X

മുസ്‌ലിംലീഗിന്റെ പേരും പെരുമയും- ചന്ദ്രിക മുഖപ്രസംഗം

മുസ്‌ലിംലീഗിനു മാത്രമല്ല, രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്കാകെ സന്തോഷം പകരുന്നതാണ് കഴിഞ്ഞദിവസം പരമോന്നത നീതിപാഠത്തില്‍നിന്നുണ്ടായ വിധി. മതചിഹ്നവും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. മുക്കാല്‍ നൂറ്റാണ്ടോളം മതനിരപേക്ഷ ജനാധിപത്യ ആശയങ്ങളില്‍ നിലയുറച്ച്, ജനങ്ങളുടെ പൂര്‍ണ വിശ്വാസം നേടി പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗ് മതാധിഷ്ഠിത പാര്‍ട്ടിയാണ് എന്ന അഭിപ്രായം ശത്രുക്കള്‍ക്ക് പോലുമില്ല. 1948 മാര്‍ച്ച് 10 മുതല്‍ ഇന്ത്യന്‍ യൂണിയനില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപംകൊണ്ടപ്പോള്‍ മുസ്‌ലിം എന്ന പേര് സ്വീകരിച്ചതിന് പ്രത്യേക കാരണങ്ങളുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ ഭൂരിപക്ഷ വിഭാഗമാണ് മുസ്‌ലിം സമുദായം. ഒരു മതവിഭാഗം വലിയ ഭൂരിപക്ഷമായ ഇന്ത്യയെ ഭൂരിപക്ഷാധിപത്യ രാഷ്ട്രീയം പിടിമുറുക്കിയാല്‍ അതേറ്റവും കൂടുതല്‍ ബാധിക്കുക പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെയാണ്. യഥാര്‍ത്ഥ വിശ്വാസികള്‍ എന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ മുസ്‌ലിം സമുദായത്തിലെ അംഗമായി പിറന്ന ഓരോ പൗരനെയും ഭൂരിപക്ഷാധിപത്യ രാഷ്ട്രീയം ബാധിക്കുമെന്ന തിരിച്ചറിവ് മുസ്‌ലിം നേതാക്കള്‍ക്ക് നേരത്തെ ബോധ്യപ്പെട്ടിരുന്നു. ഇതാണ് മുസ്‌ലിംകള്‍ ഒരു സമുദായം എന്ന നിലക്ക് രാഷ്ട്രീയമായി സംഘടിക്കണമെന്ന ആശയം ശക്തമാകാനുള്ള കാരണം.

മുസ്‌ലിം എന്ന സ്വത്വബോധം ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയത്തിലൂടെ മാത്രമേ അവകാശങ്ങള്‍ സംരക്ഷിക്കാനും അവകാശ നിഷേധത്തിനെതിരെ ശബ്ദിക്കാനും സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ബലം.

