തലശ്ശേരി: ചന്ദ്രിക 85-ാം വാര്‍ഷികാഘോഷത്തിന് തലശ്ശേരിയില്‍ തുടക്കം.നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടക്കുക.
ചരിത്ര സെമിനാര്‍, തലമുറ സംഗമം, ചന്ദ്രിക ഫെസ്റ്റ്, റീഡേഴ്‌സ് ഫോറം, സാംസ്‌കാരിക സംവാദം തുടങ്ങിയ വിവിധ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. കേരളത്തിനകത്തും ഗള്‍ഫിലുമായാണ് പരിപാടികള്‍ നടക്കുക. ചന്ദ്രികയുടെ ചരിത്രവും സംഭാവനകളും നിര്‍മ്മിച്ചെടുത്ത സാമൂഹിക പരിസരം വിലയിരുത്തുന്ന വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും.
ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രികയുടെ തുടക്കം തൊട്ട് ജോലി ചെയ്തവരെയും മണ്‍മറഞ്ഞ ജീവനക്കാരുടെ ബന്ധുക്കളെയും ആദരിച്ചു. ചന്ദ്രികയുടെ ആരംഭത്തില്‍ പത്രത്തിന്റെ നടത്തിപ്പിനായി ഭാര്യയുടെ കെട്ടുതാലി പണയം വെച്ച തലശ്ശേരിയിലെ ശങ്കുണിയുടെ കുടുംബം മുതല്‍ വിരമിച്ച ലേഔട്ട് ആര്‍ട്ടിസ്റ്റ് ശ്രീധരന്‍ കണ്ണൂക്കര വരെയുള്ളവരെ ചടങ്ങില്‍ ആദരിച്ചു. തെരഞ്ഞെടുപ്പ് ചൂടിനിടയിലും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരാല്‍ ധന്യമായ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.
ചന്ദ്രിക പ്രചാരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച കൂത്തുപറമ്പ്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു. പികെ കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷത വഹിച്ചു. ചന്ദ്രിക എഡിറ്റര്‍ സിപി സൈതലവി ആഘോഷ പരിപാടി വിശദീകരിച്ചു.
സ്‌നേഹാദരം കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് സമദാനി, ഡോ.എ.എന്‍.പി. ഉമ്മര്‍കുട്ടി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് മുഹമ്മദ് നജീബ്, അബ്ദുറഹ്മാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരിം ചേലേരി, എ അബ്ദുല്‍ റഹ്മാന്‍, പൊട്ടങ്കണ്ടി അബ്ദുല്ല, വിപി വമ്പന്‍, അഡ്വ. കെഎ ലത്തീഫ്, അഡ്വ.പിവി സൈനുദ്ദീന്‍, റോഷ്‌നി ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളും പോഷക സംഘടനാഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
അക്ഷര നഗരിയില്‍ ചന്ദ്രിക 85-ാം വാര്‍ഷികാഘോഷത്തിന് തുടക്കം
Tags: chandrikachandrikadaily