ക്കും സരത്തിനുമെതിരെ തയാറാക്കിയ 303 പേജുള്ള കുറ്റപത്രം മുഖ്യമന്ത്രിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നുണ്ട്. പിണറായി സ്വയം ന്യായീകരിച്ച് പറഞ്ഞുനടക്കുന്നതെല്ലാം പച്ചക്കള്ളമാണെന്ന് കൂടുതല്‍ ബോധ്യമാവുകയാണ്. എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിനാവില്ല. തെളിവ് സഹിതമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിയില്‍ സ്വപ്‌നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നെന്നും എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് സ്വപ്‌നക്ക് ശിവശങ്കര്‍ ഉറപ്പുനല്‍കിയിരുന്നു. അതിനുശേഷമാണ് സ്‌പേസ് പാര്‍ക്ക് സി. ഇ.ഒ വിളിച്ച് സ്വപ്‌നയോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചത്. പിണറായിയുടെ സ്വന്തക്കാരനായ ശിവശങ്കറിന്റെ മേല്‍നോട്ടത്തിലാണ് തട്ടിപ്പുകളെല്ലാം അരങ്ങേറിയതെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നക്ക് ലോക്കര്‍ എടുത്തുനല്‍കിയത് ശിവശങ്കറാണ്. മുപ്പത് ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാന്‍ ഉപദേശിച്ചതും അദ്ദേഹമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ജീവനുള്ള തെളിവുകളാണ് മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കുമെതിരെ ഇ.ഡി നിരത്തിയിരിക്കുന്നത്. സ്വപ്‌നയും ശിവശങ്കറും ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരും നടത്തിയ വാട്‌സ്ആപ് സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍നിന്ന് പുറത്തുപോന്നശേഷം സ്വപ്‌ന പുതിയ ജോലി തേടി ശിവശങ്കറിനെ സമീപിക്കുകയായിരുന്നു. സ്‌പേസ് പാര്‍ക്കില്‍ നിയമനം ശരിയാക്കാമെന്നും ബയോഡാറ്റ അയച്ചതിന്‌ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ശിവശങ്കറിനെ സ്വപ്‌ന എട്ട് തവണ ഔദ്യോഗികമായി കണ്ടിരുന്നു. അതില്‍ ആറ് തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. സ്വപ്‌നയെ ശിവശങ്കര്‍ പലതവണ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പക്ഷേ, ആ പണം തിരിച്ചുനല്‍കിയിട്ടില്ല. കുറ്റപത്രത്തില്‍ പരാമര്‍ശിച്ച പ്രതികള്‍ക്കെല്ലാം കണക്കില്‍പെടാത്ത സ്വത്തുണ്ട്. നിയമപരമായി പണം സമ്പാദിക്കാനുള്ള വരുമാന സ്രോതസ്സ് ഇവര്‍ക്കില്ലെന്നിരിക്കെ തട്ടിപ്പിലൂടെയാണ് അതെല്ലാം നേടിയെടുത്തതെന്ന് വ്യക്തം. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്വപ്‌ന എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായത്? ഇതേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പിണറായി പറഞ്ഞിരുന്നത് ആ നിയമനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ്. പിന്നീട് പുറത്തുവന്നതെല്ലാം മുഖ്യമന്ത്രിയുടെ വാദത്തെ പൊളിക്കുന്ന വസ്തുതകള്‍. വിദേശ യാത്രകൡപോലും അവര്‍ ഒന്നിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ദുബൈ യാത്രാസംഘത്തില്‍ സ്വപ്‌നയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അവരെ ഉള്‍പ്പെടുത്തിയത്. യാത്രാസംഘത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസഥര്‍ക്ക്പുറമെ ഉണ്ടായിരുന്ന മൂന്നു പേരില്‍ പ്രധാനിയായിരുന്നു സ്വപ്‌ന. മുഖ്യമന്ത്രിയുടെ ഭാര്യയായിരുന്നു മറ്റൊരാള്‍. ഭാര്യക്ക് വിദേശ യാത്രയില്‍ പാലിക്കേണ്ട നയതന്ത്ര കാര്യങ്ങളില്‍ സ്വപ്‌നയുടെ സാന്നിധ്യം സഹായകമാകുമെന്നാണ് യാത്രാസംഘത്തില്‍ ഉള്‍പ്പെടുത്താനുള്ള കാരണമായി പിണറായി പറഞ്ഞിരുന്നത്. നയതന്ത്ര കേന്ദ്രങ്ങളുമായുള്ള അടുപ്പം ഉള്‍പ്പെടെ സ്വപ്‌നയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു.