അതേഅവസരത്തില്‍തന്നെ എല്ലാ മത വിശ്വാസികള്‍ക്കും മതമില്ലാത്തവര്‍ക്കും മുസ്‌ലിംലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു തടസവുമില്ല. മുസ്‌ലിംലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാവുന്നതുമാണ്. മുസ്‌ലിംകളല്ലാത്ത നിരവധിയാളുകള്‍ പ്രവര്‍ത്തിക്കുകയും സ്ഥാനമാനങ്ങള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. അതിപ്പോഴും തുടരുന്നുമുണ്ട്.
മതചിഹ്നവും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വ്യക്തിയെക്കുറിച്ചറിയുമ്പോഴേ ഇതിന്റെ രാഷ്ട്രീയ വശം മനസിലാക്കാനാകൂ. ശിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനായിരുന്ന വസീം റിസ്‌വി, ജിതേന്ദ്ര നാരായണ്‍ സിങ് എന്ന പേര് സ്വീകരിച്ച് ഹിന്ദുത്വ രാഷ്ട്രീയമണിഞ്ഞ് നിരന്തരം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേട്ടയാടിക്കൊണ്ടിരിക്കുന്നയാളാണ്. വിശുദ്ധ ഖുര്‍ആനിലെ 26 ആയത്തുകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നും ഉത്തര്‍പ്രദേശിലെ മുഴുവന്‍ മുസ്‌ലിം മദ്രസകളും ഭീകര കേന്ദ്രങ്ങളാണെന്നും അവ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് ഇയാള്‍. ‘രാം കി ജന്മഭൂമി’ എന്ന സിനിമയുടെ നിര്‍മാതാവുമാണ് ഈ സംഘ് സഹയാത്രികന്‍. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്ത വ്യക്തികൂടിയാണ് ഇയാള്‍.
ന്യൂനപക്ഷ മത സമുദായങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുന്നതില്‍ ഭരണഘടനാവിരുദ്ധമായി യാതൊന്നുമില്ല. ന്യൂനപക്ഷം എന്ന സംജ്ഞകൊണ്ട് ഭരണഘടന വിവക്ഷിച്ചിട്ടുള്ളത് മതം, ഭാഷ എന്നിവയുടെ പേരിലുള്ള സമുദായങ്ങളെയാണ്. അനുച്ഛേദം 30 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മതത്തിന്റെയോ സമുദായത്തിന്റെ പേരുണ്ടാവുന്നത്‌കൊണ്ട് മാത്രം അവ വര്‍ഗീയമാണെന്ന് നിരീക്ഷിക്കുന്നത് ശരിയല്ല എന്ന നിലപാട് ലോകത്തെ വിവിധ രാജ്യങ്ങള്‍തന്നെ സ്വീകരിച്ചിട്ടുള്ളത്. ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങളും അടയാളങ്ങളും സാംസ്‌കാരിക മുദ്രകളും സ്വാഭാവികമായും സംരക്ഷിക്കപ്പെടും എന്നത്‌കൊണ്ട്തന്നെ അവര്‍ സംഘടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായ ജാഗ്രത കാണിച്ചില്ലെങ്കില്‍ അവരുടെ സാമുദായികമായ നിലനില്‍പ്പ് അവതാളത്തിലാകും. ഇന്നത്തെ ഇന്ത്യയില്‍ ഇക്കാര്യങ്ങള്‍ വളരെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പൗരത്വ വിഷയം ഉള്‍പ്പെടെ ന്യൂനപക്ഷ അവകാശങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണ്. മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കാനോ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനോ ഭരണാധികാരികളുടെ അനുമതി വേണമെന്ന നിലയിലെത്തിയിരിക്കുന്നു ഇന്ത്യയില്‍ കാര്യങ്ങള്‍. നമ്മുടെ രാഷ്ട്രശില്‍പികള്‍ ഇക്കാര്യളെല്ലാം മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് സ്വതന്ത്ര ഭാരതത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. രൂപീകരണ കാലം മുതല്‍ മതേതര ജനാധിപത്യ ബഹുസ്വര ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചൊരു പാര്‍ട്ടിയാണിത്. അന്നു മുതല്‍ ഒരേ ആശയവും ഒരേ കൊടിയും ഒരേ ചിഹ്നവും ഒരേ പതാകയുമായി ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 1952 ലെ ആദ്യ പാര്‍ലമെന്റ് മുതല്‍ മുസ്‌ലിംലീഗിന് പ്രാതിനിധ്യമുണ്ട്. 1952 മുതല്‍ രാജ്യസഭയിലും മുസ്‌ലിംലീഗുണ്ട്. അഭിനവ സംഘിക്കൂട്ടങ്ങള്‍ക്ക് ഒരുപക്ഷേ ഇതൊന്നും അറിയില്ലായിരിക്കാം. ഇത്തരം ഹര്‍ജികളുമായി ചെന്ന് കോടതിയില്‍നിന്ന് തോല്‍വി വാങ്ങുന്നതിനുമുമ്പ് മുസ്‌ലിംലീഗിനെ കുറിച്ച് പഠിക്കേണ്ടതുണ്ട്. മുസ്‌ലിംലീഗ് സഞ്ചരിച്ച വഴികളും ആളുകള്‍ നല്‍കിയ പിന്തുണയും മതേതര ഇന്ത്യയില്‍ മുസ്‌ലിംലീഗിന്റെ പ്രാധാന്യവും മനസ്സിലാക്കേണ്ടതുണ്ട്.

 

Chandrika Web: