X

ചന്ദ്രിക 85-ാം വാര്‍ഷികാഘോഷ പരിപാടികള്‍ 26ന് തലശേരിയില്‍ ആരംഭിക്കും

തലശ്ശേരി: ഒരു ജനതയുടെ അസ്തിത്വത്തിന് ധിഷണയുടെ കരുത്ത് പകര്‍ന്ന ചന്ദ്രികയുടെ 85-ാം ജന്മവാര്‍ഷീകാഘോഷപരിപാടികള്‍ക്ക് ജന്മനാടായ തലശേരിയില്‍ മാര്‍ച്ച് 26ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ടും ചന്ദ്രിക മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 2020 മാര്‍ച്ചില്‍ കോഴിക്കോട് സമാപിക്കുന്ന ആഘോഷ പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. മാധ്യമ-ചരിത്ര സെമിനാറുകള്‍, സ്‌നേഹാദരങ്ങള്‍, പ്രദര്‍ശനങ്ങള്‍, കുടുംബസംഗമങ്ങള്‍, പൈതൃക യാത്രകള്‍ തുടങ്ങി നിരവധി പരിപടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ചന്ദ്രികയുടെ ചരിത്രവും സംഭാവനയും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും തെരഞ്ഞെടുത്ത മുഖപ്രസംഗങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിക്കും. ചന്ദ്രികയെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിക്കും.
26ന് നടക്കുന്ന ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് നടക്കുന്ന സ്‌നേഹാദരം പരിപാടിയില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചന്ദ്രികയുടെ പഴയകാല ഡയറക്ടര്‍മാര്‍, കുടുംബാംഗങ്ങള്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍, അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍, പ്രചാരകര്‍ തുടങ്ങിയവരെ ആദരിക്കും. മറ്റു ജില്ലകളിലുള്ളവരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ആദരിക്കും.
85-ാം വാര്‍ഷികാഘോഷ ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം തലശേരി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ചന്ദ്രിക കണ്ണൂര്‍ യൂനിറ്റ് ഗവേണിംഗ് ബോഡി ചെയര്‍മാനുമായ വികെ അബ്ദുള്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ചന്ദ്രിക എഡിറ്റര്‍ സിപി സെയ്തലവി പരിപാടികള്‍ വിശദീകരിച്ചു. അഡ്വ.എസ് മുഹമ്മദ്, എന്‍എ അബൂബക്കര്‍ മാസ്റ്റര്‍, അഡ്വ.പിവി സൈനുദ്ദീന്‍, കെടി സഹദുല്ല, അഡ്വ.കെഎ ലത്തീഫ്, കെപി താഹിര്‍, എംപിഎ റഹിം, എംഎ കരീം, എകെ അബൂട്ടി ഹാജി, എപി മഹമൂദ്, വി നാസര്‍ മാസ്റ്റര്‍, സി അബ്ദുള്ള, എന്‍ മഹമൂദ്, സികെപി മമ്മു, അഡ്വ.അഹമ്മദ് മാണിയൂര്‍ സംസാരിച്ചു. അഡ്വ.അബ്ദുല്‍ കരീം ചേലേരി സ്വാഗതവും വിപി വമ്പന്‍ നന്ദിയും പറഞ്ഞു.
വികെ അബ്ദുല്‍ ഖാദര്‍ മൗലവി, കെഎം ഷാജി എംഎല്‍എ, സിടി അഹമ്മദലി, അബ്ദുറഹിമാന്‍ കല്ലായി എന്നിവര്‍ രക്ഷാധികാരികളും പൊട്ടങ്കണ്ടി അബ്ദുല്ല ചെയര്‍മാനും എംസി ഖമറുദ്ദീന്‍, എകെ അബൂട്ടി ഹാജ വര്‍ക്കിംങ്ങ് ചെയര്‍മാന്‍മാരായും അഡ്വ.കെഎ ലത്തീഫ്, എ അബ്ദുല്‍ റഹിമാന്‍ കണ്‍വീനര്‍മാരായും അഡ്വ.പിവി സൈനുദ്ദീന്‍ ട്രഷറര്‍ ആയും സ്വാഗതസംഘം രൂപികരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: