X
    Categories: columns

യുനൈറ്റഡ് അറബ് ബീരാനും ഇ അഹമ്മദും

ഇ സാദിഖ് അലി

കഴിവുറ്റ എഴുത്തുകാരോടും കലാകാരന്‍മാരോടും സി.എച്ചിന് അപാരമായ ആദരവായിരുന്നു. സഹപ്രവര്‍ത്തകരുടെ കഴിവുകള്‍ കണ്ടെത്തുകയും കലവറയില്ലാതെ അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തി വലുതാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്തുണ കിട്ടിയവരുടെ കൂട്ടത്തില്‍പെട്ട രാഷ്ട്രീയ നേതാക്കളായ പ്രഗല്‍ഭ പത്രപ്രവര്‍ത്തകരാണ് കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ അഹമ്മദ്, മുന്‍ മന്ത്രിമാരായിരുന്ന യു.എ ബീരാന്‍, പി.എം അബൂബക്കര്‍, ഡോ. സി.എം കുട്ടി എന്നിവര്‍. നന്നേ ചെറുപ്പത്തില്‍ ചന്ദ്രികയെ നെഞ്ചേറ്റുകയും ജീവിതത്തിലുടനീളം വിശ്രമമെന്തെന്നറിയാത്ത പോരാളിയായിമാറുകയും ചെയ്ത ഇ അഹമ്മദ് പതിപ്പിച്ച കാലടിപ്പാടുകള്‍ ചന്ദ്രികയുടെ സമ്പന്നമായ ചരിത്രത്തിന്റെ ഏടുകളാണ്. റിപ്പോര്‍ട്ടര്‍, ലേഖകന്‍, കോളമിസ്റ്റ്, ഡയരക്ടര്‍ എന്നീ നിലകളിലദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇ അഹമ്മദിന്റെ ചന്ദ്രികയിലെ പത്രപ്രവര്‍ത്തനാരംഭത്തില്‍ ചില രസകരമായ സംഭവങ്ങളുണ്ടായി. മദിരാശിയില്‍ എ.ഐ.സി.സിയുടെ ആവടി സമ്മേളനം റിപ്പോര്‍ട്ട്‌ചെയ്യാന്‍പോയ കഥ പറഞ്ഞതിങ്ങനെ: ‘സമ്മേളനത്തിനെത്തുന്ന അബുല്‍ കലാം ആസാദിനെ കാണാനുള്ള കലശലായ മോഹമാണ് എന്നെയവിടെയെത്തിച്ചത്. വീട്ടില്‍ നിന്നനുമതി കിട്ടിയെങ്കിലും എങ്ങനെ പോകുമെന്നായിരുന്നു ചിന്ത. ചന്ദ്രികയുടെ പ്രതിനിധിയായി പോയാലെന്താ? എസ്.എസ്.എല്‍.സിയുടെ ആദ്യപരീക്ഷയില്‍ തോറ്റ് രണ്ടാമത് പരീക്ഷ ജയിച്ച് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ കയറാന്‍ കാത്തിരിക്കുന്ന അവസരത്തിലാണ് സി.എച്ച് ചന്ദ്രികയുടെ ഓതറൈസേഷന്‍ കാര്‍ഡ് തരുന്നത്. അതുമായി ആവടിയിലെത്തി. എങ്ങനെയൊക്കെയോ സമ്മേളന നഗറിലുമെത്തിപ്പറ്റി.

അന്നെനിക്കറിയാമായിരുന്ന മുറിയന്‍ ഉര്‍ദു ഭാഷയുപയോഗിച്ച് പ്രസ്സ് ബ്ലോക്കിലുമെത്തിപ്പെട്ടു. റിപ്പോര്‍ട്ട് കുറിക്കുകയെന്നതായിരുന്നില്ല എന്റെ ഉദ്ദേശം. ഞാനേറ്റവും മതിപ്പോടെ വീക്ഷിച്ചിരുന്ന മൗലാന അബുല്‍ കലാം ആസാദിനെ കാണുകയായിരുന്നു. ചന്ദ്രികയുടെ കാര്‍ഡുപയോഗിച്ച് പത്രക്കാരുടെ ബ്ലോക്കിലിരുന്ന് സാമാന്യം അടുത്ത്‌നിന്ന്തന്നെ കണ്‍കുളിര്‍ക്കെ മൗലാന ആസാദിനെ കാണാന്‍ കഴിഞ്ഞു. നെഹ്‌റുവും ടിറ്റോയുമെല്ലാം അന്നുണ്ടായിരുന്നു. കാമരാജ് നാടാറായിരുന്നു സംഘാടകന്‍. ഒരു ഉര്‍ദു വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് ആസാദ് ആവടിയില്‍ ചെയ്ത പ്രസംഗമൊന്നും മനസ്സിലായില്ല. തനി പാര്‍ഴ്‌സിയും അറബിയും കലര്‍ന്നതായിരുന്നു പ്രസംഗം. ചന്ദ്രികക്ക് ഒരു ദിവസം റിപ്പോര്‍ട്ടയച്ചു. അഞ്ചാം ദിവസം മടങ്ങിയത്‌കൊണ്ട് പിന്നെയൊന്നും അയച്ചില്ല. ഇതറിഞ്ഞ സി.എച്ച് ചോദിച്ചു. ‘പ്രത്യേക ലേഖകനെ കണ്ടവരുണ്ടോയെന്ന പരസ്യം കൊടുക്കണോ, അതോ പ്രത്യേക ലേഖകന്‍ മരിച്ചുപോയോ’?

