ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രംലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം ഇന്ന് അവസാനിപ്പിക്കേണ്ടി വരും. ചന്ദ്രനില്‍ പകല്‍ അവസാനിക്കുന്നതിനാലാണ് ഇത് . അതേസമയം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലെ എട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ദക്ഷിണധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രംലാന്‍ഡറിനും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും മീതെ ഇരുട്ട് വീഴ്ത്തി ചന്ദ്രനില്‍ രാത്രിയാവുകയാണ്. 13 ദിവസവും 16 മണിക്കൂറും നീണ്ട് നിന്ന ചന്ദ്രനിലെ പകല്‍ ഇന്ന് വൈകിട്ടോടെ അവസാനിക്കും. വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം ഇതോടെ അവസാനിപ്പിക്കേണ്ടി വരും. സോളാര്‍ പാനലുകളിലെ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറില്‍ ഏതെങ്കിലും സംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ചന്ദ്രനില്‍ രാത്രിയായി ഇരുള്‍ പരക്കുന്നതോടെ അതും നിശ്ചലമാകും. ധ്രുവപ്രദേശമായതിനാല്‍ സൂര്യപ്രകാശം ഇവിടെ നിന്ന് നേരത്തേ പിന്‍വലിയും. സ്വയം ഭ്രമണം ചെയ്യുന്ന ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ഭാഗം വീണ്ടും സൂര്യനെ നേരെ എത്താന്‍ 13 ദിവസങ്ങളെടുക്കും. ഈ സമയത്ത് ഈ ഭാഗത്തെ താപനില മൈനസ് 183 ഡിഗ്രിവരെയെത്തും ഇതോടെ വിക്രം ലാന്‍ഡര്‍ നശിക്കാനുള്ള സാധ്യതയാണ് ഏറെയും. അതേസമയം ദക്ഷിണധ്രുവത്തിന് മുകളിലൂടെ ഭ്രമണം ചെയ്ത നാസയുടെ ലൂണാര്‍ റിക്കോണിസന്‍സ് ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡര്‍ ഉണ്ടെന്ന് കരുതുന്ന പ്രദേശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. പക്ഷേ ക്യാമറയുടെ പരിധിയില്‍ വിക്രം ലാന്‍ഡര്‍ പെട്ടില്ലെന്നാണ് വിവരം.
ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഓര്‍ബിറ്റര്‍ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വിവിധ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി 8 ഉപകരണങ്ങളാണ് ഓര്‍ബിറ്ററിലുള്ളത്. ഇവ പൂര്‍ണ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിശ്ചയിച്ച രീതിയില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമെന്നും ഐഎസ്ആര്‍ ഒ അറിയിച്ചു. അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം നഷ്ടമായതിന്റെ കാരണം വിദഗ്ധര്‍ പഠിച്ചുവരികയാണ്.