ഇ സാദിഖ് അലി
സി.എച്ചിനെതിരെയുള്ള തെരഞ്ഞെടുപ്പ് കേസ്സില്‍ വിധി പ്രസ്താവിച്ച് ഹൈക്കോടതി ജഡ്ജി ഇങ്ങനെ പരാമര്‍ശിക്കുകയുണ്ടായി: ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം കോയ എന്ന് പറഞ്ഞാല്‍ ‘ചന്ദ്രിക’ യും ‘ചന്ദ്രിക’ എന്നാല്‍ കോയയുമാണ്’. സുപ്രീംകോടതി ആ വിധി പിന്നീട് തള്ളിക്കളഞ്ഞെങ്കിലും ചന്ദ്രികയും സി.എച്ചും തമ്മിലുള്ള ബന്ധം ജഡ്ജിയുടെ പരാമര്‍ശത്തില്‍നിന്ന് വ്യക്തമാണ്. ബന്ധങ്ങളും സമ്പര്‍ക്കങ്ങളും സുദൃഢമാക്കാനും വിശാലമാക്കാനും എഴുത്തില്‍ പരിശീലനം നേടാനും ആഴ്ചപ്പതിപ്പ് പലര്‍ക്കും വളരെയധികം ഉപകാരപ്പെട്ടു. സാഹിത്യകാരന്‍മാരെ കണ്ട്പിടിക്കലും പരിശീലിപ്പിക്കലും പത്രാധിപരുടെ ജോലിയാണെന്ന് സി.എച്ച് വിശ്വസിച്ചു. അതിന്‌വേണ്ടി കഠിനമായി പ്രയത്‌നിച്ചു. ‘ദുനിയാവിന്റെ ചെറിയ കഷ്ണമായ അഖില കേരളത്തിന്റെ പ്രധാന പൊലീസ് മന്ത്രി’യെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ ഉള്‍ക്കിടിലത്തോടെ വിശേഷിപ്പിച്ച സി.എച്ച് എണ്ണമറ്റ പ്രതിഭകളെ സൃഷ്ടിച്ച് അത്ഭുതങ്ങള്‍ കാട്ടി. ചരിത്ര കേരളത്തിനൊരിക്കലും മറക്കാനാവാത്ത പ്രവര്‍ത്തനം നടത്തിയ പി.എ സെയ്ത് മുഹമ്മദ് എന്ന സ്വതന്ത്ര ചിന്തകനായ ചരിത്ര ഗവേഷകന്റെ നിസ്സീമമായ കഴിവ് പ്രകടമാക്കുന്നതിന് വേദിയൊരുക്കിക്കൊടുത്ത സി. എച്ച് അമ്പതുകളില്‍ ആസ്വാദകരിലനുഭൂതി നല്‍കിയ കവികള്‍ക്കും കൂട്ട്‌നിന്നപ്പോള്‍ ആഴ്ചപ്പതിപ്പിന്റെ താളുകള്‍ മാത്രമല്ല സമ്പന്നമായത്. കാലയവനികക്കുള്ളില്‍ മറഞ്ഞുപോയവരും അല്ലാത്തവരും അതില്‍ പെടും.
കാവ്യമയമുള്ള ഓജസ്സുറ്റ ശൈലിയില്‍ യാത്രാനുഭവങ്ങളുടെ ആനന്ദം അനുവാചകന് ആവോളം നല്‍കിയ എസ്.കെ പൊറ്റക്കാട്, സാമൂഹ്യ പരിഷ്‌കരണം ഉന്നംവെച്ച് കഥകളെഴുതിയ എന്‍.പി മുഹമ്മദ്, കലാ സൗന്ദര്യത്തിന്റെ അനശ്വര സ്മാരകങ്ങള്‍ തീര്‍ത്ത എം.ടി വാസുദേവന്‍ നായര്‍, നാട്ടിന്‍ പുറത്തിന്റെ നന്മകളും കര്‍ഷക ജീവിതത്തിന്റെ ആനന്ദവും പ്രകൃതി മനോഹാരിതയും പ്രതിപാതിക്കുന്നതിനിടയില്‍ പ്രേമത്തിന്റെ ഇക്കിളിയും സ്‌നേഹത്തിന്റെ പൂത്തിരിയും ഘടിപ്പിച്ച തെരുവത്ത് രാമന്‍, മണ്ണാലത്ത് ശ്രീധരന്‍, നവീനമായ ആത്മപ്രകാശന ശൈലി ആവിഷ്‌കരിച്ച എഴുത്തുകാരുടെ മുന്‍നിരയില്‍ 1960 കളില്‍ തന്നെ സ്ഥാനമുറപ്പിച്ച എം മുകുന്ദന്‍, നല്ലതിന്റെയും നല്ലവരുടെയും ലോകങ്ങളിലേക്ക് നോക്കാനുള്ള സൗഭാഗ്യകരമായ സിദ്ധി നേടിയ പൊന്നാനിക്കാരായ ഉറൂബ്, ഇടശ്ശേരി, സാഹിത്യത്തില്‍ നിലയുറപ്പിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള, കലാ സാഹിത്യശാഖക്ക് പുതിയ സ്വരവും ഭാവവും മുഖവും നല്‍കിയ യു.എ ഖാദര്‍, ഭാവഗാനത്തിന്റെ ചാരുത കൈവരുത്തിയ ടി. പത്മനാഭന്‍, കഥാസാഹിത്യത്തില്‍ പുതിയൊരു സൗന്ദര്യതലം സൃഷ്ടിച്ച പള്ളിക്കര വി.പി, ഖലീല്‍ ജിബ്രാന്റെ സാഹിത്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ, പില്‍ക്കാലത്ത് ചന്ദ്രികയുടെ മാനേജിങ് ഡയക്ടറായിവന്ന സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഈ പട്ടികയില്‍ പെടും. സാര്‍വകാലികവും സാര്‍വ ലൗകികവുമായ വിഷയങ്ങള്‍ക്ക് പ്രാധാന്യംനല്‍കി ചന്ദ്രികയിലൂടെ സൂക്ഷ്മമായ ആവിഷ്‌കാരം നടത്തിയവരാണ് കേശവദേവും മുട്ടത്ത് വര്‍ക്കിയും പി.എ മുഹമ്മദ് കോയയും ഉറൂബും തകഴിയും വെട്ടൂരുമെല്ലാം.
ആഴ്ചപ്പതിപ്പിന്റെ ആരംഭകാലത്ത് പഴയ തലമുറക്കാരും പുതിയ തലമുറക്കാരുമായ ഒരു കൂട്ടം കഥാകൃത്തുക്കള്‍ അതിലണിനിരന്നപ്പോള്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഇതര മത വിഭാഗങ്ങള്‍ക്കും ഇഷ്ട വാരികയായി അത് മാറി. അങ്ങനെ സാമൂഹ്യ ജീവിതത്തില്‍ പുതിയൊരു യുഗം ആഗ്രഹിച്ചവര്‍ക്കൊക്കെ ചന്ദ്രിക വേദിയൊരുക്കി കൊടുത്തു. എസ്.വി സൈനുദ്ദീന്‍ (സൈന്തവന്‍) ഹാസ്യ സാഹിത്യത്തില്‍ പകരക്കാരനില്ലാതെ വിളയാടി. എലത്തൂര്‍ നിവാസിയായ ഉസ്മാന്‍ കോയ (മിയാന്‍) എന്ന തൂലികാനാമത്തില്‍ ഹാസ്യപംക്തി കൈകാര്യം ചെയ്തതും ഇതേ കാലഘട്ടത്തിലായിരുന്നു. വേളൂര്‍ കൃഷ്ണന്‍ കുട്ടിയും തിക്കോടിയനും നര്‍മ സല്ലാപവുമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ചിരിയുടെ മൂടി തുറന്ന് ‘സരസന്‍’, ‘വികടന്‍’എന്നീ തൂലികാ നാമത്തില്‍ വി.സി അബൂബക്കറും നര്‍മത്തിന്റെ അത്തര്‍ പൂശിയ അക്ഷരങ്ങളുമായി പത്രാധിപര്‍ സി.എച്ചും ഇവര്‍ക്ക് പിന്തുണയേകി.
ചന്ദ്രികയോട് ഏറെ കടപ്പെട്ടവരാണ് കഥാകൃത്തുക്കള്‍. ചന്ദ്രികയില്‍നിന്നാണ് പലര്‍ക്കും പ്രഥമ പ്രതിഫലം കിട്ടിയതെന്ന് അവര്‍ തന്നെ പല വേദികളില്‍ പറയുകയും ചിലയിടങ്ങളില്‍ എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്. എം.ടി വാസുദേവന്‍ നായരും ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ലയും ടി പത്മനാഭനും യു.എ ഖാദറും തുടങ്ങി ഒട്ടനവധി പേര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. യു.എ ഖാദറിന്റെ വളര്‍ച്ചയില്‍ ചന്ദ്രികയുടെ പങ്ക് ചെറുതല്ല. 1952 ലാണ് ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ എന്ന കഥ ചന്ദ്രിക ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കഥയാണ് ‘പാംബൂച്ചിക്കുഞ്ഞിന്റെ കല്യാണം’ ചന്ദ്രിക പ്രസിദ്ധീകരിച്ച് പത്ത് വര്‍ഷത്തിന് ശേഷമാണ് ‘റസിയ സുല്‍ത്താന’എന്ന നോവല്‍ ചന്ദ്രിക പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലും ഇതായിരുന്നു. ആഴ്ചപ്പതിപ്പിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ യു.എ ബീരാനും ടി.ജി നെടുങ്ങാടിയും എന്‍.ഇ.ഐ അഹമ്മതും എം.വി ദേവനും കെ. പി.എം ആലി ആലുവയും ചന്ദ്രികയിലൂടെ വളര്‍ന്നവരാണ്. നൂറുകണക്കിന് കഥകള്‍ ചന്ദ്രികക്ക് നല്‍കിയ ഹബീബ് വലപ്പാട് വാരികയെ ഒരിക്കലും മറക്കാത്ത കഥാകൃത്താണ്.
വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു 1980 കളുടെ സ്വാതന്ത്ര്യ ദിനപ്പതിപ്പുകള്‍. അതിലണിനിരന്ന എഴുത്തുകാര്‍ വി.എസ് കേരളീയന്‍, പി.എ സെയ്തുമുഹമ്മദ്, എം ഗോവിന്ദന്‍ കുട്ടി, എസ്.എം സര്‍വര്‍, വിനയന്‍, എ പോള്‍, എ.പി.എ സാദിഖ്, തെരുവത്ത് രാമന്‍, കെ ഹംസത്ത്, ഇ.പി സുമിത്രന്‍, ടി.എം പുരുഷോത്തമന്‍, അബ്ദുല്‍ ഖാദര്‍ ഖാരി, പി.കെ ശരത്കുമാര്‍ എന്നിവരാണെങ്കില്‍ പിന്നീട് വന്ന പതിപ്പുകളില്‍ എ.എന്‍.പി ഉമ്മര്‍ കുട്ടി, എന്‍.വി കൃഷ്ണവാരിയര്‍, എ.പി.പി നമ്പൂതിരി, പി.സി കുട്ടികൃഷ്ണന്‍, ഒ അബു, സി കൃഷ്ണന്‍ നായര്‍, പ്രൊഫ. സയ്യിദ് മുഹിയുദ്ധീന്‍ ഷാ, വി.ആര്‍ കൃഷ്ണയ്യര്‍, കെ.എ കൊടുങ്ങല്ലൂര്‍, ഇ വാസു, തിക്കോടിയന്‍, ഡോ. സി.കെ കരീം, മുഷ്താഖ് തുടങ്ങിയവര്‍ സ്ഥിരം എഴുത്തുകാരാവുകയായിരുന്നു.
ഈ കാലയളവിലെ ആദ്യത്തെ കഥകളെക്കുറിച്ചന്വേഷിക്കുമ്പോള്‍ കണ്ടെത്തുന്നത് യു.എ ബീരാന്‍ ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിച്ച ആന്റന്‍ ചെക്കോവിന്റെ ‘ട്യൂട്ടര്‍’ എന്ന കഥാ വിവര്‍ത്തനമാണ്. ടി പത്മനാഭന്റെ ‘ജീവിതത്തിലെ ഒരേട്’ മറ്റൊരു കഥയായ ‘ഫിലോസഫര്‍’, ‘മലയാളി സര്‍വന്റ്’എന്നിവ വായിക്കാന്‍ തുടങ്ങിയാല്‍ മുഴുമിപ്പിക്കാതെ അവസാനിപ്പിക്കില്ല. അത് വായിച്ച് തീര്‍ക്കുംവരെ ഒറ്റയിരുപ്പായിരിക്കും. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ‘കേത്തുപാറ്റി’ന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്‍ടുപ്പാപ്പാക്ക് ഒരാനേര്‍ണ്ടാന്ന്’ എന്ന കഥയുടെയും പാലാ നാരായണന്‍ നായരുടെ ‘മനുഷ്യന്‍’ എന്ന കൃതിയുടെയും എം ഗോവിന്ദന്റെ ‘അന്വേഷണത്തിന്റെ ആരംഭ’ത്തിന്റെയും നിരൂപണങ്ങള്‍ക്ക് കോളങ്ങളും പേജുകളും നല്‍കിയത് ചന്ദ്രിക തന്നെയായിരുന്നു. സി.എച്ചിന്റെ ‘ഇന്ത്യാ ചരിത്രവും’, എം.വി ദേവന്റെ റേഡിയോ നാടകവും എം.ജി.എസ് നാരായണന്റെ ‘ജീവിക്കുന്ന രക്തസാക്ഷികള്‍’എന്ന കവിതയും ചന്ദ്രികയില്‍ തന്നെയാണ് അച്ചടിച്ച് വന്നത്. ഒട്ടേറെ യുവപ്രതിഭകളുടെ സൃഷ്ടികളും ചന്ദ്രികയിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.