1957ല്‍ ഇ അഹമ്മദ് ബ്രണ്ണന്‍ കോളജില്‍ ബി. എക്ക് പഠിക്കുമ്പോഴാണ് സി.എച്ച് അദ്ദേഹത്തെ ചന്ദ്രിക പത്രാധിപ സമിതിയിലേക്ക് ക്ഷണിക്കുന്നുത്. ആ കത്തിലെ സി.എച്ചിന്റെ വാചകങ്ങള്‍ അഹമ്മദ് രേഖപ്പെടുത്തി: ‘ചന്ദ്രിക സ്റ്റാഫിലുണ്ടായിരുന്ന പലരും മറ്റു ജോലികള്‍ കിട്ടിയത് കൊണ്ട് വിട്ടു.’ഉപ്പാപ്പ’യെന്ന് വിളിക്കാറുള്ള അബ്ദുല്‍ ഖയ്യും രോഗബാധ മൂലം കിടപ്പിലാണ്. കോളജ് പൂട്ടിയാല്‍ ചന്ദ്രിക പത്രാധിപ സമിതിയില്‍ ചേരണം. സമ്മര്‍ വെക്കേഷന്‍ കഴിഞ്ഞ് കോളജ് തുറക്കുമ്പോള്‍ മടങ്ങാം’. ആ കത്തിലെ, മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന പ്രസക്ത ഭാഗം വിവരിച്ചതിങ്ങനെ: ‘സമുദായത്തിന്റെ ഈ പ്രസ്ഥാനത്തില്‍ ആരെയെങ്കിലും പിടിച്ച് കയറ്റാനാവില്ലല്ലോ. നമ്മുടെ നയവും പരിപാടിയും ആശയവും ആദര്‍ശവും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നില്ലെങ്കിലും ആഭിമുഖ്യമുണ്ടാവണമല്ലോ. തത്കാലം അങ്ങനെ ആരെയും കിട്ടാനില്ല’. സി.എച്ചിന്റെ ഈ കത്ത് കിട്ടിയപ്പോള്‍ മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയെന്ന ഉത്തരവാദിത്വത്തോടൊപ്പം സഹപത്രാധിപ ജോലിയും നിര്‍വഹിച്ച് അഹമ്മദ് ബി.എ പൂര്‍ത്തിയാക്കി. പിന്നീട് എഫ്.എല്‍ പരീക്ഷ പാസ്സായി കെ.എം സീതി സാഹിബിന്റെ ഉപദേശ പ്രകാരം തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നപ്പോഴും കുറെ കാലം ചന്ദ്രികയുടെ നിയമസഭാ ലേഖകനായിരുന്നു ഇ അഹമ്മദ്.

1960 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു കേരളം സന്ദര്‍ശിച്ചപ്പോള്‍ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളത്ത് നിയമ വിദ്യാര്‍ത്ഥിയായിരുന്ന ഇ അഹമ്മദിനെയാണ് സി. എച്ച് ചുമതലപ്പെടുത്തിയത്. 1955 ല്‍ കണ്ണൂരില്‍ നടന്ന ജില്ലാ ലീഗ് മാച്ചുകളിലെ വിശദവാര്‍ത്ത ചന്ദ്രികക്ക് നല്‍കിയാണ് അദ്ദേഹം പത്രപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തികഞ്ഞ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന യു.എ ബീരാനെ ‘ഇതാണ് നമ്മുടെ യുനൈറ്റഡ് അറബ് ബീരാന്‍ സാഹിബ്’ ജോലി കിട്ടി ചന്ദ്രികയിലെത്തിയ ഏ.എം കുഞ്ഞിബാവക്ക് പത്രാധിപ സമിതിയിലംഗമായിരുന്ന യു.എ ബീരാനെ സി.എച്ച് പരിചയപ്പെടുത്തിയതങ്ങനെയാണ്.