ലൈഫ് മിഷന്‍ തട്ടിപ്പിലും സ്വപ്‌നക്ക് പങ്കുണ്ട്. റെഡ് ക്രസന്റ് വഴി ചട്ടം ലംഘിച്ച് സഹായം സ്വീകരിക്കുന്നതിന് സര്‍വാധികാരിയായി സ്വപ്‌നയെയാണ് പദ്ധതിയുടെ ചുമതലക്കാരനായ മുഖ്യമന്ത്രി നിയോഗിച്ചിരുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് #ാറ്റ് നിര്‍മിച്ച നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയും കൂട്ടാളികളും കമ്മീഷനായി തട്ടിയത് 3.60 കോടി രൂപയാണ്. നാല് കോടി രൂപയായിരുന്നു സ്വപ്‌ന ചോദിച്ചിരുന്നത്. മുഖ്യമന്ത്രി ചെയര്‍മാനായിരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇത്രയൊക്കെ ഇറങ്ങിക്കളിക്കാനും വെട്ടിപ്പ് നടത്താനും അവര്‍ക്ക് ധൈര്യം കിട്ടിയത് പിണറായിയുടെ ഒത്താശയില്ലാതെ സാധിക്കുമോ? ഇത്രയൊക്കെ ആരോപണങ്ങളില്‍ കുളിച്ചുനില്‍ക്കുകയും പിന്നാമ്പുറക്കഥകള്‍ അങ്ങാടിപ്പാട്ടാവുകയും ചെയ്തിട്ടും പിണറായി വീണത് വിദ്യയാക്കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കാന്‍ അണിയറയില്‍ സജീവ നീക്കം നടത്തുകയും ചെയ്യുന്നു. പിണറായിക്ക് മാത്രമല്ല, മന്ത്രിമാരില്‍ പലര്‍ക്കും സ്വപ്‌ന സുപരിചിതയാണെന്ന് അറിഞ്ഞ് കേരളം ഞെട്ടി. മന്ത്രി കെ.ടി ജലീലുമായി സ്വപ്‌ന നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ജൂണില്‍ മാത്രം ഇവര്‍ സംസാരിച്ചത് 10 തവണയാണ്. യു.എ.ഇ കോണ്‍സുലേറ്റിലെ ഔദ്യോഗിക ആവശ്യത്തിനായിരുന്നു അതെന്ന ജലീലിന്റെ വിശദീകരണം എത്ര പരിഹാസ്യം! മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും കൂട്ടിന് കണ്ടെത്തിയ ആളുടെ ക്രിമിനല്‍ പശ്ചാത്തലവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. എയര്‍ ഇന്ത്യ ജീവനക്കാരനെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് കുടുക്കാന്‍ ശ്രമിച്ച കേസില്‍ സ്വപ്‌ന പ്രതിയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളെല്ലാം ഉദ്യോഗസ്ഥന്മാരുടെ ഇടപാടുകളാണെന്നായിരുന്നു സി.പി.എം അനുയായികള്‍ക്കുമുന്നില്‍ വിശദീകരിച്ചിരുന്നത്. സ്വപ്‌നയെയും രവിശങ്കറെയും ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രമെന്നിരിക്കെ പിണറായിക്ക് രക്ഷപ്പെടാന്‍ കോവിഡിന്റെ പുകമറ മതിയാകില്ല. എത്ര തന്നെ ഒളിച്ചുവെക്കാന്‍ നോക്കിയാലും മടിശീലയില്‍ ഒതുങ്ങാത്ത തട്ടിപ്പുകളാണ് ഭരണസിരാകേന്ദ്രത്തില്‍ നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അതെല്ലാമെന്ന് തെളിയിക്കപ്പെട്ടിരിക്കെ രാജിവെച്ച് പുറത്തുപോകുന്നതാണ് മാന്യത.

 

chandrika: