കൊടിയ കൃഷിനാശത്തില്‍ സ്വയാഹുതിയുടെ വക്കത്തെത്തിയ രാജ്യത്തെ കര്‍ഷകര്‍ കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ നടത്തിയ സഹന സമരത്തെക്കുറിച്ച് വീമ്പിളക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ നടത്തിവരുന്ന ഭൂമി പിടിച്ചെടുക്കല്‍ നടപടി ആളെ പട്ടിയും പിന്നീട് പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന അവരുടെ പതിവു ശൈലിക്ക് ഉത്തമോദാഹരണമായിരിക്കുന്നു. കണ്ണൂരിലെ കീഴാറ്റൂരില്‍ നെല്‍വയലിന് നടുവിലൂടെ പാത വെട്ടുമെന്ന പിടിവാശിയിലാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ പതിനാലിന് കീഴാറ്റൂരില്‍ ആത്മാഹുതി സമരത്തിനിറങ്ങിയ ഭൂവുടമകളെ ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്ത് അവരുടെ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ച സി.പി.എമ്മുകാര്‍ ഇതാ മലപ്പുറത്തേക്കും തങ്ങളുടെ കര്‍ഷക-ജനവിരുദ്ധ നയങ്ങളുടെ നടത്തിപ്പിനായി മുന്നിട്ടിറങ്ങിയ കാഴ്ചയാണ്.
കുറ്റിപ്പുറത്ത് തിങ്കളാഴ്ച ദേശീയപാതാസര്‍വേ തടസ്സപ്പെടുത്തിയ നാട്ടുകാരെ പൊലീസിനെക്കൊണ്ട് ഭയപ്പെടുത്തി നടപടികളുമായി മുന്നോട്ടുപോകുന്ന നയമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് പത്തു വര്‍ഷത്തോളമായി മാറ്റിവെച്ച പാത നിര്‍മാണ നടപടിയാണ് ഇടതുപക്ഷസര്‍ക്കാര്‍ പൂര്‍വാധികം ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. കര്‍ഷകരെ വെടിവെച്ചുകൊന്ന പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിനെയും സിംഗൂരിനെയും അനുസ്മരിപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പാതകളും ആധുനിക ഗതാഗത സംവിധാനങ്ങളും ജനങ്ങളുടെ ആവശ്യമാണെന്നതിന് ആര്‍ക്കും തര്‍ക്കമില്ല. കാസര്‍കോടുനിന്ന് നിലവിലെ ദേശീയപാത വീതികൂട്ടി നാലു വരിയാക്കുന്നതിനായാണ് സ്ഥലമേറ്റെടുക്കലിന് സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്. പതിനായിരത്തിലധികം പേര്‍ക്ക് ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും കച്ചവടവും തൊഴിലും നഷ്ടമാകുന്ന വിഷയത്തില്‍ അവരുമായി കൂടിയാലോചന നടത്താതെയും നഷ്ടപരിഹാരം ഉറപ്പുവരുത്താതെയുമാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെവിട്ട് ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിന് തയ്യാറായത്. ഇതിലൂടെ 5561 കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരികയും അറുന്നൂറിലധികം കിണറുകള്‍ ഇല്ലാതാകുകയും ചെയ്യും. ആയിരത്തഞ്ഞൂറിലധികം കുടുംബങ്ങള്‍ കിടപ്പാടം വിട്ടൊഴിയണം. മുപ്പതിനായിരം വന്‍മരങ്ങള്‍ മുറിക്കപ്പെടും. കുറ്റിപ്പുറം പാലത്തുനിന്ന് തുടങ്ങുന്ന സര്‍വേ നാലു കിലോമീറ്റര്‍ ദൂരത്തില്‍ അതിര്‍ത്തിക്കല്ല് നാട്ടി പതിനഞ്ച് ദിവസത്തിനകം തീര്‍ക്കാനാണ് തീരുമാനമത്രെ. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത ്2009ലും പിന്നീട് 2011ലും 13ലും സമാനമായ നടപടികള്‍ ഉണ്ടായെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധം മൂലം സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഒക്ടോബറോടെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ദേശീയപാതാഅതോറിറ്റിക്ക് ഭൂമി കൈമാറാനാണ് തീരുമാനം.
നാല്‍പത്തഞ്ച് മീറ്ററായാണ് പാത വീതികൂട്ടുന്നത്. എന്നാല്‍ ഇത്രയും ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് നാട്ടുകാരും സമരസമിതിയും മുന്നോട്ടുവെക്കുന്നത്. മുപ്പത് മീറ്റര്‍ ആയാലും നാലുവരി നിര്‍മിക്കാമെന്നിരിക്കെ അധികം ഭൂമി കൈക്കലാക്കുന്നതിന് പിന്നില്‍ വന്‍കിട ടോള്‍ ലോബിയുടെ പങ്കുള്ളതായാണ് ആരോപണം. കേരളത്തിന്റെ അമിത ജനസാന്ദ്രത കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദേശീയ പാതയുടെ വീതി മുപ്പത് മീറ്ററായി കുറക്കണമെന്നത് വളരെക്കാലമായുള്ള ആവശ്യമാണ്. ഇതുസംബന്ധിച്ച് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേകാനുമതി വാങ്ങുകയും ചെയ്തിരുന്നു. ആ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് 2013ല്‍ സ്ഥലമേറ്റെടുക്കുമ്പോള്‍ എണ്‍പത് ശതമാനം ഭൂവുടമകള്‍ സമ്മതപത്രം നല്‍കിയിരിക്കണമെന്ന നിയമം പാസാക്കിയതും. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഇന്ന് ഇടതുപക്ഷ സര്‍ക്കാര്‍ സ്വന്തം നിലപാടുമായി ഭൂവുടമകള്‍ക്കെതിരെ തോക്കും ലാത്തികളുമായി രംഗത്തുവന്നിരിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിപണിവില മുന്‍കൂറായി നല്‍കണമെന്ന ആവശ്യവും പാലിക്കപ്പെട്ടിട്ടില്ല.
അധികാരത്തിലില്ലാതിരിക്കുമ്പോള്‍ തൊഴിലാളി-പാവപ്പെട്ടവരോടുള്ള പ്രേമത്തെക്കുറിച്ച് വാചാലരാകുകയും അധികാരത്തിലേറുമ്പോള്‍ നവ സാമ്പത്തിക മുതലാളിത്ത നയത്തിന്റെ ശക്തിയായ വക്താക്കളാകുകയും ചെയ്യുന്ന അവസ്ഥ ഇടതുപക്ഷത്തിന് പതിവായിട്ട് കുറെക്കാലമായി. അതിന്റെ പരിണിത ഫലമാണ് അവര്‍ മുപ്പത്തിനാലുകൊല്ലം ഭരിച്ച പശ്ചിമബംഗാളിലും കാല്‍നൂറ്റാണ്ട് ഭരിച്ച ത്രിപുരയിലുമായി ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തെ എതിര്‍ക്കുന്നവരുടെ കുട്ടിക്കരണം മറിച്ചിലാണിവിടെ കാണാനാകുന്നത്. കീഴാറ്റൂരിലെ വയല്‍കിളി സമരപ്പന്തലിന് തീയിട്ടും കുറ്റിപ്പുറത്ത് ബലം പ്രയോഗിച്ചും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അവരുടെതന്നെ ഭാഷയിലെ ബൂര്‍ഷ്വാനയങ്ങള്‍ കേരളം സഹിക്കുമെന്ന് കരുതുക മൗഢ്യമാകും. നോട്ടു നിരോധനവും ചരക്കുസേവന നികുതിയും മുതലാളിത്ത-കുത്തക അനുകൂല ഭരണവും കൊണ്ട് സാധാരണക്കാരന്റെയും കര്‍ഷകന്റെയും ജീവിതം ദുസ്സഹമായിരിക്കുന്ന കാലത്താണ് പാതക്കും ഫാക്ടറിക്കും വേണ്ടി തൊഴിലാളി പാര്‍ട്ടിക്കാര്‍ കാള്‍മാര്‍ക്‌സ് പറഞ്ഞ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങളുപയോഗിച്ച് ജനത്തെ കൊല്ലാക്കൊല ചെയ്യുന്നത്. പാവപ്പെട്ടവരും നാമമാത്രരുമായ ഭൂവുടമകളുടെ ഭൂമി ഒരു പ്രഭാതത്തില്‍ പൊലീസിനെ ഉപയോഗിച്ച് കയ്യേറി കൊച്ചി-മംഗളൂരു വാതകപൈപ്പ് ലൈനിനുവേണ്ടി പൈപ്പിട്ടുകൊണ്ടിരിക്കുന്ന കോഴിക്കോട് ജില്ലയിലെ മുക്കത്തെ സര്‍ക്കാര്‍ നടപടിക്കെതിരെയും വന്‍ ജനരോഷമാണ് ആളിക്കത്തുന്നത്. ജനാധിപത്യത്തില്‍ ചെറു ന്യൂനപക്ഷത്തിന്റെപ്രതിഷേധത്തെ കണക്കിലെടുക്കാന്‍ ഭരണകൂടങ്ങള്‍ക്ക് താല്‍പര്യമുണ്ടാകാത്തത് അവരുടെ വോട്ടുകള്‍ തങ്ങള്‍ക്ക് നിര്‍ണായകമല്ലെന്നതുകൊണ്ടായിരിക്കും. എന്നാല്‍ ഇത്തരം പല തുള്ളികളാണ് വിപ്ലവത്തിന്റെ മലവെള്ളപ്പാച്ചിലുകളായി മാറുകയെന്ന സത്യം അധികാര സോപാനങ്ങളിലെ ആലസ്യാസനസ്ഥര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്രവാദത്തിലേക്ക് വലിച്ചിഴക്കുന്ന ഭരണകൂട ഭീകരത മുമ്പ് ചെങ്ങറയിലും വൈപ്പിനിലും മൂലമ്പിള്ളിയിലുമൊക്കെ കാക്കിപ്പട്ടാളവും ചുവപ്പന്‍സഖാക്കളും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.