അദ്ദേഹത്തിന്റെ യു.എ യെന്ന ഇനീഷ്യലിന് സി.എച്ച് നല്‍കിയിരുന്ന എക്‌സ്പാന്‍ഷനതായിരുന്നു. വിശ്വവിഖ്യാത സാഹിത്യകാരന്‍മാരുടെ ചെറുകഥകള്‍ തര്‍ജമ ചെയ്ത്‌കൊണ്ടാണ് യു.എ ബീരാന്‍ ചന്ദ്രികയുമായടുക്കുന്നത്. വാരികയിലിതച്ചടിച്ച് വരികയും ചെയ്തു. ഇത് തുടരവെയാണ് ബോംബെയില്‍ ചന്ദ്രികയുടെ പ്രത്യേക പ്രതിനിധിയായി സി.എച്ച് അദ്ദേഹത്തെ നിയമിക്കുന്നത്. മാനേജിങ് ഡയരക്ടറായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും ക്ഷണപ്രകാരം യു.എ ബീരാന്‍ പിന്നീട് ചന്ദ്രികയില്‍ ചേരുകയായിരുന്നു. പത്രപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ബോംബെയില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ റിപ്പോര്‍ട്ടറായാണ് തുടക്കം.1950 കളുടെ ആരംഭം മുതല്‍ പഠനാര്‍ഹമായ ലേഖനങ്ങളും കഥകളും ചന്ദ്രികയിലെഴുതി. ചെറുകഥ, യാത്രാവിവരണം, ജീവചരിത്രം, വിവര്‍ത്തനം എന്നീ സാഹിത്യ മേഖലകളിലാണദ്ദേഹം വ്യാപരിച്ചത്. കൂടാതെ വിവിധ വിഷയങ്ങളെക്കുറിച്ച് എണ്ണമറ്റ ലേഖനങ്ങള്‍ വേറെയും. ‘കുപ്പിവളകള്‍’, ‘ട്യൂട്ടര്‍’ ‘അറബ് രാജ്യങ്ങളും യൂറോപ്പും’ ‘നജീബിന്റെ ആത്മകഥ’ തുടങ്ങിയവയിലെ അവതരണ സവിശേഷതയിലും വായനക്കാരനാഭിമുഖ്യവും അനുഭാവവും തോന്നുന്ന സാഹിത്യഭാഗ്യമിതില്‍ തുടിച്ച്‌നിന്നു.

യു.എ ബീരാന്‍ എന്ന പേര് സി.എച്ചിന്റെ ഭാഷയില്‍ ‘യുനൈറ്റഡ് അറബ് ബീരാന്‍ സാഹിബ്’ എന്നായി മാറാനുണ്ടായ കാരണം പിന്നീട് മനസ്സിലാക്കിയ ഏ.എം കുഞ്ഞിബാവ പറഞ്ഞു: ‘ആ ഇനീഷ്യല്‍ മാറ്റത്തിന്റെ പിന്നില്‍ മധ്യപൗരസ്ത്യദേശത്തെ സംബന്ധിച്ച ബീരാന്‍ സാഹിബിന്റെ അഗാധമായ അറിവിന്റെയും അപാരമായ അവബോധത്തിന്റെയും അതിവിപുലമായ പഠനത്തിന്റെയും പ്രകടിതമായ ഒരംഗീകാരമാണുണ്ടായിരുന്നത്. പരിവര്‍ത്തനത്തിന്റെ മാര്‍ഗത്തിലന്ന് മധ്യപൗരസ്ത്യ ദേശത്തെ രാജ്യങ്ങളില്‍ നടക്കുന്ന സ്‌ഫോടനാത്മകമായ വിപ്ലവപ്രവര്‍ത്തനങ്ങളും ഭരണമേധാവിത്വവും പാശ്ചാത്യ ശക്തികളും അവയെ അതിജീവിച്ച്‌കൊണ്ടവിടെ ഉയര്‍ന്നുവരുന്ന വിമോചന വീര്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പും അക്കാലത്ത് ബീരാന്‍ സാഹിബിനെപ്പോലെ മനസ്സിലാക്കിയവര്‍ അപൂര്‍വമായിരുന്നു. ഇവ്വിഷയകമായി അന്നദ്ദേഹം ചന്ദ്രികയിലെഴുതിയിരുന്ന ലേഖനങ്ങളും മുഖപ്രസംഗങ്ങളുമെല്ലാം ഇതിന് വ്യക്തമായ തെളിവുകളാണ്. മധ്യപൗരസ്ത്യ ദേശത്തെ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വായനക്കാരുടെ മുമ്പില്‍ വ്യക്തമായി അവതരിപ്പിക്കുന്നതിലും സ്വന്തമായൊരു കാഴ്ചപ്പാടുള്ള പ്രഗല്‍ഭനായൊരു ‘കോളമിസ്റ്റ്’ ആയിരുന്നു അദ്ദേഹം’.

സഞ്ചാരസാഹിത്യ പ്രേമികള്‍ക്കും ചരിത്രാന്വേഷണകുതുകികള്‍ക്കും ഉള്‍പ്പുളകമുള്‍ക്കൊള്ളാനുതകുന്ന ലേഖനങ്ങളും പ്രതിഭാധനനായൊരു കഥാകൃത്തിന്റെ ഭാവനാവിലാസം പ്രകടമാകുന്ന ചെറുകഥകളുമൊക്കെ അദ്ദേഹത്തിന്റെ തൂലികയിലൂടെ ചന്ദ്രികയെ ധന്യമാക്കി. കരുത്തുറ്റ ഭാഷാശൈലിക്കുടമയായ യു.എ ബീരാന്റെ ലേഖനങ്ങളും മുഖപ്രസംഗങ്ങളുമൊക്കെ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

 

Test User: