X

ഇടതു സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത വഞ്ചന

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം കൈമാറിയത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന സത്യം ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നടത്തിയ കൊടുംചതി. പൊതുമേഖലയിലെ കറവപ്പശുക്കളായ സ്ഥാപനങ്ങളെ മുഴുവന്‍ വിറ്റുതുലച്ച് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരുമായി പിണറായി കൈകോര്‍ത്ത കഥ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നഷ്ടപ്പെടുന്നതിനെക്കുറിച്ച് കേരളം കണ്ണീര്‍വാര്‍ത്തുകൊണ്ടിരിക്കെയാണ് വഞ്ചനയുടെ അണിയറ വിവരങ്ങള്‍ പുറത്തുവരുന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ ഒഴുക്കിയതെല്ലാം മുതലക്കണ്ണീരായിരുന്നുവെന്ന് ചുരുക്കം. പിണറായി സര്‍ക്കാര്‍ അദാനിക്കുവേണ്ടി ചരടുവലിച്ചിരുന്നില്ലെങ്കില്‍ കേരളത്തിന്റെ അഭിമാനസ്തഭമായ വിമാനത്താവളം നഷ്ടപ്പെടുമായിരുന്നില്ല. ഇടതു സര്‍ക്കാറിന്റെ അറിവോടെയും സഹകരണത്തോടെയുമാണ് തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോയിരിക്കുന്നത്.
അമ്പത് വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് കൈമാറിയതിന് പിന്നിലെ അടിയൊഴുക്കുകള്‍ ഭീകരമാണ്. ഒത്തുകളിക്കൊടുവിലാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള ലേലം നടന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ അദാനിക്ക്തന്നെ ലേലത്തില്‍ വിജയിക്കാന്‍ പിണറായി സര്‍ക്കാര്‍ അവസമൊരുക്കുകയായിരുന്നു. ലേല നടപടികള്‍ക്ക് രേഖകള്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി നിയോഗിച്ചത് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തെയാണ്. വ്യവസായി ഗൗതം അദാനിയുടെ മകന്‍ കരണിന്റെ ഭാര്യ പരിധി അദാനിക്ക് ഇതില്‍ പങ്കാളിത്തമുണ്ട്. പരിധിയുടെ പിതാവ് സിറില്‍ ഷ്‌റോഫാണ് സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറെന്ന് അറിയുമ്പോള്‍ മനസ്സിലാകും വിമാനത്താവള ലേലത്തില്‍ നടന്ന തട്ടിപ്പിന്റെ ആഴം. സംസ്ഥാന സര്‍ക്കാരിനോടൊപ്പം അദാനി ഗ്രൂപ്പും ലേലത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ ഗൂഢലക്ഷ്യം മറനീക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ ലീഗല്‍ കണ്‍സള്‍ട്ടന്റും സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിയാണെന്നിരിക്കെ തട്ടിപ്പ് മനസ്സിലാകാന്‍ ആര്‍ക്കാണ് പ്രയാസമുള്ളത്. 2019 ജനുവരിയിലാണ് ലേലവുമായി ബന്ധപ്പെട്ട് ഗ്രൂപ്പിനെ കണ്‍സള്‍ട്ടന്റാക്കിയത്. അദാനിയുമായി മംഗള്‍സാദ് ഗ്രൂപ്പിനുള്ള ബന്ധം അന്ന്തന്നെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ സജീവ ചര്‍ച്ചയുണ്ടായിരുന്നു. എന്താണ് നടക്കാന്‍ പോകുന്നതെന്ന് സര്‍ക്കാരിന് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തം. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ വലിയൊരു ഒത്തുകളിയുടെ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം അദാനിയുടെ കൈകളിലെത്തിയതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തേണ്ടതില്ല. ഒരു യാത്രക്കാരന് 135 രൂപയെന്ന നിരക്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നായിരുന്നു കേരളത്തിന്റെ ലേല വാഗ്ദാനം. അദാനി ഗ്രൂപ്പ് ക്വാട്ട് ചെയ്തത് 168 രൂപയും. സ്വാഭാവികമായും വിമാനത്താവളം അദാനിക്ക് ലഭിക്കുകയും കേരളത്തിന് നഷ്ടപ്പെടുകയും ചെയ്തു. ലേലത്തില്‍ സര്‍ക്കാരിനും അദാനിക്കും നിയമോപദേശം നല്‍കിയത് ഒരേ ഗ്രൂപ്പ് തന്നെ. സഹായിക്കാനും എതിര്‍ക്കാനും ഒരാളായാല്‍ എങ്ങനെയിരിക്കും? വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ ഇടത് സര്‍ക്കാര്‍ ഒച്ചവെച്ചത് ജനങ്ങളെ പറ്റിക്കാനായിരുന്നുവെന്ന് കൂടുതല്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തിനുവേണ്ടി കേരളം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്‍ തുടക്കം മുതലേ സംശയമുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പിന്നാമ്പുറത്ത് അദാനിയുമായി കൈകോര്‍ത്ത് കച്ചവടമുറപ്പിക്കുകയും മറുഭാഗത്ത് പ്രതിഷേധ ബഹളങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്ത സര്‍ക്കാര്‍ നടപടി മാപ്പര്‍ഹിക്കുന്നില്ല.
ലേലത്തുക നിശ്ചയിച്ചതില്‍ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിക്ക് ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം വിശ്വസിക്കാന്‍ കേരളീയരെ കിട്ടില്ല. മുഖ്യമന്ത്രി നിശ്ചയിച്ച ഉന്നതതല സമിതിയാണ് നിരക്ക് നിശ്ചയിച്ചതെന്ന് കെ.എസ്.ഐ.ഡി.സി പറയുന്നു. ചീഫ് സെക്രട്ടറിയും ധന, ഗതാഗത, നിയമ സെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതിക്കല്ലാതെ ലേലത്തുകയെക്കുറിച്ച് മറ്റാര്‍ക്കും അറിയുമായിരുന്നില്ലെന്ന് പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ്. പൊതുമേഖലയില്‍തന്നെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളുണ്ടെന്നിരിക്കെ എന്തിനാണ് കോടികള്‍ മുടക്കി ഒരു രാജ്യാന്തര സ്വകാര്യ കണ്‍സള്‍ട്ടന്റിനെ അന്വേഷിച്ചുപോയതെന്ന ചോദ്യത്തിനും അധികൃതര്‍ മറുപടി പറയേണ്ടതുണ്ട്. കിറ്റ്‌കോ പോലുള്ള നിരവധി സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അധീനതയിലുണ്ട്. എന്നിട്ടും അദാനിയുടെ ബന്ധുവിനെതന്നെ ജോലി എല്‍പ്പിക്കേണ്ടിയിരുന്നോ? ഈ കമ്പനിയുടെ ഫീസ് എത്രയാണെന്ന് കേട്ടാല്‍ ഞെട്ടും -മണിക്കൂറിന് 15,000 രൂപ. കേരളത്തിന്റെ കാര്യമല്ലേ എന്നോര്‍ത്ത് ഫീസ് വിലപേശലിലൂടെ 13,000 രൂപയാക്കിയെന്നും പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വെട്ടിക്കുറച്ചെന്നുമൊക്കെ സര്‍ക്കാര്‍ വീമ്പിളക്കുന്നുണ്ട്. ഫീസിനത്തില്‍ മൊത്തം 55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിക്ക് നല്‍കിയത്. അങ്ങനെ തോറ്റ ലേലത്തിന് സര്‍ക്കാര്‍ ആകെ ചെലവഴിച്ചത് 2.2 കോടി രൂപയാണ്. ജനങ്ങളുടെ പണമാണ് അതെന്ന് ഓര്‍ക്കണം. അദാനിക്ക് തന്നെ വിമാനത്താവളം കിട്ടണമെന്നത് ഇടത് സര്‍ക്കാരിന്റെയും കേന്ദ്രത്തില്‍ ബി.ജെ.പി ഭരണകൂടത്തിന്റെയും ആവശ്യമായിരുന്നു. വിഴിഞ്ഞം ഉള്‍പ്പെടെ വിവിധ തുറമുഖങ്ങളുടെ ചുമതലയുള്ള അദാനി പോര്‍ട്‌സ് സി.എ.ഒയാണ് അദാനിയുടെ മകനായ കരണ്‍. തുറമുഖത്തോടൊപ്പം വിമാനത്താവളവും ലാഭക്കൊതി മൂത്ത സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുകവഴി പൊതുസമ്പത്തിനെ ഭരണകൂടം വില്‍പ്പനച്ചരക്കാക്കുകയാണ്. നരേന്ദ്ര മോദിയുടെ തണലില്‍ വളര്‍ന്ന് വലുതായ കമ്പനിയാണ് അദാനി ഗ്രൂപ്പ്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002നും 2014 നുമിടക്കാണ് കമ്പനി ഇത്രയേറെ പുരോഗതി പ്രാപിച്ചത്. അദാനിയുമായും അംബാനിമാരുമായും മോദിക്കുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് രാജ്യത്തിന് നന്നായി അറിയാം. തിരുവനന്തപുരം വിമാനത്താവളം നിലവില്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നിരിക്കെ സ്വകാര്യവത്കരണത്തിന് യാതൊരു നീതീകരണവുമില്ല. ഇടതുസര്‍ക്കാര്‍ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വിമാനത്താവളം കേരളത്തിന്റെ കൈയില്‍ ഭദ്രമാകുമായിരുന്നു. അദാനിക്കുവേണ്ടി നടത്തിയ ഒത്തുകളി നാട്ടുകാര്‍ അറിയില്ലെന്നാണ് പിണറായി സര്‍ക്കാര്‍ കരുതിയത്. ഇടതുപക്ഷ ഭരണത്തിനുകീഴില്‍ മുന്‍വാതിലിനെക്കാള്‍ പിന്‍വാതിലാണ് സജീവം. ജനക്ഷേമത്തിലൂന്നിയുള്ള ഭരണത്തിനു പകരം ഒളിച്ചുകളികളിലാണ്് സര്‍ക്കാരിന്റെ ശ്രദ്ധ. കേവലമൊരു അഴിമതിയായി ഇതിനെ തള്ളുന്നത് വിഷയത്തിന്റെ ഗൗരവം കുറയ്ക്കും. കേരളത്തോട് കാണിച്ച വിശ്വാസ വഞ്ചനയാണിത്. തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനിന്നും കുറ്റവാളികളെ ചിറകിലൊതുക്കി സഹായിച്ചും ഇഴഞ്ഞുനീങ്ങി കാലാവലധി പൂര്‍ത്തിയാക്കാന്‍ പാടുപെടുന്ന സര്‍ക്കാരിന്റെ ഗതികേട് ഏറെ ദയനീയമാണ്.

 

chandrika: